

തിരുവനന്തപുരം: തലസ്ഥാനത്ത് ഒറ്റ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന്റെ കാരണം ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തമാകുമെന്നും കോര്പ്പറേഷന് മേയര്‍ വി വി രാജേഷ്. ശാസ്ത്രീയമായി പഠിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കും. കോര്പ്പറേഷന് ജീവനക്കാരന്റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ നടപടിയെടുക്കുമെന്നും വി വി രാജേഷ് പറഞ്ഞു.
ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂര്‍ പെയ്തതുകൊണ്ടാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. പല ഭാഗങ്ങളിലെയും മാലിന്യം ഒഴുകി വന്നതാണ് പ്രശ്നം. മാലിന്യം കൊണ്ട് ഡ്രൈനേജുകളില്‍ വെള്ളം ഇറങ്ങേണ്ട ഭാഗങ്ങള്‍ അടഞ്ഞു. വെള്ളം ഇറങ്ങിപ്പോകേണ്ട ഭാഗങ്ങളിലെ ഗ്രില്ലുകള്‍ ചെറുതാണ്. അതൊക്കെ നിര്‍മ്മാണം നടക്കുമ്പോഴേ ശ്രദ്ധിക്കണമായിരുന്നു.സ്ലാബുകള്‍ ഇളക്കി പരിശോധിക്കേണ്ടത് അതാത് ഡിപ്പാര്‍ട്ട്മെന്റുകളാണ്. അതൊന്നും താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും വി വി രാജേഷ് പറഞ്ഞു. മാലിന്യ സംസ്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ പ്ലാന്‍ ഉണ്ടാക്കണം എന്നും വി വി രാജേഷ് പറഞ്ഞു.
വെള്ളക്കെട്ടില്‍ ബിജെപി ഭരണത്തെ പരിഹസിച്ച വി ശിവന്‍കുട്ടിക്കെതിരെയും മേയര്‍ രംഗത്തെത്തി. 45 വര്‍ഷം അവര്‍ ഭരിച്ച സ്ഥലമാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പിലാക്കിയത് ആരാണെന്നും വി വി രാജേഷ് ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ താന്‍ അഭിനന്ദിക്കുകയാണ്. നാടിന് ഒരു പ്രശ്നം വന്നപ്പോള്‍ അവര്‍ ഒരുമിച്ച് ഇറങ്ങി. ശിവന്‍കുട്ടിയും പ്രശാന്തും പൊലീസുകാരെ പ്രകോപിപ്പിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ ചെന്ന് പ്രതിഷേധിക്കുന്നു. ഒരു മഴ വന്നപ്പോഴേക്കും വീട്ടിലിരുന്നവരൊക്കെ പുറത്തിറങ്ങുകയാണ്. ശിവന്‍കുട്ടിയുടെ ചവിട്ടു നാടകമെന്നും തങ്ങളുടെ മേല്‍ വേണ്ടെന്നും മേയര്‍ പറഞ്ഞു.
'ശിവന്‍കുട്ടി ഞങ്ങളെ കാര്യങ്ങള്‍ പഠിപ്പിക്കേണ്ട. അദ്ദേഹം നഗരസഭാ മേയര്‍ ആയിരുന്ന സമയത്താണ് വികസന സാധ്യതകളുടെ വേരറ്റത്. ഇന്നലെ ഗോവയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് കാണാന്‍ പോയി. വിളപ്പില്‍ശാലയില്‍ പ്രശ്ന പരിഹാരത്തിനു പകരം ഗുണ്ടായിസത്തിലൂടെ കാര്യങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ വികലമായ കാഴ്ചപ്പാടാണ് നഗരത്തെ തകര്‍ത്തത്. മേയര്‍ ഉലകം ചുറ്റുന്നു എന്നാണ് ആക്ഷേപം. അവിടെ പോയി കണ്ടു കാര്യങ്ങള്‍ മനസ്സിലാക്കി ഇവിടെ നടപ്പിലാക്കാനുള്ള ശേഷി എനിക്കുണ്ട്. വി ശിവന്‍കുട്ടിക്ക് അതൊന്നും മനസ്സിലാകില്ലായിരിക്കും. വി കെ പ്രശാന്ത് സ്മാര്‍ട്ട് സിറ്റി റോഡ് ചെയ്തു. 1, 000 കോടി നഷ്ടപ്പെടുത്തി. മഴ പെയ്തപ്പോള്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ എന്ന് പറഞ്ഞു തോറ്റു വീട്ടില്‍ ഇരുന്നവര്‍ എല്ലാം കൂടി ഇറങ്ങിയേക്കുവാണ്', വി വി രാജേഷ് പറഞ്ഞു.
Content Highlights: Thiruvananthapuram Mayor V V Rajesh has said that the reason for waterlogging in the capital after a single spell of rain will be identified within a week