'എല്ലാ തീവ്രവാദികളോടും ഉറപ്പായും പ്രതികാരം ചെയ്യും,പിഴുതെറിയും';പഹൽഗാം ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി അമിത്ഷാ

ഈ പോരാട്ടത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങള്‍ മാത്രമല്ല ലോകത്തെ മുഴുവന്‍ മനുഷ്യരും ഇന്ത്യക്കൊപ്പമാണെന്ന് അമിത് ഷാ

dot image

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ഭീകരാവാദികള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുദ്ധം ജയിച്ചതായി ഭീകരവാദികള്‍ കരുതരുതെന്ന് അമിത് ഷാ പറഞ്ഞു. ഈ പോരാട്ടം അവസാനിക്കില്ലെന്നും എല്ലാ തീവ്രവാദികളോടും ഉറപ്പായും പ്രതികാരം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

'ഭീരുവായ ആക്രമണം നടത്തിയവര്‍ ഇത് തങ്ങളുടെ വലിയ വിജയമാണെന്ന് കരുതുകയാണെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരാണിതെന്നും ആരും രക്ഷപ്പെടില്ലെന്നും മനസിലാക്കണം. ഈ രാജ്യത്തിന്റെ ഓരോ ഇഞ്ചില്‍ നിന്നും തീവ്രവാദത്തെ പിഴുതെറിയുകയെന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം', അമിത് ഷാ പറഞ്ഞു.

ഈ പോരാട്ടത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങള്‍ മാത്രമല്ല ലോകത്തെ മുഴുവന്‍ മനുഷ്യരും ഇന്ത്യക്കൊപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇന്ത്യക്കൊപ്പമാണെന്ന് അമിത് ഷാ പറഞ്ഞു.

ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യയില്‍ നിന്നും കനത്ത തിരിച്ചടിയാണ് പാകിസ്താന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

Content Highlights: Amit Shah s first responds after Pahalgam attack

dot image
To advertise here,contact us
dot image