
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിലൂടെ സൈന്യം ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ഓപ്പറേഷന്‍ നടന്നതെന്നും രാജ്‌നാഥ് സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യം രാജ്യത്തിന് അഭിമാനമാണെന്ന് സേനയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
'പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മറുപടി നല്‍കി. നിരപരാധികളെ വേട്ടയാടിയവര്‍ക്കുള്ള ചുട്ട മറുപടിയാണിത്. നിഷ്‌കളങ്കരായ മനുഷ്യരെ വേട്ടയാടിയവര്‍ക്ക് മാത്രമാണ് മറുപടി നല്‍കിയത്. ജനവാസ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കിയിട്ടില്ല. ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് തകര്‍ത്തത്. ഇന്ത്യന്‍ സൈന്യം കൃത്യതയോടെയും ജാഗ്രതയോടെയും മനുഷ്യത്വത്തോടും കൂടി പ്രവര്‍ത്തിച്ചു', രാജ്‌നാഥ് സിങ് പറഞ്ഞു.
'എന്നെ ഉപദ്രവിച്ചവര്‍ക്ക് പകരം അവരെ മാത്രമേ ഞാന്‍ ഉപദ്രവിച്ചുള്ളു' എന്ന അശോക വനിയിലെത്തിയ സമയത്ത് ഹനുമാന്‍ കാണിച്ച മാതൃകയാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു. മന്ത്രിസഭാ സമിതി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഒമ്പത് ഭീകര ക്യാമ്പുകളില്‍ കൃത്യതയോടെ ആക്രമണം നടത്താന്‍ സാധിച്ചെന്നും അതിനാല്‍ ഭീകരരുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രത്യാക്രമണം എല്ലാവര്‍ക്കും അഭിമാനം തന്നെയാണെന്നും മോദി പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ന് പുലര്‍ച്ചെയായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു.
രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍പുതന്നെ ശേഖരിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് സേനകള്‍ക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകള്‍ സംയുക്തമായി ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരര്‍ക്കുനേരെ ഉണ്ടാവുകയായിരുന്നു.
Content Highlights: defence minister Rajnath singh reaction on operation sindoor