'മുഖ്യമന്ത്രിക്ക് പുകഴ്ത്തല്‍, പിണറായിക്ക് വിമര്‍ശനം': സി ദിവാകരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി CPI

പിണറായി വിജയനെതിരെ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സി ദിവാകരന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു

'മുഖ്യമന്ത്രിക്ക് പുകഴ്ത്തല്‍, പിണറായിക്ക് വിമര്‍ശനം': സി ദിവാകരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി CPI
dot image

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് സി ദിവാകരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തിയും പിണറായി വിജയനെതിരെ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനവും സി ദിവാകരന്‍ നടത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് നോട്ടീസ്.

നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താല്‍പര്യം സതീശന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചുവെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാന്‍ കഴിയുമെന്നും സി ദിവാകരന്‍ പറഞ്ഞിരുന്നു.

'കേരളത്തിന്റെ പ്രിയങ്കരനായ, കേരളത്തിന്റെ സ്പന്ദനമായ വി ഡി സതീശനാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. അദ്ദേഹമായതുകൊണ്ടാണ് ഞാന്‍ രണ്ട് മണിക്കൂറോളം കാത്തിരുന്നത്. സാധാരണ ഞാന്‍ ആരെയും കാത്തിരിക്കാറില്ല. അത് എന്റെ സ്വഭാവമാണ്. നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താല്‍പര്യം സതീശന്റെ കയ്യില്‍ ഭദ്രമാണ് എന്ന് തെളിയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പാവപ്പെട്ടയാളുകള്‍ക്ക് വേണ്ടി, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാന്‍ കഴിയുന്നതാണ്', എന്നായിരുന്നു സി ദിവാകരന്‍ പ്രസംഗിച്ചത്.

തങ്ങളെയെല്ലാം നിയമസഭയില്‍ വെള്ളം കുടിപ്പിച്ച പ്രതിപക്ഷ നേതാവ് ആണ് വി ഡി സതീശന്‍ എന്നും സി ദിവാകരന്‍ പറഞ്ഞിരുന്നു. സി ദിവാകരനെ മുഖ്യമന്ത്രി വി ഡി സതീശനും പ്രശംസിച്ചു. ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയുന്ന നേതാവ് ആണ് സി ദിവാകരന്‍ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയനെതിരെ ആഞ്ഞടിക്കുകയായിരുന്നു സി ദിവാകരൻ ചെയ്തത്. മറുപടി പറയേണ്ടത് സിപിഐഎമ്മാണെന്നും പിണറായി വിജയനോ എം വി ഗോവിന്ദനോ അല്ലെന്നും സി ദിവാകരന്‍ തുറന്നടിച്ചിരുന്നു. പിണറായി കാര്യങ്ങളെ നിസാരവല്‍ക്കരിച്ചാണ് മറുപടി പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇടതുപക്ഷ പ്രസ്ഥാനത്തിന് പുതിയ മുഖങ്ങള്‍ വരണമെന്നും എന്നും ഒരേ മുഖങ്ങള്‍ കൊണ്ടുനടന്നിട്ട് കാര്യമില്ലെന്നും സി ദിവാകരന്‍ പറയുഞ്ഞിരുന്നു. ഉപനേതാവ് സ്ഥാനത്തിന് സിപിഐക്ക് അര്‍ഹതയുണ്ട്. സിപിഐയുടെ പാര്‍ട്ടി ഘടകങ്ങള്‍ ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണെന്നും സി ദിവാകരന്‍ പ്രതികരിച്ചു.

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നരേന്ദ്രമോദിയുടെ നയമല്ല വേണ്ടത്. ഉപനേതാവ് സ്ഥാനം ചോദിച്ചപ്പോള്‍ പെറ്റി പൊളിറ്റിക്‌സ് ആണ് സിപിഐഎം പറയുന്നത്. പിണറായി വിജയനോ ഗോവിന്ദനോ അല്ല മറുപടി പറയേണ്ടത്, ഉപനേതാവ് സ്ഥാനത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎമ്മാണ്. സിപിഐഎമ്മിനെയാണ് ഞങ്ങള്‍ അംഗീകരിക്കുന്നത്. ഇടതുപക്ഷത്തിന്റെ കുത്തക ആര്‍ക്കും കൊടുത്തിട്ടില്ല. പിണറായി വിജയന്‍ കാര്യങ്ങളെ നിസാരവല്‍ക്കരിച്ചാണ് മറുപടി പറഞ്ഞത്. പത്തുകൊല്ലം പിണറായി വിജയനെതിരെ ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. പറയാന്‍ ഇല്ലാത്തതുകൊണ്ടാണോ? വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ നേതാവല്ലേ പിണറായി വിജയന്‍. ഉപനേതാവ് സ്ഥാനത്തെ കുറിച്ചുള്ള കാര്യത്തില്‍ സിപിഐഎം മൗനത്തിലാണ്. കീഴ്‌വഴക്കങ്ങള്‍ മാറാന്‍ ഉള്ളതാണ്. അഭിപ്രായങ്ങള്‍ വരുമ്പോള്‍ എന്തിനാണ് ഇത്ര അസഹിഷ്ണുത. വിശാല കമ്മ്യൂണിസ്റ്റുകാരനായിരുന്നു വി എസ് അച്യുതാനന്ദന്‍. വിഎസ് എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്നപ്പോള്‍ ഒരു തര്‍ക്കങ്ങളും ഉണ്ടായിരുന്നില്ല', സി ദിവാകരന്‍ പറഞ്ഞിരുന്നു.

പാർട്ടി വലതുപക്ഷ വ്യതിയാനത്തിലേക്ക് പോകുന്നുവെന്ന് ജനങ്ങള്‍ക്ക് മനസിലായതിനാലാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടത്. ജനങ്ങള്‍ താല്‍ക്കാലിക ഷോക്ക് ട്രീറ്റ്‌മെന്റാണ് കൊടുത്തതെന്നും സി ദിവാകരന്‍ വിമര്‍ശിച്ചിരുന്നു.

Content Highlights: c divakaran show cause notice cpi thiruvananthapuram district committee

dot image
To advertise here,contact us
dot image