
മധുര: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് കേരളത്തിന്റെ രൂക്ഷ വിമര്‍ശനം. ബുള്‍ഡോസറിന് മുന്നില്‍ ബൃന്ദ കാരാട്ട് നിന്നപ്പോള്‍ മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ എവിടെയായിരുന്നുവെന്ന് ചോദിച്ചായിരുന്നു വിമര്‍ശനം. 24ാമത് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതു ചര്‍ച്ചയിലാണ് കേരളം ചോദ്യം ഉന്നയിച്ചത്.
'ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിബി അംഗങ്ങള്‍ക്ക് വൃന്ദയെ പിന്തുണച്ച് സ്ഥലത്ത് പോകാമായിരുന്നില്ലേ. രണ്ടാം നിര നേതാക്കളെ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ദേശീയ നേതൃത്വത്തിന് വീഴ്ച പറ്റി. പ്രായ പരിധിയുടെ പേരില്‍ ഒരു നിര പിബിയില്‍ നിന്ന് ഒഴിയാന്‍ നില്‍ക്കുന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ യെച്ചൂരിയും പ്രായപരിധിയില്‍ ഒഴിയേണ്ടി വരുമായിരുന്നു', കേരളം വിമര്‍ശിച്ചു.
പകരം ആര് വരുമെന്നാണ് പറയുന്നതെന്നും അങ്ങനെ ഒരു നേതൃത്വത്തെ ഉയര്‍ത്തികൊണ്ടുവന്നിട്ടുണ്ടോയെന്നും ചോദ്യം ഉയര്‍ന്നു. ഇഎംഎസ് ഉയര്‍ത്തികൊണ്ടുവന്നവരാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമെന്നും അങ്ങനെ ഒരു ഉയര്‍ത്തല്‍ ഉണ്ടാവാത്തതുകൊണ്ടാണ് സെക്രട്ടറിയുടെ അഭാവത്തില്‍ കാരാട്ടിന് തന്നെ രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടി വന്നതെന്നും കേരളത്തിലെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ പലസ്തീന്‍ ജനതയ്ക്ക് മുഴുവന്‍ പ്രതിനിധികളും ഐക്യദാര്‍ഢ്യം അറിയിച്ചു. പ്രതിനിധികള്‍ കഫിയ അണിഞ്ഞാണ് സമ്മേളനത്തില്‍ എത്തിയത്. സമ്മേളന ഹാളില്‍ മുദ്രാവാക്യം വിളിച്ചും പിന്തുണ അറിയിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി പരാജയമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തുന്നില്ലെന്ന വിമര്‍ശനവുമുണ്ടായിരുന്നു പിണറായി സര്‍ക്കാരിന് നേട്ടങ്ങള്‍ ഒരുപാടുണ്ടെന്നും എന്നാല്‍ അത് കേരളത്തിന് പുറത്തറിയുന്നില്ലെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലായിരുന്നു വിമര്‍ശനം. ഉത്തര്‍പ്രദേശിലെ പ്രതിനിധികളായിരുന്നു വിമര്‍ശനമുന്നയിച്ചത്.
രണ്ടാം തീയ്യതിയാണ് മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തി. പൊളിറ്റ് ബ്യൂറോ കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. എണ്‍പത് നിരീക്ഷകരടക്കം എണ്ണൂറിലധികം പ്രതിനിധികളും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്.
Content Highlights: Kerala CPIM representatives criticize PB in Party Congress