
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെയുള്ള നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. സിന്ധു നദി ജല കരാര്‍ റദ്ദാക്കാനുള്ള സാധ്യതയും ഏറെയാണ്.
രാജ്യം ഭീകരാക്രമണത്തിന് മുന്നില്‍ തലകുനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നില്ല. അക്രമികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
''പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഭീകരതയ്ക്ക് മുന്നില്‍ ഭാരതം വഴങ്ങില്ല. ഈ ഹീനമായ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ വെറുതെ വിടില്ല', അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 പേരുടെ മൃതദേഹങ്ങള്‍ എയര്‍ പോര്‍ട്ടിലേക്ക് കൊണ്ട് പോയി. പൊലീസ് ആസ്ഥാനത്ത് നിന്നാണ് മൃതദേഹങ്ങള്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ എത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തുടര്‍ന്ന് രാത്രി ഏഴുമണിയോടെ കൊച്ചിയില്‍ എത്തിക്കും.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം താഴ്വരയില്‍ നിന്ന് അതിഥികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത് കാണുന്നത് ഹൃദയഭേദകമാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ ഒമര്‍ അബ്ദുള്ള അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.
'മിനി സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന മനോഹരമായ സ്ഥലമായ ബൈസരന്‍വാലി സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:30 ഓടെ ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ 28 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.
Content Highlights: India to take tough action against Pakistan