

സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 14,000-ത്തിലധികം പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനകളിലാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇത്രയും പേർ പിടിയിലായത്.
പിടിയിലായവരിൽ 7,438 പേർ താമസ നിയമലംഘകരും 3,782 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും 3,562 പേർ തൊഴിൽ നിയമ ലംഘനം നടത്തിയവരുമാണ്. കൂടാതെ, അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,450 പേരും പിടിയിലായി. ഇത്തരത്തിൽ അതിർത്തി കടക്കാൻ ശ്രമിച്ചവരിൽ 56 ശതമാനം എത്യോപ്യക്കാരും 43 ശതമാനം യെമൻ സ്വദേശികളുമാണ്. രാജ്യത്ത് നിന്ന് അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 25 പേരും നിയമലംഘകർക്ക് യാത്രാസൗകര്യവും താമസവും നൽകിയ 23 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നവർക്കും ഗതാഗതവും താമസവും നൽകുന്നവർക്കും എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും നേരിടേണ്ടി വരും. കൂടാതെ, ഇവർ കുറ്റകൃത്യത്തിനായി ഉപയോഗിച്ച വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Content Highlights: Saudi authorities arrested 14,796 people during nationwide joint inspections between September 3 and 9, 2026. The arrests involved violations of residency, border security and labour laws, as part of ongoing enforcement operations.