മാധ്യമങ്ങള്ക്ക് മുന്നില് പരാതി പറയരുത്; വിചിത്ര നിർദേശം, നടികർ സംഘത്തിന്റെ സർക്കുലർ വിവാദത്തില്

'ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന ആളുകള്ക്ക് ആദ്യം മുന്നറിയിപ്പ് നല്കും'

മാധ്യമങ്ങള്ക്ക് മുന്നില് പരാതി പറയരുത്; വിചിത്ര നിർദേശം,  നടികർ സംഘത്തിന്റെ സർക്കുലർ വിവാദത്തില്
dot image

ചെന്നൈ: തമിഴ് സിനിമയിലെ പ്രശ്നങ്ങള് പഠിക്കാന് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള സർക്കുലറിലെ ചില നിര്ദേശങ്ങള് വിവാദത്തില്. ലൈംഗികാതിക്രമം അടക്കമുള്ള പരാതികള് ആദ്യം മാധ്യമങ്ങള്ക്ക് മുന്നില് വെളിപ്പെടുത്തരുത്, മറിച്ച് നടികള് സംഘം നിയമിക്കുന്ന ആഭ്യന്തര പ്രശ്ന പരിഹാര സെല്ലിനെ സമീപിക്കണം എന്നതടക്കമുള്ള നിര്ദേശങ്ങളാണ് വിവാദമാവുന്നത്.

ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന ആളുകള്ക്ക് ആദ്യം മുന്നറിയിപ്പ് നല്കും. നടപടി പിന്നീട് സ്വീകരിക്കും എന്ന നിര്ദേശത്തിനെതിരെയും വിമര്ശനം ഉയരുകയാണ്. നടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി എന്നിവര് അടക്കം പങ്കെടുത്ത യോഗത്തില് ഇത്തരം വിചിത്രവും സ്ത്രീവിരുദ്ധവുമായ നിർദേശങ്ങള് ഉള്പ്പെട്ടത് എന്നതാണ് ശ്രദ്ധേയം. ജനറല് സെക്രട്ടറി വിശാല്, പ്രസിഡന്റ് നാസര്, ട്രഷറര് കാര്ത്തി തുടങ്ങിയവരും യോഗത്തില് പങ്കെടുത്തിരുന്നു. കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പ് ഇന്നാണ് പുറത്തിറക്കിയത്.

അതേസമയം സിനിമയുടെ ഭാഗമായി പ്രവര്ത്തിക്കുമ്പോള് ലൈംഗികാതിക്രമം നടത്തി എന്ന് തെളിയിക്കപ്പെട്ടാല് അഞ്ച് വര്ഷം വരെ വിലക്ക്, പരാതി അറിയിക്കാന് ഇ മെയിലും ഫോണ് നമ്പറും തയ്യാറാക്കും, അതിജീവിതര്ക്ക് നിയമസഹായം ഉറപ്പാക്കും എന്ന നിർദേശങ്ങളും ഉള്പ്പെട്ടതാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം.

മലയാളം സിനിമാ മേഖലയെ പിടിച്ചുകുലുക്കി ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ സമാനമായ കമ്മിറ്റി കോളിവുഡിലും വേണമെന്ന ആവശ്യം ഉയര്ന്നിരുന്നു. പത്തുപേരടങ്ങുന്ന സമിതി രൂപീകരിക്കാന് നടപടി ആരംഭിച്ചെന്നും അധികം വൈകാതെ ഇത് നിലവില് വരുമെന്നും നടികര് സംഘം ജനറല് സെക്രട്ടറി വിശാല് അറിയിച്ചിരുന്നു.

സിനിമാ മോഹവുമായി എത്തുന്നവരില് 20 ശതമാനം പേര്ക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്. അതിനാല് തന്നെ അവസരം നല്കാമെന്ന് വാഗ്ദാനം നല്കി കബളിപ്പിക്കല് നടക്കാന് സാധ്യതയുണ്ട്. അഭിനയിക്കുന്നതിന് അവസരം തേടിയെത്തുന്ന സ്ത്രീകള് കൂടുതല് ശ്രദ്ധിക്കണം. ആരെങ്കിലും മോശമായി പെരുമാറിയാല് ചെരുപ്പൂരി അടിക്കണം എന്നായിരുന്നു വിശാലിന്റെ പ്രതികരണം.

dot image
To advertise here,contact us
dot image