

കൊച്ചി: ഭരണഘടനാപരമായ തുല്യതയെ റദ്ദ് ചെയ്യാനുള്ള ലൈസന്‍സ് ഒരാള്‍ക്കുമില്ലെന്ന് മന്ത്രി റോജി എം ജോണ്‍. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയുമാണ് അടുക്കളയില്‍ നിന്നും സ്ത്രീകള്‍ അരങ്ങുകളിലേക്ക് എത്തിയത്. അവരെ അടുക്കളയിലേക്ക് തിരിച്ചയക്കണമെന്ന പ്രതിലോമകരമായ ചിന്താഗതി ഈ നൂറ്റാണ്ടിലും ആവര്‍ത്തിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും റോജി എം ജോണ്‍ പറഞ്ഞു. സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ തുടര്‍ച്ചയായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.
'മാറ് മറക്കാനുള്ള അവകാശത്തിനായി ഉജ്വലമായ പോരാട്ടം നടന്ന നാടാണിത്. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വേദിയില്‍ കയറി പ്രസംഗിച്ച്, കെ കേളപ്പജിക്ക് ശേഷം നിരാഹാരം കിടക്കാമെന്ന് പ്രഖ്യാപിച്ച ആര്യ പള്ളത്തിന്റെ നാടാണ്. പുലയടീച്ചര്‍ എന്ന വിളികേട്ട് തളര്‍ന്ന് വീഴാതെ വീണ്ടും പോരാടി ഇന്ത്യന്‍ ഭരണഘടനയില്‍ തന്റെ പ്രാതിനിധ്യം എഴുതിച്ചേര്‍ത്ത ദാക്ഷായണി വേലായുധന്റെ നാടാണ്. ''ഞാനാണ് നേതാവ്, ആദ്യം എനിക്ക് നേരെ വെടിവെക്ക്'' എന്ന് പറയാന്‍ ഭയപ്പെടാത്ത അക്കാമ്മ ചെറിയാന്റെ നാടാണ്. ചരിത്രത്തില്‍ പേര് രേഖപ്പെടുത്തപ്പെട്ടവരും ഇല്ലാത്തവരുമായ അസംഖ്യം മനുഷ്യര്‍ വെട്ടിത്തെളിച്ച വിപ്ലവകരമായ നവോത്ഥാന വഴികളിലൂടെയാണ് സ്ത്രീസമൂഹം അവകാശങ്ങള്‍ നേടിയെടുത്തത്, പൊതുമണ്ഡലത്തില്‍ സ്ഥാനം ഉണ്ടാക്കിയെടുത്തത്', റോജി എം ജോണ്‍ ചൂണ്ടിക്കാട്ടി.
'ഇന്ത്യയൊട്ടാകെ നോക്കിയാല്‍ സാവിത്രിഭായ് ഫൂലയെ പോലുള്ളവര്‍ കൊളുത്തിവെച്ച വിദ്യാഭ്യാസത്തിന്റെ വെളിച്ചമാണ് കോടിക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് സ്വപ്നം കാണാന്‍ ധൈര്യം നല്‍കിയത്. ഇവിടെ ഭൂമിയില്‍ മാത്രമല്ല, അങ്ങ് ശൂന്യാകാശത്തും ഇടം കണ്ടെത്തിയ സുനിത വില്യംസിന്റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ദീര്‍ഘകാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച സോണിയ ഗാന്ധിയും മുതല്‍ ജെസിന്ത ആര്‍ഡന്‍ വരെ ലോകവേദിയില്‍ ഭരണപാടവവും സംഘടനാ ശേഷിയും തെളിയിച്ച എത്രയോ മഹിളാരത്‌നങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സിവില്‍ സര്‍വീസിലും ഗവേഷണ- ശാസ്ത്ര സാങ്കേതിക മേഖലകളിലും മലയാളി പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്. അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറായി കേരളത്തിന്റെ നിയമസഭയെ നിയന്ത്രിക്കുകയാണ്. കേരളത്തിലെ ആദ്യ ദളിത് വനിത മന്ത്രി കെ എ തുളസി ടീച്ചറും, അഡ്വ. ബിന്ദു കൃഷ്ണയും കേരളത്തിന്റെ ഭരണത്തെ നയിക്കുകയാണ്', മന്ത്രി പറഞ്ഞു.
ഇന്ത്യയെന്ന ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കിനെ നയിച്ചുകൊണ്ടിരിക്കുന്നത് ദ്രൗപതി മുര്‍മുവെന്ന വനിതയാണ്. ഈ രാജ്യം നിലനില്‍ക്കുന്നത് ഭരണഘടനാപരമായ തുല്യ നീതിയിലാണ്. ലിംഗ, ജാതി, മത ഭേദമന്യേ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് കൂടിയുള്ളതാണ്. ഭരണഘടനാപരമായ ആ തുല്യതയെ റദ്ദ് ചെയ്യാനുള്ള ലൈസന്‍സ് ഒരാള്‍ക്കുമില്ല. ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ്. അതിനെ പിന്നോട്ട് തിരിക്കാന്‍ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയും എന്നും മന്ത്രി പറഞ്ഞു.
Content Highlights: Minister Roji M John said that no individual has the right to undermine constitutional equality