
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയിയെ വിമർശിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. പ്രായത്തിന് അനുസരിച്ച് പെരുമാറുവെന്നാണ് അമിത് ഷാ പറഞ്ഞത്. കേന്ദ്രസർക്കാരിൽ മറ്റ് പിന്നാക്ക വിഭാഗ നേതാക്കളുടെയും ജീവനക്കാരുടെയും പ്രാതിനിധ്യം കുറവാണെന്ന കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി പറയുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.
കേന്ദ്രത്തിലെ 90 സെക്രട്ടറിമാരിൽ മൂന്ന് പേർ മാത്രമാണ് ഒബിസി വിഭാഗത്തിൽപ്പെട്ടവരെന്ന് രാഹുൽ ഗാന്ധി ഗാന്ധി പാർലമെന്റിൽ പറഞ്ഞിരുന്നു. ജാതി സെൻസസ് എത്രയും വേഗം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ രാഹുലിന്റെ ആരോപണത്തിന് അമിത് ഷാ മറുപടി നൽകുകയായിരുന്നു.
ഈ സമയം റോയി സഭയിൽ സംസാരിക്കാനൊരുങ്ങി. ഇതിന് പിന്നാലെയാണ് അമിത് ഷാ റോയിയെ വിമർശിച്ചത്. 'സഭയിൽ നിങ്ങൾ പ്രായത്തിന് അനുസരിച്ച് പെരുമാറണം' എന്ന് അമിത് ഷാ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് കടുത്ത ഭാഷയിലാണ് അമിത് ഷാ മറുപടി നൽകിയത്. സെക്രട്ടറിമാരാണ് രാജ്യം ഭരിക്കുന്നത് എന്നാണ് ചിലർ കരുതുന്നത്. എന്നാൽ സർക്കാരാണ് രാജ്യം ഭരിക്കുന്നത്. 85 ബിജെപി എംപിമാരും 29 മന്ത്രിമാരും ഒബിസി വിഭാഗത്തിൽ പെട്ടവരാണ്. ഒബിസിക്ക് വേണ്ടി സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്നവർ അത് അറിയണമെന്നും അമിത് ഷാ പറഞ്ഞു.