മുസ്‌ലിം ലീഗ് പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു; ചരിത്രത്തിൽ ആദ്യമായി വനിതാ പ്രാതിനിധ്യം

ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറെയും ഉള്‍പ്പെടുത്തി

dot image

ചെന്നൈ: ചരിത്രത്തിലാദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി മുസ്‌ലിം ലീഗ്. ചെന്നൈയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് വനിതകളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറെയും ഉള്‍പ്പെടുത്തി. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് ദേശീയ കൗൺസിൽ യോഗം നടന്നത്.

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങളും ദേശീയ കമ്മിറ്റിയിലെത്തി. ദേശീയ സെക്രട്ടറിയായാണ് മുനവ്വറലി തങ്ങളെ നിയോഗിച്ചത്. മുന്‍ എംഎല്‍എ ടിഎ അഹമ്മദ് കബീറിനെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കെപിഎ മജീദിനെ ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു. ഫൈസല്‍ ബാബുവും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി ദേശീയ കമ്മിറ്റിയിലെത്തി. ഹാരിസ് ബീരാനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. കെ സൈനുല്‍ ആബിദും പുതുതായി കമ്മിറ്റിയിലെത്തി.

ദേശീയ പ്രസിഡന്റായി തമിഴ്‌നാട് മുന്‍ എംപി പ്രൊഫ. കെ എം ഖാദര്‍ മൊയ്തീൻ തുടരും. രാഷ്ട്രീയ ഉപദേശക കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെയും തിരഞ്ഞെടുത്തു. പി കെ കുഞ്ഞാലിക്കുട്ടിയെ തന്നെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി. ഡോ. അബ്ദുസമദ് സമദാനിയെ സീനിയര്‍ വൈസ് പ്രസിഡന്റായും പി വി അബ്ദുല്‍ വഹാബിനെ നാഷണല്‍ ട്രഷററായും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാര്‍- കെപിഎ മജീദ്, എം അബ്ദുറഹ്മാൻ, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീർ ഇബ്രാഹിം ആഗ, നഈം അക്തർ, കൗസർ ഹയാത്ത് ഖാൻ, സൈനുൽ ആബിദീൻ.

ദേശീയ സെക്രട്ടറിമാര്‍- സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഖുർറം അനീസ് ഉമർ, നവാസ് കനി, അഡ്വ. ഹാരിസ് ബീരാൻ എം.പി, അബ്ദുൽ ബാസിത്, ടി.എ അഹമ്മദ് കബീർ, സി.കെ സുബൈർ

അസിസ്റ്റന്റ് സെക്രട്ടറിമാര്‍- ആസിഫ് അൻസാരി, അഡ്വ. ഫൈസൽ ബാബു, ഡോ.നജ്മുൽ ഹസ്സൻ ഗനി, ഫാത്തിമ മുസഫർ, ജയന്തി രാജന്‍, അഞ്ജനി കുമാർ സിൻഹ, എം.പി മുഹമ്മദ് കോയ

Content Highlights: 2 women include Muslim League national committee make history

dot image
To advertise here,contact us
dot image