'ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രം'; സിന്ധുനദീജല കരാർ റദ്ദാക്കിയതിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം

ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്ത് തന്നെ ഒഴുകുമെന്നും പ്രധാനമന്ത്രി

dot image

ന്യൂഡല്‍ഹി: സിന്ധുനദീജല കരാര്‍ റദ്ദാക്കിയതില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്ത് തന്നെ ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ മാധ്യമമായ എബിപി ന്യൂസിന്റെ പരിപാടിയിലാണ് വിഷയത്തില്‍ ആദ്യമായി പ്രധാനമന്ത്രി പ്രതികരിച്ചത്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ പാകിസ്താന് തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. രാജ്യം രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം വ്യോമാഭ്യാസത്തിന് ഒരുങ്ങുകയാണ്. പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്താണ് വ്യോമാഭ്യാസം നടത്തുക. ഇതിന്റെ ഭാഗമായി അടുത്ത രണ്ടുദിവസം പ്രദേശത്തുകൂടി പോകുന്ന വിമാനങ്ങള്‍ വ്യോമപാത ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ന് ഭീകരനെന്ന് സംശയിക്കുന്ന ഒരാളെ ബൈസരണ്‍വാലിയില്‍ നിന്ന് ജമ്മു കശ്മീര്‍ പൊലീസ് പിടികൂടിയിരുന്നു. അഹമ്മദ് ബിലാലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ധരിച്ചത്. എവിടെ നിന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ മാനസിക പ്രശ്നങ്ങള്‍ ഉളളയാളെന്നാണ് കുടുംബം ആരോപിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലുമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങും. ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളിലായിരിക്കും സൈറണുകള്‍ മുഴങ്ങുക. കേരളത്തില്‍ രണ്ട് ജില്ലകളില്‍ നാളെ മോക്ഡ്രില്‍ നടത്തും. കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് മോക്ഡ്രില്‍ ഉണ്ടാവുക.

അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പടെ പരിശീലനം നല്‍കേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. സ്‌കൂളുകള്‍, ഓഫീസുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കും. ആക്രമണമുണ്ടായാല്‍ സ്വയം രക്ഷയ്ക്കാണ് പരിശീലനം.

Content Highlights: Prime minister Narendra Modi s first reaction on Indus Treaty move

dot image
To advertise here,contact us
dot image