

കൊച്ചി: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ ഇഡി ആക്രമണക്കേസ് പ്രതികള്‍ ഓണം ആഘോഷിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉന്നത സ്വാധീനങ്ങള്‍ വ്യക്തമാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നാണ് ഇ ഡിയുടെ വിമര്‍ശനം. സ്റ്റേഷനിലെ റീല്‍സ് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ കൂടിയാണെന്നും വിമര്‍ശനമുണ്ട്.
അന്വേഷണത്തില്‍ അതൃപ്തിയറിയിച്ച് പൊലീസ് മേധാവിക്ക് കത്തയക്കാനാണ് ഇ ഡിയുടെ തീരുമാനം. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ ഡി അഡീഷണല്‍ ഡയറക്ടര്‍ ഇതുസംബന്ധിച്ച് കത്ത് നല്‍കും.
സംഭവത്തില്‍ പൊലീസുകാര്‍ക്ക് വീഴിചയുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ആറ് പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. സിറ്റി പൊലീസ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആറ് പൊലീസുകാരെയും സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് വിവരം.
ഇ ഡി കേസ് പ്രതികള്‍ ഓണമാഘോഷിച്ചത് സ്റ്റേഷന്‍ ചുമതല വഹിക്കുന്ന സി ഐ ആര്‍ പ്രശാന്തിന്റെ അറിവോടെയെന്ന് കണ്ടെത്തിയിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വീഴ്ചകള്‍ കണ്ടെത്തിയത്. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ ഓണഘോഷത്തിന്റെ ഭാഗമായി കെട്ടിയ ഊഞ്ഞാലില്‍ ആടി റീല്‍സ് ചിത്രീകരിച്ചത് വിവാദമായിരുന്നു. സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയ പ്രതികള്‍ പൊലീസുകാര്‍ ധരിച്ച അതേ നിറമുള്ള ഷര്‍ട്ട് ധരിച്ചാണ് റീല്‍സ് ചിത്രീകരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഊഞ്ഞാലിലാണ് ഇവര്‍ ആടിയത്. പ്രതികള്‍ സ്റ്റേഷനില്‍ ഊഞ്ഞാലാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
Content Highlights: The Enforcement Directorate has criticised the police after accused in the ED attack case reportedly held an Onam celebration in front of a police station.