

കോഴിക്കോട്: സാമ്പത്തികക്കേസിൽ ബിഎല്‍എം ചെയര്മാന് പ്രേംകുമാറിന് ജാമ്യം. മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി കോടികളുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രേംകുമാറിനെതിരായ ആരോപണം. ഇന്നലെ ചെന്നൈയില്‍ നിന്നാണ് പ്രേം കുമാറിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്. ക്രെഡിറ്റ് സൊസൈറ്റി നിക്ഷേപം ഉപയോഗിച്ച് സൗകര്യ നിക്ഷേപം നടത്തി എന്നാണ് ബിഎല്‍എം ചെയര്‍മാനെതിരായ പരാതി. കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഭാരത് ലെജ്ന മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി(ബിഎല്‍എം)യിലേക്ക് നിക്ഷേപം സ്വീകരിക്കുന്നതിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടന്നതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 5000 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്നാണ് വിവരം. ബിഎല്‍എം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെന്നൈ ആസ്ഥാനമായി ആരംഭിച്ച ബിഎല്‍എം സൊസൈറ്റിക്ക് കേരളത്തില്‍ മാത്രം 130 ബ്രാഞ്ചുകളാണുള്ളത്. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഎല്‍എം ചെയര്‍മാന്റെ അറസ്റ്റ് തമിഴ്നാട്ടിലും പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കൊപ്പമുള്ള പ്രേംകുമാറിന്റെ ചിത്രത്തെ ചൊല്ലിയാണ് വിവാദം. അതേസമയം ജൂലൈ മൂന്നിന് തമിഴ് ചാനലിന്റെ ഡയറക്ടര്‍മാര്‍ക്കൊപ്പം ആണ് പ്രേംകുമാര്‍ മുഖ്യമന്ത്രി വിജയിയെ കണ്ടതെന്നും സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്ന പ്രേംകുമാറും മറ്റുള്ളവര്‍ക്കൊപ്പം നിന്നു എന്നുമാണ് വിജയ്യുടെ വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം.
Content Highlights: BLM Chairman Prem Kumar has been granted bail in a financial case involving allegations of multi-crore fraud through a multi-state cooperative society. The Kozhikode Crime Branch arrested him in Chennai following a complaint that credit society deposits were used for investments. The case was initially registered at the Nadakkavu police station in Kozhikode before being transferred to the Crime Branch.