'മോദിയെ ഇനിയും ഈ പാർട്ടിയിൽ ഇരുന്ന് സ്തുതിച്ചാൽ മറുപടി നൽകാൻ അറിയാത്തവരാണ് എന്ന് കരുതേണ്ട';ശശി തരൂരിന് വിമർശനം

ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രഞ്ജിത്ത് അമ്പലമുക്ക്

'മോദിയെ ഇനിയും ഈ പാർട്ടിയിൽ ഇരുന്ന് സ്തുതിച്ചാൽ മറുപടി നൽകാൻ അറിയാത്തവരാണ് എന്ന് കരുതേണ്ട';ശശി തരൂരിന് വിമർശനം
dot image

തിരുവനന്തപുരം: ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. തരൂരിന്റെ മോദി സ്തുതിക്ക് പിന്നാലെയാണ് വിമര്‍ശനം. തിരുവനന്തപുരത്ത് കാലുകുത്തുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചൂട് അറിയും എന്നാണ് യൂത്ത് കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അമ്പലമുക്കിന്റെ അതിരൂക്ഷ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രഞ്ജിത്ത് വിമർശനം ഉന്നയിച്ചത്.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും രഞ്ജിത്ത് പറഞ്ഞു. സ്വന്തം കഴിവില്‍ ജയിച്ചു എന്നാണ് ധാരണയെങ്കിൽ യൂത്ത് കോണ്‍ഗ്രസ് താങ്കളെ തിരുത്തും. തങ്ങളെ പോലെയുള്ള ഒരുപാടുപേരുടെ വിയര്‍പ്പാണ് അങ്ങയുടെ 'എംപി' സ്ഥാനമെന്നും രഞ്ജിത്ത് പറഞ്ഞു. താങ്കള്‍ ഈ പാര്‍ട്ടിയില്‍ വന്നത് എന്നാണ് എന്ന് ഓര്‍മിക്കുന്നത് നല്ലതാണ്. ഇന്നുവരെ ഒരു സമരത്തില്‍ പോലും തങ്ങള്‍ അങ്ങയെ കണ്ടിട്ടില്ല. പാര്‍ട്ടിയുടെ കൊടിയും പിടിച്ചതായി തങ്ങള്‍ക്ക് അറിവില്ല. തങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണാണെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടുന്നു.

മോദിയെ ഇനിയും ഈ പാര്‍ട്ടിയില്‍ ഇരുന്നുകൊണ്ട് സ്തുതിച്ചാല്‍ മറുപടി നല്‍കാന്‍ അറിയാത്തവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്ന് കരുതേണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. ഇത് താക്കീതല്ല വെല്ലുവിളി ആണ് എന്ന് തന്നെ കരുതിക്കൊള്ളൂ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ശശി തരൂരിനെതിരെ വിമർശനം ഉന്നയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ബിജെപിക്ക് സുഖിക്കുന്ന വര്‍ത്തമാനം പറയരുതെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്.

ജെന്‍സികളെ കേള്‍ക്കാന്‍ കോണ്‍ഗ്രസിനായോ എന്ന് പരിശോധിക്കണമെന്നായിരുന്നു ശശി തരൂര്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം. സിജെപിക്ക് ജെന്‍സികളുടെ ശബ്ദമാകാന്‍ കഴിഞ്ഞുവെന്നും ഇതേപോലെ കോണ്‍ഗ്രസിന് അവരുടെ വിഷയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ സാധിച്ചില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. എന്തുകൊണ്ട് ഇതിന് കഴിഞ്ഞില്ലെന്ന് സ്വയം ചിന്തിക്കണം. രാഹുല്‍ ഗാന്ധിയും വിദ്യാര്‍ത്ഥികളുടെ വിഷയങ്ങള്‍ ഏറ്റെടുത്തിരുന്നു, എന്നാല്‍ സിജെപിയെ പോലെ ഫലപ്രദമായില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. മുംബൈയില്‍ നടന്ന സംവാദ പരിപാടിയിലായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് വിശദീകരിച്ച് തരൂര്‍ രംഗത്തെത്തിയിരുന്നു.

Content Highlights: Youth Congress Vattiyoorkavu constituency president Ranjith Ambalamukku has sharply criticised Shashi Tharoor following his remarks praising Prime Minister Narendra Modi. In a Facebook post, Ranjith accused Tharoor of making statements that put the Congress in a difficult position and warned that the Youth Congress would respond when he returns to Thiruvananthapuram, while asserting continued support for Rahul Gandhi.

dot image
To advertise here,contact us
dot image