
ന്യൂഡല്‍ഹി: ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കാന്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടാനാകില്ലെന്ന് കോടതി. മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ച സൈനിക ഉദ്യോഗസ്ഥന്‍ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
മേജര്‍ ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നും ഇത് തെളിയിക്കാന്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കണമെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹര്‍ജി. ജനുവരി 25, 26 തീയതികളില്‍ പ്രസ്തുത ഹോട്ടലില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. അതിനാല്‍ ദൃശ്യങ്ങള്‍ എത്രയും വേഗം നൽകണമെന്നും ഹര്‍ജികാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയരായവരുടെ സ്വകാര്യത മാനിക്കണമെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതി ജഡ്ജി വൈഭവ് പ്രതാപ് സിങാണ് ഹര്‍ജി തള്ളിയത്. അതേ സമയം, കക്ഷി സമര്‍പ്പിച്ച വിവാഹമോചനകേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
മൂന്ന് മാസത്തിന് മുകളില്‍ തങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാറില്ലായെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് മറുപടിയായി സന്ദര്‍ശകരുടെ വ്യക്തി വിവരങ്ങള്‍ പുറത്ത് പറയാന്‍ പാടില്ലായെന്നും ദൃശ്യങ്ങളും വിവരങ്ങളും സംരക്ഷിക്കേണ്ടത് ഹോട്ടല്‍ അധികൃതരുടെ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വിവരങ്ങള്‍ പുറത്ത് പറയുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2018 ലെ വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട് വന്ന ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിത നിലവില്‍ വന്നപ്പോള്‍ വ്യഭിചാരകുറ്റം ഒഴിവാക്കിയെന്നും ലിംഗവിവേചനവും പുരുഷാധിപത്യ വീക്ഷണങ്ങള്‍ക്കും ആധുനിക ഭാരതത്തില്‍ സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.
Content Highlights- Hotel footage cannot be required to prove wife's extramarital affair; Court orders privacy to be respected