
Jul 5, 2025
05:53 PM
ന്യൂഡല്‍ഹി: ശശി തരൂര്‍ അടഞ്ഞ അധ്യായമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്. ശശി തരൂരിനെതിരായ തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സ്‌നേഹമുള്ളതുകൊണ്ടാവാം ശശി തരൂര്‍ പ്രശംസിച്ചതെന്നും ഉദിത് രാജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തരൂരിന്റെ വാക്കുകള്‍ കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ ഇല്ലയോ എന്നത് കേരളനേതാക്കള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവര്‍ക്ക് പ്രധാനമന്ത്രി നല്‍കിയത് ശക്തമായ മറുപടിയെന്ന പനാമയിലെ പ്രസംഗത്തിലെ പരാമര്‍ശം ഉള്‍പ്പെടെ ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച എംപിയുടെ നടപടിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് തരൂര്‍ പെരുമാറുന്നത് ബിജെപി വക്താവിനെ പോലെയാണെന്ന് ഉദിത് രാജ് വിമര്‍ശിക്കുകയും ഈ എക്‌സ്‌പോസ്റ്റ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പങ്കുവെക്കുകയും ചെയ്തിരുന്നു.
ശശി തരൂര്‍ സൂപ്പര്‍ ബിജെപി വക്താവോ എന്നായിരുന്നു ഉദിത് രാജിന്റെ പോസ്റ്റിലെ പരിഹാസം. 1965 ല്‍ പാക്കിസ്ഥാനിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്ത്യന്‍ സൈനികര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ തരൂരിനെ ടാഗ് ചെയ്ത് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും പങ്കുവച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കാനുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമായി പനാമയില്‍ എത്തിയ തരൂര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും, ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നല്‍കുമെന്ന് വ്യക്തമായി എന്നും അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Congress Spokesperson Udit Raj against Shashi Tharoor