'ഭീകരതയെ വേരോടെ പിഴുതെറിയും'; സൈന്യത്തില്‍ അഭിമാനമെന്ന് അമിത് ഷാ

ഏത് ആക്രമണത്തിനും മോദി സര്‍ക്കാര്‍ തിരിച്ചടി നല്‍കുമെന്നും അമിത് ഷാ

dot image

ന്യൂഡൽഹി: പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയ്ക്കെതിരായ ഏത് ആക്രമണത്തിനും മോദി സര്‍ക്കാര്‍ തിരിച്ചടി നല്‍കുമെന്നും സൈന്യത്തില്‍ അഭിമാനമെന്നും അമിത്ഷാ എക്സിൽ കുറിച്ചു. ഭീകരതയെ വേരോടെ പിഴുതെറിയുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

'നമ്മുടെ സായുധ സേനയില്‍ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിന്റെ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയ്ക്കും നമ്മുടെ ജനതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്ന് മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഭീകരവാദത്തെ വേരൊടെ പിഴുതെറിയും', അമിത് ഷാ എക്‌സില്‍ കുറിച്ചു.

പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയുടെ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസും രം​​ഗത്തെത്തിയിരുന്നു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചുനിന്നു. ഒറ്റക്കെട്ടായി നിൽക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു. ദേശീയ ഐക്യവും ഐക്യദാർഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നിൽക്കുന്നു. ദേശീയ താൽപ്പര്യമാണ് തങ്ങൾക്ക് പരമപ്രധാനമെന്നും ഖർഗെ എക്സിൽ കുറിച്ചു.

ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും കോൺഗ്രസ് ഇന്ത്യയുടെ സായുധ സേനയ്‌ക്കൊപ്പമാണെന്നും ജയറാം രമേശ് എംപി പറഞ്ഞു. സേനയെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കുറിച്ചു.

ഇന്ന് പുലർച്ചെ ആയിരുന്നു പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.

രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്.

Content Highlights: Amit Shah X post About Operation Sindoor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us