'തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം വാണിജ്യ ലക്ഷ്യത്തോടെ'; VK പ്രശാന്ത്

മുതലാളിമാര്‍ക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ഇടതുപക്ഷം അതിനെ എതിര്‍ക്കുമെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി

'തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം വാണിജ്യ ലക്ഷ്യത്തോടെ'; VK പ്രശാന്ത്
dot image

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍ നിന്ന് നെയ്യാര്‍ പോലെയുളള വനമേഖലയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആവശ്യം വാണിജ്യ ലക്ഷ്യത്തോടെയെന്ന് മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ വി കെ പ്രശാന്ത്. മുതലാളിമാര്‍ക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ഇടതുപക്ഷം അതിനെ എതിര്‍ക്കുമെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി.

ഒരു വര്‍ഷം 12 ലക്ഷത്തിലധികം സഞ്ചാരികള്‍ തിരുവനന്തപുരം മൃഗശാലയിലെത്തുകയും എട്ട് കോടി രൂപയുടെ വരുമാനം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. മൃഗശാലയും മ്യൂസിയവും പറിച്ചു നടാനുള്ള ശ്രമം മുന്‍പും നടന്നിട്ടുണ്ട്. ഇപ്പോള്‍ ശ്രമം നടക്കുന്നത് വാണിജ്യ ലക്ഷ്യത്തോടെയാണെന്നും മുതലാളിമാര്‍ക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി കെ പ്രശാന്ത് പറഞ്ഞു. ആരുമായും ആലോചിക്കാതെയാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നും നിര്‍ഭാഗ്യവശാല്‍ തിരുവനന്തപുരം മേയറും ഇതിനെ അനുകൂലിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

മൃഗങ്ങളില്‍ നിന്ന് രോഗം പകരുമെന്നാണ് മേയര്‍ പറയുന്നത്. ഇതുവരെ കേട്ടു കേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നും നഗരത്തെ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നതെന്നും അതിനെ ശക്തമായി ചെറുക്കുമെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി. സ്വയം അഭിപ്രായം പറയാതെ മുഖ്യമന്ത്രി മ്യൂസിയവും മൃഗശാലയും സന്ദര്‍ശിക്കണമെന്നും ജനങ്ങളുടെ അഭിപ്രായം കേള്‍ക്കണമെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്നും നെയ്യാര്‍ പോലെ വനമേഖലയോട് ചേര്‍ന്ന സ്ഥലത്തേക്ക് മാറ്റുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Content Highlight : V K Prasanth has opposed Chief Minister V D Satheesan's demand to relocate the Thiruvananthapuram zoo

dot image
To advertise here,contact us
dot image