'വിരമിക്കാന്‍ കാരണം മോശം ഫോമല്ല, രോഹിത്തിന് മറ്റൊരു ലക്ഷ്യമുണ്ട്'; വ്യക്തമാക്കി ബാല്യകാല കോച്ച്

വിരമിക്കുകയാണെന്ന തീരുമാനം രോഹിത് തിടുക്കത്തില്‍ എടുത്തതല്ലെന്നും ദിനേശ് ലാഡ്

dot image

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചതില്‍ പ്രതികരിച്ച് താരത്തിന്റെ ബാല്യകാല പരിശീലകന്‍ ദിനേശ് ലാഡ്. റെഡ് ബോള്‍ ഫോര്‍മാറ്റിലെ മോശം ഫോം കാരണമാണ് രോഹിത് വിരമിച്ചതെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. വിരമിക്കുകയാണെന്ന തീരുമാനം രോഹിത് തിടുക്കത്തില്‍ എടുത്തതല്ലെന്നും 2027ലെ ഏകദിന ലോകകപ്പാണ് താരത്തിന്റെ ലക്ഷ്യമെന്നും ലാഡ് വ്യക്തമാക്കി.

'വിരമിക്കുകയാണെന്ന തീരുമാനം രോഹിത് തിടുക്കത്തില്‍ സ്വീകരിച്ചതല്ല. മോശം ഫോമുമല്ല കാരണം. 2024 ടി20 ലോകകപ്പിന് ശേഷം ടി20 കളിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. പക്ഷേ മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്ത് ചെയ്യുന്നതാണ് തനിക്ക് ഏറ്റവും നല്ലതെന്ന് അദ്ദേഹം ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചിട്ടുണ്ടാകണം,' ദിനേശ് ലാഡ് പിടിഐയോട് പറഞ്ഞു.

'ഈ തീരുമാനത്തിന് വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനവുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്ത്യയ്ക്ക് യോഗ്യത നേടാനായില്ല. ഇനി മുന്നിലുള്ളത് 2027 ലോകകപ്പാണ്. 2027 ലോകകപ്പ് നേടി രോഹിത് വിരമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,' ലാഡ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നെന്ന തീരുമാനം അറിയിച്ചത്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് താരത്തിന്റെ പ്രഖ്യാപനം. രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ചത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. 'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്. ഇത്രയും വര്‍ഷം നിങ്ങള്‍ സമ്മാനിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും', രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlights: Rohit Sharma's childhood coach Dinesh Lad said after his ward's decision to retire from test match cricket

dot image
To advertise here,contact us
dot image