
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് നാളെ വൈകിട്ടോട് കൂടി മോക് ഡ്രില്‍ സംഘടിപ്പിക്കുക. കേന്ദ്ര സിവില്‍ ഡിഫന്‍സിന്‌റെ നേതൃത്വത്തിലാണ് നാല് സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ നടത്തുക. അതേ സമയം സംസ്ഥാനത്തിന്റെ അടിയന്തര തയ്യാറെടുപ്പ് പരിശോധിക്കുന്നതിനും പ്രതികരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായും ഹരിയാന സര്‍ക്കാര്‍ മെയ് 29 ന് വൈകുന്നേരം 5 മണി മുതല്‍ ഹരിയാനയിലെ 22 ജില്ലകളിലും 'ഓപ്പറേഷന്‍ ഷീല്‍ഡ്' സംഘടിപ്പിക്കും.
ഹരിയാന സിവില്‍ ഡിഫന്‍സിന്‌റെ നേതൃത്വത്തിലാണ് അഭ്യാസം നടത്തുക. അപ്രതീക്ഷിത ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളെ വേഗത്തിലും ഏകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ ലക്ഷ്യം. 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, ഓപ്പറേഷന്‍ അഭ്യാസിന്റെ ഭാഗമായി രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‌റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 244 ജില്ലകളിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം മോക്ക് ഡ്രില്ലുകള്‍ നടത്തിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനെതിരെ ഓപ്പറേഷന്‍ സിന്ദൂറുമായി ഇന്ത്യ രംഗത്തെത്തിയത്. ബഹവല്‍പൂര്‍, മുരിഡ്കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴിന് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു.നൂറിലധികം ഭീകരേറെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഉള്‍പ്പെടുന്നുണ്ട്.
content highlights: Mock drill tomorrow in 4 states bordering Pakistan, weeks after Op Sindoor