സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: നിയമവ്യവസ്ഥയില്‍ വിശ്വാസം; പിണറായി വിജയന്‍

നിയമവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച ആളാണ് താനെന്നും അതിനാല്‍ നിയമം അതിന്‌റെ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: നിയമവ്യവസ്ഥയില്‍ വിശ്വാസം; പിണറായി വിജയന്‍
dot image

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വിജിലന്‍സ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിയമവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച ആളാണ് താനെന്നും അതിനാല്‍ നിയമം അതിന്‌റെ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'എല്ലാ ഘട്ടത്തിലും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച ഒരാളാണ് ഞാന്‍. അതിനാല്‍ തന്നെ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായുള്ള നിലപാടാണിന്ന് കേരള ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്', പിണറായി പറഞ്ഞു.

പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. നാല് അപ്പീലുകളും ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

അപ്പീലില്‍ ഇ ഡിയും വിജിലന്‍സും കെ എം ഷാജഹാനും നാലാഴ്ചയ്ക്കം മറുപടി നല്‍കണം. അന്വേഷണം ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടോയെന്നും മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചോയെന്നും നടപടിക്രമങ്ങള്‍ പാലിച്ചോയെന്നും കെ എം ഷാജഹാനോട് ഹൈക്കോടതി ചോദിച്ചു. പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടായേക്കാം. അത് ഹൈക്കോടതിക്ക് ബാധകമല്ല. കോടതിയെ പഠിപ്പിക്കാന്‍ വരരുതെന്നും കെ എം ഷാജഹാനോട് ഹൈക്കോടതി പറഞ്ഞു.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് അംഗീകരിക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ അന്വേഷണത്തില്‍ ഇടപെടരുത് എന്നും സര്‍ക്കാര്‍ ഇരട്ട നിലപാടെടുത്തു. ഇ ഡി തോളില്‍ കയറുന്നുവെന്നും എസ്എഫ്ഐഒ കുറ്റപത്രത്തിലെ തുടര്‍ നടപടികള്‍ തടഞ്ഞതോടെ ഇ ഡിയുടെ അന്വേഷണത്തിന് നിലനില്‍പ്പില്ലാതായെന്നും പിണറായി വിജയന്‍ പറഞ്ഞു.

കെ എം ഷാജഹാന് രാഷ്ട്രീയ അജണ്ടയെന്നും സിംഗിള്‍ ബെഞ്ച് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനായി മാറിയെന്നും ടി വീണയും മുഹമ്മദ് റിയാസും ഹൈക്കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ചിന്റെ വിധിയിലെ നിയമപ്രശ്നങ്ങളില്‍ ഹൈക്കോടതി നവംബര്‍ 25ന് വിശദമായ വാദം കേള്‍ക്കും.

Content Highlights: pinarayi vijayan responds to high court order in cmrl exalogic case

dot image
To advertise here,contact us
dot image