നെടുമ്പാശ്ശേരി വാഹനാപകടം: പ്രതികളുടെ നിർണായക ശബ്ദ രേഖ കോടതിയിൽ

അപകടത്തിന് ശേഷം പ്രതികൾ വാട്സ്ആപ്പിൽ സന്ദേശം അയച്ചുവെന്നും പൊലീസ് കോടതിയെ അറിയിച്ചു

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതികളുടെ നിർണായക ശബ്ദ രേഖ കോടതിയിൽ
dot image

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതികളുടെ നിർണായക ശബ്ദ രേഖ കോടതിയിൽ. അപകടത്തെ കുറിച്ച് പ്രതി വിവരിക്കുന്ന ശബ്ദരേഖ കിട്ടിയെന്നാണ് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. മൂന്നുപേർ മരിച്ച കാര്യം പ്രതികൾ സുഹൃത്തുക്കളെ അറിയിച്ചു. അപകടത്തിന് ശേഷം പ്രതികൾ വാട്സ്ആപ്പിൽ സന്ദേശം അയച്ചുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. അമീൻ, ജോയൽ എന്നിവരോട് സ്ഥലത്ത് നിന്ന് രക്ഷപ്പെടാനായിരുന്നു സുഹൃത്തിൻ്റെ മറുപടിയെന്നും അപകട ശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.

സുഹൈലിന് കുരുക്കായി മാറിയത് മൂന്നാം പ്രതി ജോയലിന്റെ ശബ്ദ രേഖയാണ്. സുഹൈൽ മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചു. സുഹൈൽ നന്നായി മദ്യപിച്ചിരുന്നു. വരുന്ന വഴിക്ക് കാർ സ്കൂട്ടറിൽ തട്ടി. മൂന്നുപേർ മരിച്ചു. ഞങ്ങൾ സ്ഥലത്ത് നിന്ന് രക്ഷപെട്ടു എന്നായിരുന്നു അപകട ശേഷം പ്രതി ജോയൽ സുഹൃത്തിന് ആയച്ച ശബ്ദ രേഖയിൽ പറഞ്ഞിരുന്നത്. നാട്ടുകാർ വന്നപ്പോൾ വാപ്പ നോക്കിക്കോളും എന്ന് സുഹൈൽ പറഞ്ഞതായും ശബ്ദരേഖ വ്യക്തമാക്കുന്നുണ്ട്.

വാഹനം സ്ഥിരമായി അമിത വേഗത്തിൽ ഓടിക്കുന്നതിൻ്റെ തെളിവുകൾ ലഭിച്ചുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ വാദിച്ചു. ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് വ്യക്തമാക്കി.

എന്നാൽ പ്രതികളുടെ പേര് എഫ്ഐആറിൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. സുഹൈലിന്റെ പേര് പറയാതെ നരഹത്യ കുറ്റം ചുമത്തി. ക്ലൈമാക്സ്‌ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും പ്രതിഭാ​ഗം വാദിച്ചു.

നെടുമ്പാശ്ശേരി വാഹനാപകട കേസില്‍ നിര്‍ണായക ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. അപകടത്തിന് മുമ്പ് മിനി കൂപ്പര്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയെന്നായിരുന്നു കണ്ടെത്തല്‍. സുഹൈലിനൊപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിലായിരുന്നു സുപ്രധാന ദൃശ്യമുണ്ടായിരുന്നത്. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പെടുത്ത ദൃശ്യത്തില്‍ കാറിന്റെ സ്പീഡോമീറ്റര്‍ കാണാം. ഇതില്‍ വാഹനം സഞ്ചരിക്കുന്നത് 150 കിലോമീറ്റര്‍ വേഗതയിലാണെന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവ് അടക്കമുള്ള പ്രതികൾക്ക് നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു. നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മുഖ്യപ്രതി സുഹൈൽ, സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യപേപേക്ഷയിലായിരുന്നു വിധി. പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. സുഹൈലിനെതിരെ ചുമത്തിയ കുറ്റകരമായ നരഹത്യ നിലനിൽക്കില്ലെന്നും പ്രതികൾക്കെതിരെ ഗൂഢാലോചന നടന്നുവെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികൾക്ക് പ്രായക്കുറവായതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ 19 വയസ് ആണെങ്കിലും കുറ്റവും ഭവിഷ്യത്തും അറിയുന്നവരാണ് പ്രതികളെന്നും പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിലും അഞ്ച് ഇരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഒക്ടോബർ 10ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തിൽ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.

Content Highlights: A crucial audio recording of the accused in the Nedumbassery vehicle accident case has been presented before the court

dot image
To advertise here,contact us
dot image