കലാലയ രാഷ്ട്രീയത്തിൻ്റെ കഴുത്തില്‍ കത്തി വെക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും അംഗീകരിക്കാനാവില്ല: പി കെ നവാസ്

യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യത്തിനൊപ്പമാണെന്നും പി കെ നവാസ് വ്യക്തമാക്കി

കലാലയ രാഷ്ട്രീയത്തിൻ്റെ കഴുത്തില്‍ കത്തി വെക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും അംഗീകരിക്കാനാവില്ല: പി കെ നവാസ്
dot image

തിരുവനന്തപുരം: വിദ്യാർത്ഥി രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സർവകലാശാല നീക്കത്തിൽ രാഷ്ട്രീയ വിവാദം കടുക്കുന്നതിനിടെ പ്രതികരണവുമായി പി കെ നവാസ് എംഎൽഎ. രാജ്ഭവന്റെ അജണ്ട നടപ്പാക്കാനുള്ള ഇടമല്ല കേരള സര്‍വകലാശാലയെന്നും കലാലയ രാഷ്ട്രീയത്തിന്റെ കഴുത്തില്‍ കത്തി വെക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും അംഗീകരിക്കാനാവില്ലെന്നും പി കെ നവാസ് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് പി കെ നവാസ് പ്രതികരണം രേഖപ്പെടുത്തിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യത്തിനൊപ്പമാണെന്നും ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പമാണ് സര്‍ക്കാരെന്നും എംഎൽഎ പറഞ്ഞു. വൈസ് ചാന്‍സലര്‍ക്കും സര്‍വകലാശാലാ അധികാരികള്‍ക്കും അധികാരമുണ്ട്. പക്ഷേ ആ അധികാരം ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ലൈസന്‍സ് അല്ലെന്നും എംഎൽഎ വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

രാജ്ഭവന്റെ അജണ്ട നടപ്പാക്കാനുള്ള ഇടമല്ല കേരള സർവകലാശാല. കലാലയ രാഷ്ട്രീയത്തിന്റെ കഴുത്തിൽ കത്തി വെക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും അംഗീകരിക്കാനാവില്ല. UDF സർക്കാരിന്റെ നിലപാട് ജനാധിപത്യത്തിനൊപ്പമാണ് , ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പമാണ്.വൈസ് ചാൻസലർക്കും സർവകലാശാലാ അധികാരികൾക്കും അധികാരമുണ്ട്. പക്ഷേ ആ അധികാരം ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ലൈസൻസല്ല. ക്യാമ്പസുകൾ കേവലം ക്ലാസ് മുറികളല്ല. അവിടെ ചോദ്യങ്ങളുണ്ടാകും. വിയോജിപ്പുകളുണ്ടാകും. സംവാദങ്ങളുണ്ടാകും. സമരങ്ങളുണ്ടാകും.രാഷ്ട്രീയ ഇടപെടലുകളുമുണ്ടാകും. അതാണ് ജനാധിപത്യത്തിന്റെ ശ്വാസം.

വ്യാജന്മാരെയും അക്രമങ്ങളെയും സമരാഭാസങ്ങളെയും ന്യായീകരിക്കേണ്ടതില്ല. ആയുധങ്ങളും, ചോരയും, അക്രമവും ചേർത്ത് മഹത്തായ വിദ്യാർത്ഥി രാഷ്ട്രീയത്തെ മലിനപ്പെടുത്തുന്നവർക്കെതിരെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ കൃത്യമായ നടപടി വേണം.

പക്ഷേ ചിലരുടെ തെറ്റിന് ശിക്ഷയായി മുഴുവൻ കലാലയ രാഷ്ട്രീയത്തെയും ശ്വാസംമുട്ടിക്കാനാവില്ല. എലിയെ പേടിച്ച് ഇല്ലം ചുടരുത്.

എലിയെ പിടിക്കാനുള്ള കഴിവാണ് കാണിക്കേണ്ടത്. കേരളം വളർന്നത് സമരങ്ങളിലൂടെയാണ്. അവകാശങ്ങൾ ആരും തളികയിൽ വെച്ച് നൽകിയ ചരിത്രമല്ല കേരളത്തിന്റേത്. പൊരുതി നേടിയെടുത്ത അവകാശങ്ങളുടെ ചരിത്രമാണ് കേരളത്തിന്റേത്.

അതുകൊണ്ട്, വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾക്ക് മേൽ നിയന്ത്രണത്തിന്റെ കരിനിഴൽ വീഴ്ത്തുന്ന ഏത് കരടിനെയും അവജ്ഞയോടെ തള്ളിക്കളയണം. ക്യാമ്പസുകളിൽ വീണ്ടും ജനാധിപത്യത്തിന്റെ വർണ്ണപ്പകിട്ടുള്ള പതാകകൾ പാറിപ്പറക്കട്ടെ.

അത് തടയാൻ കഴിയുന്നിലെങ്കിൽ ഒരു തുണ്ട് പേപ്പറിൽ ഇങ്ങനെ മാത്രം എഴുതി നൽകുക.

“I’m not capable of doing this, so I’m resigning.”

പികെ നവാസ്

Content Highlights: PK Nawas said any move that undermines campus politics and student political activity cannot be accepted.

dot image
To advertise here,contact us
dot image