

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പില്ല. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് 5.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) എന്നിവിടങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ മണ്ണിടിച്ചില്‍. പടിക്കെട്ടിന് സമീപത്തെ സുരക്ഷാ മതില്‍ ഇടിഞ്ഞു. കൈവരിയും സുരക്ഷാമതിലും കുഴിയിലേക്ക് ഇടിഞ്ഞുവീണു. ആളപായമില്ല. പടിക്കെട്ടിലൂടെ മഴവെള്ളം ഇടിഞ്ഞ ഭാഗത്തേക്ക് ഒഴുകുകയാണ്.
അതിശക്തമായ മഴയെ തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
അടിമാലി മേഖലയില്‍ വീണ്ടും അതിശക്തമായ മഴ. അടിമാലി ടൗണിലും വാളറ നേര്യമംഗലം ഭാഗത്തും അതിശക്തമായ മഴയാണ് പെയ്യുന്നത്. ലക്ഷംവീട് ഉന്നതിക്ക് സമീപം വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ട്. അടിമാലി കല്ലാര്‍ക്കുട്ടി പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മുരിക്കാശ്ശേരി, തോപ്രാംകുടി മേഖലകളിലും മഴ കനക്കുകയാണ്.
ഇടുക്കിയില്‍ മഴ കനക്കുന്നു. ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് മണിക്കൂര്‍ ജില്ലയില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്ന് മണിക്കൂര്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്നും കളക്ടർ അറിയിച്ചു.
മഴ മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കുൾപ്പടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും, കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാലും, ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. (സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപനം).
പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ,
കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
നാളെ (08.08.2026 )ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE, ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08.08.2026 )അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ (ഓഗസ്റ്റ് 8) കാസർകോട് ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നാളെ അവധി പ്രഖ്യാപിച്ചു
കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
കണ്ണൂർ താബോറിൽ വീണ്ടും മണ്ണിടിച്ചിൽ. തൊണ്ടംകുന്ന് ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ഉരുൾപൊട്ടിയിരുന്നു.
ഉദയഗിരി താബോർ റോഡ് അടച്ചിരിക്കുകയാണ്.
അമ്പലപ്പുഴ- തിരുവല്ല പാതയിൽ KSRTC ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. നേരത്തെ നെടുമ്പ്രം ഭാഗത്ത് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സർവീസ് നിര്‍ത്തി വെച്ചിരുന്നു. ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് KSRTC ബസ് സര്‍വ്വീസ് പുനരാരംഭിച്ചത്.
പത്തനംതിട്ടയില്‍ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയെന്ന പരാതിയില്‍ എംവിഡി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പൊല്യൂഷന്‍ സർട്ടിഫിക്കറ്റ് ഇല്ല, നിയമവിരുദ്ധ ലൈറ്റുകള്‍ ഉപയോഗിച്ചു എന്നതിന്റെ പേരിലാണ് പിഴ ചുമത്തിയത്. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരമാണ് സസ്പെന്‍ഷന്‍. സ്പെയർപാർട്സ് വാങ്ങാൻ അടൂരിലേക്ക് പോയി എന്നാണ് വാഹന ഉടമയുടെ വിശദീകരണം.
ആറന്മുള എഴിക്കാട് ഉന്നതയിൽ പട്ടികജാതി കുടുംബങ്ങൾക്കായി ഭക്ഷണസാമഗ്രികൾ എത്തിച്ചു. വില്ലേജ് ഓഫീസർ നേരിട്ട് എത്തിയാണ് ഭക്ഷണസാമഗ്രികൾ നൽകിയത്. റിപ്പോർട്ടർ വാർത്തക്ക് പിന്നാലെയാണ് അബിൻ വർക്കി എംഎല്‍എ വിഷയത്തില്‍ ഇടപെട്ടത്.
ദുരിതാശ്വാസ ക്യാമ്പ് നിറഞ്ഞതിനാൽ പത്തനംതിട്ട എഴിക്കാട് ഉന്നതിയിലെ പട്ടികജാതി കുടുംബങ്ങൾ കഴിയുന്നത് വായനശാലയിലും നഴ്സറിയിലും. വായനശാലയിലും നഴ്സറിയിലും ആയി 10 കുടുംബങ്ങളാണ് കഴിയുന്നത്. ഔദ്യോഗിക ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ പട്ടികയിൽ ഈ പട്ടികജാതി കുടുംബങ്ങൾ ഇല്ല. സർക്കാർ തങ്ങളെയും പരിഗണിക്കണമെന്ന് ക്യാമ്പിൽ കഴിയുന്ന പട്ടികജാതി കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
കുതിരാനിലെ ഇരട്ട തുരങ്ക മുഖത്ത് നേരിയ മണ്ണിടിച്ചിൽ. പടിഞ്ഞാറ് തുരങ്കമുഖത്തിനു മുകളിലായാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിലവിൽ നേരിയ തോതിൽ മാത്രമാണ് മണ്ണ് ഇടിഞ്ഞിട്ടുള്ളത്.
ആലപ്പുഴ, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴ അതിതീവ്രമാകുന്ന സാഹചര്യത്തിലാണ് ഇത്. തൃശൂർ, കോഴിക്കോട് ജില്ലകളിൽ അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. 40 കി.മീ വേഗതയിൽ കാറ്റിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
ജലനിരപ്പിൽ കാര്യമായ മാറ്റമില്ലാതെ കുട്ടനാട്. ഉൾനാടൻ റോഡുകളെല്ലാം വെള്ളത്തിനടിയിലായതുകൊണ്ട് കുട്ടനാട്ടിലെ ഗതാഗത സംവിധാനം പൂർണമായി നിലച്ചു. മടവീഴ്ചയെ തുടർന്ന് വെള്ളം കുത്തിയൊഴുകി എത്തിയതോടെ ചമ്പക്കുളം മങ്കൊമ്പ് റോഡിലെ ഗതാഗതം ഇന്നലെ മുതൽ പൂർണമായും തടസ്സപ്പെട്ടു. മിക്കയിടങ്ങളിലും കെഎസ്ആർടിസി സർവീസുകളും നിർത്തിവെച്ചു. കാവാലം ജങ്കാർ സർവീസ് നിർത്തിവെച്ചതോടെ കാവാലം പഞ്ചായത്ത് പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ജലഗതാഗത വകുപ്പ് ബോട്ട് സർവീസുകൾ പുനരാരംഭിക്കുകയും സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തത് ആശ്വാസമായിട്ടുണ്ട്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലും അമ്പലപ്പുഴ തിരുവല്ല റോഡിലും ഗതാഗതം അഞ്ചാം ദിവസവും ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.
തൃശൂർ മടവാക്കരയിൽ തേക്കുമരം കടപുഴകി വീടിന് മുകളിൽ വീണ് അപകടം. മരം കടപുഴകി റോഡ് കുറുകെ കടന്നാണ് വീടിനു മുകളിലേക്ക് വീണത്. ഓടിട്ട വീടിന്റെ മേൽക്കൂരയ്ക്ക് തകരാർ സംഭവിച്ചു. ഇന്ന് വെളുപ്പിന് അഞ്ചേ കാലോടെ കനത്ത മഴയ്ക്കിടെയാണ് മരം വീണത്. പാലിയേക്കര ടോൾ ഒഴിവാക്കി പോകുന്ന മടവാക്കര വഴിയിൽ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനിന് തകരാർ സംഭവിച്ചിട്ടുണ്ട്. നാട്ടുകാർ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
മൂവാറ്റുപുഴ മാറാടിയിൽ മണ്ണിടിച്ചിൽ. കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. കളിമണ്ണും കൂറ്റൻ പാറക്കഷണങ്ങളും വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ മേഖലയ്ക്ക് സമീപം നിരവധി പാറമടകളുണ്ട്. പാറമടകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണെങ്കിലും വൻതോതിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.
എറണാകുളത്തും കോട്ടയത്തും ഒറ്റപ്പെട്ട ശക്തമായ മഴതുടരുന്നു. രാത്രി മുതൽ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയിൽ മഴയുണ്ടെങ്കിലും വലിയ വെള്ളക്കെട്ടുകൾ ഇല്ലെന്നത് ആശ്വാസമാണ്. കോട്ടയത്തും വെള്ളമിറങ്ങി തുടങ്ങി. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് തുടരുകയാണ്.
തൃശ്ശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ (ഓഗസ്റ്റ് 7) അവധി പ്രഖ്യാപിച്ചു
കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ജില്ലയിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക നാളെ അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
ഇന്ന് റെഡ് അലെർട്ടും നാളെ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 7, വെള്ളി) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ നാളെ (ഓഗസ്റ്റ് 7) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജുകള്‍, മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്നും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
ജില്ലയിൽ അതിശക്തമായ മഴയെത്തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി നാളെ (07.08.2026 വെള്ളിയാഴ്ച്ച) ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി നൽകിക്കൊണ്ട് ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവായി. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അംഗന്‍വാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങൾ നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ എല്ലാവിധ വിനോദസഞ്ചാരങ്ങളും സാഹസിക വിനോദങ്ങളും നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാൽ നടപടി സ്വീകരിക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. മലയോരമേഖലയിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ് പ്രവർത്തികൾ, തോട്ടം മേഖലയിലെ ജോലികൾ, ദേശീയപാത നിർമ്മാണം എന്നിവ നിർത്തിവയ്ക്കണമെന്നും നിർദേശമുണ്ട്.
ഇടുക്കി കട്ടപ്പന ലബ്ബക്കടയിൽ വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂര തകർന്നു വീണു. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. കെട്ടിടത്തോട് ചേർന്ന് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്കും മേൽക്കൂരയുടെ അവശിഷ്ടങ്ങൾ പതിച്ചു. ഒരാള്‍ക്ക് നിസാര പരിക്കുണ്ട്. കടയിലെ സാധനങ്ങള്‍ നശിക്കുകയും സമീപത്തുണ്ടായിരുന്ന കാറിന് കേടുപാടുണ്ടാകുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴയായിരുന്നു ലഭിച്ചത്. വെള്ളം ഇറങ്ങിയതാകാം മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
അതിശക്തമായ മഴ ഇന്നും തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും വ്യാപക മഴ തുടരും. രണ്ട് ദിവസത്തിന് ശേഷം മഴ കുറയുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തൃശൂർ മണലി പുഴയിൽ മുങ്ങിയ കാർ കണ്ടെത്താൻ ഇന്നും തിരച്ചിൽ. കഴിഞ്ഞദിവസം പുലർച്ചയാണ് കാറുമായി യാത്രക്കാരൻ പുഴയിൽ മുങ്ങിയത്. കാർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇന്നലെ മുഴുവനും തിരച്ചിൽ നടത്തിയെങ്കിലും കാർ കണ്ടെത്താനായിരുന്നില്ല.
കാർ യാത്രക്കാരൻ ചാവക്കാട് സ്വദേശി സിനാൻ കാറിന്റെ വിൻഡോയിലൂടെയായിരുന്നു രക്ഷപ്പെട്ടത്. ആലുവയിൽ LLB വിദ്യാർഥിയാണ് നിസാന്‍. പാലിയേക്കര ടോൾ പ്ലാസ ഒഴിവാക്കി പോകുന്ന മടവാക്കരയിലായിരുന്നു സംഭവം. ടാറ്റ നെക്സോൺ ഇവി കാറാണ് മുങ്ങിയത്. കാർ കണ്ടെത്താൻ മുങ്ങൽ വിദഗ്ധരുടെ തിരച്ചിൽ തുടരുന്നുണ്ട്.
എ സി റോഡിൽ വെള്ളക്കെട്ട് തുടരുന്നു. മടവീഴ്ചയിൽ കൂടുതൽ വെള്ളം റോഡിലേക്ക് ഒഴുകിയെത്തുകയാണ്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് മങ്കൊമ്പ് മുതൽ വെള്ളക്കെട്ടുണ്ട്. ഇതോടെ ഗതാഗതം ഭാഗികമായി നിലച്ച അവസ്ഥയാണ്.
ഇടുക്കിയുടെ മലയോര മേഖലകളിൽ വീണ്ടും മഴ ശക്തമാകുന്നു. പുലർച്ചെ മുതൽ ഇടവിട്ട് മഴ തുടരുന്നു.
കള്ളക്കടൽ പ്രതിഭാസത്തിനുള്ള സാധ്യതയെ തുടർന്ന് മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ വരെയുമാണ് മുന്നറിയിപ്പ്. നാളെ രാവിലെ വരെ ഈ ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമായാൽ അപകട സാധ്യതാ മേഖലകളിൽ നിന്ന് മാറി താമസിക്കണം, ചെറിയ വള്ളങ്ങളും മത്സ്യബന്ധന യാനങ്ങളും കെട്ടി സൂക്ഷിക്കണം, ബീച്ചിലേക്കുള്ള യാത്രകളും വിനോദങ്ങളും പൂർണമായി ഒഴിവാക്കണം എന്നും നിർദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ മഴ കനക്കും. ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴക്കാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 50 കി.മീ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ആലപ്പുഴയില്‍ നാളെ മൂന്ന് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
റോ റോ സര്‍വീസ് നാളെയും ഉണ്ടാകില്ല
ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് കൊച്ചി-വൈപ്പിന്‍ റോ റോ സര്‍വീസ് നാളെയും ഉണ്ടാകില്ല
മത്സ്യബന്ധനത്തിന് വിലക്ക് നീട്ടി
കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് നീട്ടി. ഈ മാസം എട്ടുവരെയാണ് വിലക്ക് നീട്ടിയത്. 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്.
കൊച്ചി- വൈപ്പിൻ റോറോ സർവീസ് നിർത്തി. ഇന്നലെ റോറോ കടലിലേക്ക് ഒഴുകി പോയിരുന്നു. ഒഴുക്ക് കൂടിയതിനാൽ സർവീസ് നിർത്തിയെന്നാണ് വിശദീകരണം. മുന്നറിയിപ്പ് ഇല്ലാതെ സർവീസ് നിർത്തിയതിനാൽ യാത്രക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്.
മുല്ലപ്പെരിയാർ ഡാം : 120.70 അടി - പരമാവധി സംഭരണ ശേഷി 137. 5 അടി
ഇടുക്കി ഡാം : 2349 അടി ( 45.02 % ) - പരമാവധി സംഭരണ ശേഷി 2383 അടി
മലങ്കര ഡാം : 39.80 മീറ്റർ - രണ്ട് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നു
കല്ലാർക്കുട്ടി : 456 മീറ്റർ - രണ്ട് ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കുന്നു
പാംബ്ല : 253 മീറ്റർ ( 100 % ) - രണ്ട് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കുന്നു
ചെങ്കുളം ഡാം : 846 മീറ്റർ (48.48 % )
കുണ്ടള ഡാം : 1749 മീറ്റർ ( 31 %)
ആനയിറങ്കൽ ഡാം : 1196 മീറ്റർ (25.11 % )
പൊൻമുടി ഡാം : 700 മീറ്റർ ( 63.88 % )
മാട്ടുപ്പെട്ടി ഡാം : 1569 മീറ്റർ (6.19 % )
കോട്ടയത്ത് വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ നിന്നുമാണ് ആശ്വാസമായി വെള്ളം ഇറങ്ങിത്തുടങ്ങിയത്.
വയനാട് കാവുമന്ദം ചോലപ്പുറത്ത് റോഡിന്റെ ഒരുഭാഗം പുഴയിലേക്ക് ഇടിഞ്ഞു വീണു. റോഡരിക് തകർന്നതോടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കമ്പളക്കാട്,കോട്ടത്തറ ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴി തടസ്സപ്പെട്ടതോടെ നാട്ടുകാർ ദുരിതത്തിലായി. അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
തിരുവല്ലയിൽ വെള്ളം ഇറങ്ങുന്നു. പലയിടങ്ങളിലും വെള്ളക്കെട്ട് കുറയുന്നുണ്ട്. അതേസമയം വെള്ളം ഒഴുകിപോകുന്നത് മാന്നാർ ചെങ്ങന്നൂർ ഭാഗത്തേക്കാണ്. എം സി റോഡിൽ തിരുമൂലപുരത്ത് വെള്ളക്കെട്ട് പൂർണമായും മാറിയിട്ടുണ്ട്. എന്നാല്‍ പുളിക്കീഴ്, കടപ്ര, നിരണം എന്നിവിടങ്ങളിൽ വീടുകളിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്.
കനത്ത മഴയില്‍ മലപ്പുറം ചേലേമ്പ്രയിൽ ബഹുനില കെട്ടിടത്തിൻ്റെ ഭിത്തി നിലംപൊത്തി. കെട്ടിടം അപകടവസ്ഥയിലാണ്. കരിങ്കൽ ഭിത്തിയും ചുറ്റുമതിലും ഉൾപ്പെടെ താഴേക്ക് പതിച്ചു. ആരോഗ്യ ചികിത്സാലയം പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിൻ്റെ ഭിത്തിയാണ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിൽ താമസിച്ച് ചികിത്സ നടത്തുന്നവരെ മാറ്റിപ്പാർപ്പിക്കാന്‍ നിർദേശമുണ്ട്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കിയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ജലവിനോദങ്ങള്‍, ട്രക്കിങ്, സാഹസിക വിനോദങ്ങള്‍ എന്നിവ നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും. തൊഴിലുറപ്പ് പ്രവര്‍ത്തികള്‍, തോട്ടം ജോലികള്‍, ദേശീയപാത നിര്‍മ്മാണം, എന്നിവ നിര്‍ത്തിവെക്കമെന്നും ജില്ലാ കളക്ടറുടെ നിര്‍ദേശമുണ്ട്. മഴക്കെടുതിയില്‍ ഇടുക്കിയില്‍ പതിനൊന്നരകോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി അനുപ് ജേക്കബ് പറഞ്ഞു.
അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. തിരുവൻവണ്ടൂർ, മുട്ടാർ, തലവടി അടക്കമുള്ള പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷം. അച്ചൻകോവിൽ, പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഗ്രാമീണ റോഡുകളിൽ ഗതാഗതം പ്രതിസന്ധിയിലാണ്. ഭൂരിഭാഗം റോഡുകളിലേക്കും വെള്ളം കയറി. അതേസമയം പാണ്ടനാട്, ബുധനൂർ അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ചെറിയതോതിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
ആറന്മുളയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പ്രധാന റോഡുകളിൽ ഭൂരിഭാഗവും സഞ്ചാരയോഗ്യമാണ്. ഉൾപ്രദേശത്തെ റോഡുകളിൽ ചിലത് ഇപ്പോഴും വെള്ളത്തിനടിയിലാണ്.
പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്. അതിതീവ്ര മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറില്‍ 12 ജില്ലകളില്‍ ശക്തമായ മഴയ് ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
101 വയസുകാരിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
വീടിന് ചുറ്റും വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് കോട്ടയം അയ്മനത്തുപുഴ സ്വദേസിനി 101 വയസുകാരി അക്കാമ്മയെ എന്‍ഡിആര്‍എഫ് സംഘം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജില്ലാ കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം.
101 വയസുകാരിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
വീടിന് ചുറ്റും വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് കോട്ടയം അയ്മനത്തുപുഴ സ്വദേസിനി 101 വയസുകാരി അക്കാമ്മയെ എന്‍ഡിആര്‍എഫ് സംഘം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജില്ലാ കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം.
ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
മിന്നല്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്
അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത. ഇത് സംബന്ധിച്ച് ഐഎംഡിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ താലൂക്കിലെ പമ്പ, അച്ചന്‍കോവിലാര്‍ എന്നിവയുടെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ആവശ്യമെങ്കില്‍ സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വൈകാതെ മാറുകയും ചെയ്യണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍
മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍. ജലവിനോദങ്ങള്‍, ട്രക്കിംഗ്, സാഹസിക വിനോദങ്ങള്‍ എന്നിവ നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിക്കും വരെ വൈകിട്ട് 7 മണി മുതല്‍ രാവിലെ 6 മണി വരെ മലയോര മേഖലയില്‍ യാത്രാ നിരോധനം. ഖനനപ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ് പ്രവര്‍ത്തികള്‍, തോട്ടം ജോലികള്‍, ദേശീയപാത നിര്‍മ്മാണം, എന്നിവ നിര്‍ത്തിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
നാളെ അവധി
കനത്തമഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട്ടിൽ നാളെ റെഡ് അലേർട്ടാണ്. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാവുന്നതുമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. റെഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം.
താമരശ്ശേരി ചുരം, ബോയ്‌സ് ടൗണ്‍–പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കി, അനിവാര്യമായ യാത്രകള്‍ മാത്രമേ നടത്താവൂ എന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഈ മാസം 6 വരെ മത്സ്യ ബന്ധനത്തിന് വിലക്ക് തുടരും. കേരള- ലക്ഷദ്വീപ് കർണാടക തീരങ്ങളിലാണ് വിലക്ക്. തീരദേശ വാസികളും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
വീടിനു മുകളിലേക്ക് മരം കടപുഴകി വീണു. തിരുവനന്തപുരം കാട്ടാക്കട കൊറ്റംകുഴിയിൽ ആണ് സംഭവം. കൊറ്റംകുഴി സ്വദേശി വിമലയുടെ വീടിനു മുകളിലേക്കാണ് മരം വീണത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അടുത്ത പുരയിടത്തിലെ മരമാണ് കടപുഴകി വീടിനു മുകളിലേക്ക് പതിച്ചത്. വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടമാണ് ഒഴിവായത്.
രക്ഷാപ്രവർത്തനത്തിനിടെ കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട കാണാതായ തിരുവനന്തപുരം പെരിങ്ങമല സ്വദേശി ആർ രാജേഷിന്റെ മൃതദേഹം കണ്ടെത്തി. പുളിങ്ങോം പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മുഖ്യമന്ത്രി വി ഡി സതീശന്‍ പത്തനംതിട്ടയില്‍. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും.
പ്രളയത്തില്‍ കെഎസ്ഇബിക്ക് 25 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് മന്ത്രി സണ്ണി ജോസഫ്. പത്തനംതിട്ടയിലെയും ആലപ്പുഴയിലെയും പ്രളയബാധിത മേഖലയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള കാര്യങ്ങൾ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ സന്ദർശനം വൈകിയിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഒഴുകിപ്പോയ വാട്ടർ ടാങ്ക് പിടിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം. മണർകാട് വെള്ളക്കെട്ടിൽ വീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പറമ്പുകര സ്വദേശി ശരണിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 45 ഓടെയാണ് സംഭവം. മഴയത്ത് ശരണിന്റെ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോയിരുന്നു. ഇത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീടിന് പുറകിലെ വെള്ളക്കെട്ടിൽ മുങ്ങിത്താഴുകയായിരുന്നു.
എസി റോഡിൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറി. മങ്കൊമ്പ് മുതൽ ചങ്ങനാശ്ശേരി വരെയുള്ള ഭാഗങ്ങളിലാണ് വെള്ളം കയറിയത്. വരുന്ന മണിക്കൂറുകളിൽ ഗതാഗതം പൂർണമായും നിലക്കാന്‍ സാധ്യത.
തിരുവല്ലയിൽ വീണ്ടും മഴ ആരംഭിച്ചതോടെ സ്ഥിതി ഗുരുതരം എന്ന് എംഎൽഎ വർഗീസ് മാമൻ. സർക്കാരിന്റെ കൂടുതൽ ശ്രദ്ധ തിരുവല്ലയിൽ വേണം. പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ച് തുടർനടപടികൾ സ്വീകരിക്കണം. ക്യാമ്പുകളിലും വെള്ളം കയറുന്ന അവസ്ഥയാണ്. ചില ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കാൻ കഴിയുന്നില്ല. ക്യാമ്പുകളിൽ നിന്ന് ആളുകളെ മാറ്റേണ്ടി വരുമെന്നും വർഗീസ് മാമൻ റിപ്പോർട്ടറിനോട് പറഞ്ഞു.
പത്തനംതിട്ടയിലെ മഴക്കെടുതികൾ വിലയിരുത്താൻ മുഖ്യമന്ത്രി. പത്തനംതിട്ടയിൽ ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. വകുപ്പ് മേധാവിമാരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. ഉച്ചക്ക് 12ന് കോഴഞ്ചേരി റസ്റ്റ് ഹൗസിലാണ് യോഗം ചേരുക. ജില്ലാ കളക്ടർ, റൂറൽ എസ് പി, ഡിഎംഒ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കൃഷി ഓഫീസറും മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കും. മന്ത്രി പി സി വിഷ്ണുനാഥും എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും.
റാന്നിയിൽ കെഎസ്ഇബിക്ക് വൻ നാശനഷ്ടം. മാമുക്കിലെ രണ്ട് ട്രാൻസ്ഫോമറുകൾ വെള്ളം കയറി നശിച്ചു. രണ്ട് ട്രാൻസ്ഫോർമറുകളും മാറേണ്ടി വരുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പരമാവധി വേഗത്തിൽ ട്രാൻസ്ഫോമറുകൾ മാറ്റാനാണ് കെഎസ്ഇബിയുടെ ശ്രമം.
ചെങ്ങന്നൂർ പാണ്ടനാട് വെള്ളക്കെട്ടിൽ വീണ് മരണം. പാണ്ടനാട് മിത്രമഠം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പാണ്ടനാട് സ്വദേശി ശിവദാസ് (43) ആണ് മരിച്ചത് എന്നാണ് സംശയം. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയേണ്ടതുണ്ട്. ഇന്നലെ രാത്രിവീട്ടിൽ നിന്ന് ഇറങ്ങിയ ശിവദാസ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പാർക്ക് ചെയ്തിരുന്ന വാഹനം വെള്ളക്കെട്ടിൽ ആണോ എന്ന് നോക്കാനായിരുന്നു പോയത്.
ചാത്തങ്കരി ഉൾപ്പെടെ അപ്പർ കുട്ടനാട് മേഖലയിലെ ക്യാംപുകളിൽ വെള്ളം കയറുന്നുവെന്ന് തിരുവല്ല എംഎൽഎ വർഗീസ് മാമ്മൻ. ഈ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ തിരുവല്ലയിലേക്ക് മാറ്റും. ക്യാംപുകളിലേക്ക് ഭക്ഷണം എത്തിക്കാൻ പ്രയാസമുണ്ടെന്നും തിരുവല്ലയ്ക്ക് കൂടുതൽ സഹായം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ഇടുക്കിയിൽ ശക്തമായ മഴയ്ക്ക് ശമനം. എങ്കിലും ഡാമുകളിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്. എന്നാല്‍ ഇടുക്കിയും മുല്ലപ്പെരിയാറും തുറക്കേണ്ട സാഹചര്യം ഇല്ലെന്നാണ് അറിയിപ്പ്. ഇടുക്കിയിൽ ജലനിരപ്പ് 2346 അടിയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 30 അടി കുറവാണ്. 38 അടി കൂടി ഉയർന്നാൽ മാത്രമാണ് ഡാം തുറക്കേണ്ടി വരിക. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 119.75 അടിയാണ്. കല്ലാർകുട്ടി, പാംബ്ല, മലങ്കര ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കി വിടുന്നുണ്ട്. കല്ലാർ, ഇരട്ടയാർ ഡാമുകളിൽ റെഡ് അലേർട്ട് നിലവിലുണ്ട്.
ആലപ്പുഴ മുതൽ ചങ്ങനാശ്ശേരി വരെ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എംസി റോഡിൽ പലയിടത്തും യാത്രാദുരിതം. എ സി കനാൽ കരകവിഞ്ഞൊഴുകുകയാണ്. ലോവർ കുട്ടനാടിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. ജില്ലയിൽ ആകെ 53 ദുരിതാശ്വാസ ക്യാമ്പുകളിലായി 813 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
എംസി റോഡിൽ തിരുമൂലപുരത്ത് വൻ ഗതാഗതക്കുരുക്ക്. റോഡിൽ വെള്ളം കയറിയതോടെ ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്. വലിയ വാഹനങ്ങൾക്ക് മാത്രമാണ് നിലവില്‍ റോഡിലൂടെ കടന്നുപോകാൻ സാധിക്കുന്നത്.
തിരുവല്ലയിൽ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. നിരണം, പുളിക്കീഴ് ഉൾപ്പെടെയുള്ള മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി.
ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, മലപ്പുറം (ഓറഞ്ച് അലര്‍ട്ട്: അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മുഖ്യമന്ത്രി നാളെ പത്തനംതിട്ടയില്‍
മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ പത്തനംതിട്ടയില്‍. നാളെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്തുക. ആറന്മുള, റാന്നി അടക്കമുള്ള ദുരന്തബാധിത മേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.
കെഎസ്ഇബിക്ക് നഷ്ടം 25.43 കോടി
കനത്തമഴയില്‍ കെഎസ്ഇബിക്ക് നഷ്ടം 25.43 കോടി. മഴക്കെടുതി കെഎസ്ഇബിയുടെ 2892 ട്രാന്‍സ്‌ഫോര്‍മറുകളെ ബാധിച്ചു. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 2599 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 233 ട്രാന്‍സ്‌ഫോര്‍മറുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. 63676 ഉപഭോക്താക്കള്‍ക്ക് ഇനിയും വൈദ്യതിബന്ധം നല്‍കാനുണ്ട്. വൈദ്യുതി തകരാറുകള്‍ പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം നടക്കുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി തകരാര്‍ കൂടുതല്‍ ബാധിച്ചത് കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലെ ഉപഭോക്താക്കളെയാണ്.
പശുക്കളെ കൈമാറി
കോട്ടയം തീക്കോയിയില്‍ വെള്ളപ്പൊക്കത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകന് നാല് പശുക്കളെ കൈമാറി മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തീക്കോയി സ്വദേശി അനില്‍കുമാറിന് 11 പശുക്കളെയാണ് വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടത്. മന്ത്രി ബിന്ദു കൃഷ്ണ തീക്കോയിയില്‍ നേരിട്ടെത്തിയാണ് പശുക്കളെയും കാലിത്തീറ്റയും കൈമാറിയത്. പശുക്കളില്‍ രണ്ടെണ്ണം ഗര്‍ഭിണികളാണ്. കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍, വെറ്ററിനറി ടീച്ചേഴ്‌സ് അസോസിയേഷന്‍, കെഎല്‍ഡിബി, മില്‍മ, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പശുക്കളെ കൈമാറിയത്. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നത് പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയാണ് എന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ധനസഹായം ലഭ്യമാക്കാന്‍ വേണ്ടത് ചെയ്യുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
പിഎസ്‌സി പരീക്ഷകള്‍ മാറ്റി
കനത്തമഴയെ തുടര്‍ന്ന് പിഎസ്‌സി പരീക്ഷകള്‍ മാറ്റി. 4,5,6,10 തിയതികളില്‍ നിശ്ചയിച്ച എല്ലാ ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
'സ്‌കൂളിന് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണം'
സ്‌കൂളിന് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് നിര്‍ദേശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. പൊതുവിദ്യാഭ്യാസ വകുപ്പിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇലക്ട്രിക് പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഈ മാസം ഏഴ് വരെ മഴ തുടരും
കേരളത്തില്‍ ഈ മാസം ഏഴ് വരെ മഴ തുടരും. 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരളതീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇവയുടെ സ്വാധീനം മൂലമാണ് മഴ.
വൈസ് ചാന്‍സലേഴ്‌സ് കോണ്‍ക്ലേവ് മാറ്റിവെച്ചു
നാളെ നടക്കാനിരുന്ന വൈസ് ചാന്‍സലേഴ്‌സ് കോണ്‍ക്ലേവ് മാറ്റിവെച്ചു. മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിലാണ് കോണ്‍ക്ലേവ് മാറ്റിയത്. രാവിലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു കോണ്‍ക്ലേവ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അറിയിച്ചു.
മുഖ്യമന്ത്രി ഭക്ഷണം കഴിച്ചതിനെ ആരും വിമര്‍ശിച്ചിട്ടില്ലെന്ന് എം വി ജയരാജന്‍
മുഖ്യമന്ത്രി ഭക്ഷണം കഴിച്ചതിനെ ആരും വിമര്‍ശിച്ചിട്ടില്ലെന്ന് സിപിഐഎം നേതാവ് എം വി ജയരാജന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം ഉണ്ടാകാത്തതിലാണ് വിമര്‍ശനം. ഏകോപാനം പൂര്‍ണമായും പാളി. മുഖ്യമന്ത്രി മറ്റ് പരിപാടികള്‍ റദ്ദാക്കണമായിരുന്നു. മുഖ്യമന്ത്രി തിരുവനന്തപുരത്ത് കേന്ദ്രീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും. ചുമതലയുള്ള മന്ത്രിമാര്‍ ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല. 2018, 19 പ്രളയ കാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാതൃകയാണ്. അന്ന് മുഖ്യമന്ത്രി ചികിത്സ പോലും മാറ്റിവെച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നുവെന്നും എം വി ജയരാജന്‍ പറഞ്ഞു.
കോഴിക്കോട് പെരുവയലില്‍ വീട്ടുമുറ്റത്തെ കിണറും ശുചിമുറിയും ഇടിഞ്ഞ് താഴ്ന്നു
കോഴിക്കോട് വീട്ടുമുറ്റത്തെ കിണറും ശുചിമുറിയും ഇടിഞ്ഞ് താഴ്ന്നു. പെരുവയലിലാണ് സംഭവം. പെരുവയല്‍ സ്വദേശി ഷമീറിന്റെ വീട്ടിലാണ് സംഭവം.
വീട് അപകടാവസ്ഥയിലാണ്.
കേരളത്തില്‍ മൂന്ന് ദിവസത്തിനിടെ ലഭിച്ചത് സാധാരണയുടെ മൂന്നിരട്ടിയിലേറെ മഴ
കേരളത്തില്‍ മൂന്ന് ദിവസത്തിനിടെ ലഭിച്ചത് സാധാരണയുടെ മൂന്നിരട്ടിയിലേറെ മഴ. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ ആകെ ലഭിച്ചത് 184.2 മില്ലി മീറ്റര്‍ മഴയാണ്. സാധാരണയായി ലഭിക്കേണ്ടത് 55.4 മില്ലി മീറ്റര്‍ മഴയായിരുന്നു. 14 ജില്ലകളില്‍ 13 ജില്ലകളിലും 60 ശതമാനത്തിലേറെ അധികമഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. സാധാരണയേക്കാള്‍ 533% കൂടുതല്‍ മഴയാണ് പത്തനംതിട്ടയില്‍ ലഭിച്ചത്. (സാധാരണയുടെ 6.33 ഇരട്ടി മഴ). രണ്ടാമത് തിരുവനന്തപുരം 457% കൂടുതല്‍ മഴ ലഭിച്ചു (സാധാരണയുടെ 5.57 ഇരട്ടി മഴ).
60 ശതമാനമോ അതില്‍ കൂടുതലോ മഴ ലഭിച്ച ജില്ലകള്‍
പത്തനംതിട്ട (533%), തിരുവനന്തപുരം (457%),
കോഴിക്കോട് (326%) (സാധാരണയുടെ 4.26 ഇരട്ടി മഴ)
മലപ്പുറം (310%) (സാധാരണയുടെ 4.10 ഇരട്ടി മഴ)
കൊല്ലം (302%) (സാധാരണയുടെ 4.02 ഇരട്ടി മഴ)
കോട്ടയം (300%) (സാധാരണയുടെ 4 ഇരട്ടി മഴ)
പാലക്കാട് (268%) (സാധാരണയുടെ 3.68 ഇരട്ടി മഴ)
എറണാകുളം (223%) (സാധാരണയുടെ 3.23 ഇരട്ടി മഴ)
തൃശ്ശൂര്‍ (213%) (സാധാരണയുടെ 3.13 ഇരട്ടി മഴ)
ആലപ്പുഴ (207%)(സാധാരണയുടെ 3.07 ഇരട്ടി മഴ)
കണ്ണൂര്‍ (207%) (സാധാരണയുടെ 3.07 ഇരട്ടി മഴ)
ഇടുക്കി (168%) (സാധാരണയുടെ 2.68 ഇരട്ടി മഴ)
വയനാട് (96%) (സാധാരണയുടെ ഏകദേശം 2 ഇരട്ടി മഴ)
താരതമ്യേന കുറവ് മഴ ലഭിച്ചത് കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ്. സാധാരണ ലഭിക്കുന്നതിനേക്കാള്‍ 52% മാത്രമാണ് ഇവിടെ മഴ കൂടുതല്‍ ലഭിച്ചത്.
ആഭ്യന്തരമന്ത്രി പത്തനംതിട്ടയിലേക്ക്
പത്തനംതിട്ടയിലെ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവല്ല, റാന്നി, ആറന്മുള എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ രമേശ് ചെന്നിത്തല സന്ദര്‍ശിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥന്മാരുടെ യോഗം കോഴഞ്ചേരിയില്‍ നടക്കും.
പാലായില്‍ വീണ്ടും വെള്ളക്കെട്ട്
പാലായില്‍ വീണ്ടും വെള്ളക്കെട്ട്. ബസ് സ്റ്റാന്‍ഡ് പരിസരം വെള്ളത്തിലായി. മീനച്ചിലാറില്‍ ജലനിരപ്പ് 20.5 അടി രേഖപ്പെടുത്തി. ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു പെയ്തത്. ഈരാറ്റുപേട്ട നഗരത്തിലും രാവിലെ വെള്ളം കയറിയിരുന്നു. മണിക്കൂറുകള്‍ക്കുശേഷം ഈരാറ്റുപേട്ട നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങിയിരുന്നു.
വീണ്ടും മണ്ണിടിച്ചില്‍
പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയില്‍ വീണ്ടും മണ്ണിടിച്ചില്‍. ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചതിന് ശേഷം മണ്ണിടിഞ്ഞു. ഉച്ചക്ക് ഒന്നരയോടെയാണ് മണ്ണിടിഞ്ഞത്. മേഖലയില്‍ അപകട ഭീഷണി തുടരുകയാണ്.
റാന്നിയിലെ വ്യാപാരികളെ എങ്ങനെ സഹായിക്കാൻ പറ്റും എന്ന് സർക്കാർ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ. 2018 ൽ ഇടത് സർക്കാർ പ്രഖ്യാപിച്ച വായ്പ പദ്ധതി റാന്നിയിലെ വ്യാപാരികൾക്ക് ലഭിച്ചിട്ടില്ല. വായ്പാ നടപടികളെ കുറിച്ച് സർക്കാർ ആലോചിക്കും. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ പരിമിതികളുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കീഴ്വഴക്കം ഇല്ല. എന്തെങ്കിലും മെക്കാനിസം ഉണ്ടാക്കി വ്യാപാരികളെ സഹായിക്കുന്നത് ആലോചിക്കും. നിയമനിർമ്മാണം കൊണ്ട് മാത്രം പ്രതിബന്ധങ്ങളെ മറികടക്കാൻ കഴിയില്ല. എത്ര മഴയും താങ്ങാൻ ശേഷിയുള്ള സംസ്ഥാനം ആയിരുന്നു കേരളം. ഇന്ന് ഒരു ചെറിയ മഴ പോലും സംസ്ഥാനത്തിന് താങ്ങാൻ കഴിയുന്നില്ല. ഒരു മഴ പെയ്താൽ ഒരു നഗരം മുങ്ങുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും മന്ത്രി പ്രതികരിച്ചു.
ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലന്ന് നിർദേശം. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിലാണ് വിലക്ക്. തീരദേശവാസികൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.
തിരുവനന്തപുരത്ത് തോട്ടിൽ വീണ ചുമട്ടുതൊഴിലാളി മരിച്ചു. നെടുമങ്ങാട് പുത്തൻപാലം ഇടിയനാട് സ്വദേശി അനിൽകുമാർ(56) ആണ് മരിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴി തോട്ടിൽ വീണു എന്നാണ് വിവരം. ഇന്ന് രാവിലെയാണ് മൃതദേഹം കിട്ടിയത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയത്ത് ഒഴുക്കിൽപ്പെട്ട് ഒരു മരണം. അയർക്കുന്നം സ്വദേശി ജിന്റോ മാത്യു ആണ് മരിച്ചത്.
മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ എത്തിയെന്നും എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ 15 മരണമാണുണ്ടായത്. ഏഴ് പേരെ കാണാതായി. ദുരന്തബാധിതർക്കുള്ള അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കോട്ടയം പരിപ്പ് 900 ത്തിൽ വൻ വെള്ളക്കെട്ട്. നിരവധി വീടുകളിൽ വെള്ളം കയറി
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നു.
ശക്തമായ മഴയിൽ കോഴിക്കോട് ഒടുമ്പ്രയിൽ കിണർ ഇടിഞ്ഞ് താഴ്‌ന്നു. ഒടുമ്പ്ര കള്ളിക്കുന്ന് സ്വദേശി നിഷാദിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. കിണറിന്റെ സംരക്ഷണഭിത്തി ഉൾപ്പെടെ ഇടിഞ്ഞ് താഴ്ന്നു. വീടിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞത്. വീടും അപകടാവസ്ഥയിലാണ്.
മലപ്പുറം- പാണക്കാട് റോഡില്‍ വന്‍ മണ്ണിടിച്ചില്‍. മണ്ണ് പൂര്‍ണമായും റോഡിലേക്ക് ഇടിഞ്ഞുവീണു. അനധികൃതമായി മണ്ണെടുത്തതാണ് അപകട കാരണമെന്നാണ് ആരോപണം.

ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡിലും സമീപമുള്ള വീടുകളിലും വെള്ളം കയറി. വാഹനങ്ങൾ റോഡിൽ കുടുങ്ങുന്നു.
മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. 15 സെന്റീമീറ്റർ ആണ് ഉയർത്തിയത്. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ സുസജ്ജമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ദുരിതം ഉണ്ടായ ദിവസം തന്നെ കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികൾ ദുരന്തമുഖത്തേക്ക് പോയി. രക്ഷാപ്രവർത്തനത്തിന് അവർ എന്നും സുസജ്ജമാണ്. ആദ്യഘട്ടത്തിൽ മൂന്ന് വള്ളങ്ങളാണ് പോയത്. രണ്ടാം ഘട്ടമായി ഇന്ന് കൂടുതൽ വള്ളങ്ങളും, മത്സ്യത്തൊഴിലാളികളും പത്തനംതിട്ടയിലേക്ക് പോകും. ഇന്നിപ്പോൾ പത്തോളം വള്ളങ്ങളാണ് പോകുന്നത്. മത്സ്യത്തൊഴിലാളികൾക്ക് യാത്രാചെലവും വള്ളങ്ങൾ കൊണ്ടുപോകുന്നതിനുള്ള ചെലവും സർക്കാർ വഹിക്കും.
തിരുവല്ല കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, എന്നിവിടങ്ങളിൽ വീടുകൾ ഒറ്റപ്പെട്ടു. കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി.
റാന്നിയിൽ കഴിഞ്ഞദിവസം വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വെള്ളം കയറിയത് 200 ൽ അധികം കടകളിൽ. മാമുക്ക്, ചെത്തോങ്കര ,ഇട്ടിയപ്പാറ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയത്. 400ൽ അധികം വീടുകളിലും വെള്ളം കയറിയിരുന്നു.
നിലവിൽ വ്യാപാര മേഖലയുടേയും വീടുകളുടേയും നഷ്ടത്തിന്റെ കണക്ക് അധികൃതർ വിലയിരുത്തുകയാണ്. വ്യാപാര മേഖലയിൽ 25 കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
കാസർകോട് ചാത്തമത്ത് വീടിന് മുകളിൽ തെങ്ങ് വീണു. സി വി കുഞ്ഞിക്കണ്ണന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. അപകട സമയം ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടമാണ് ഒഴിഞ്ഞത്.
മലപ്പുറം പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടെയ്പാലത്താണ് സംഭവം. പ്രദേശത്ത് ഇപ്പോഴും മണ്ണിടിയുന്നുണ്ട്.
മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താന്‍ തീരുമാനം. 5 ഷട്ടറുകൾ ഒന്നര മീറ്റർ ഉയർത്താനാണ് തീരുമാനം. നിലവിൽ 5 ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിൽ വർധനവുണ്ടായതോടെയാണ് കൂടുതല്‍ ഉയർത്താനുള്ള തീരുമാനം. തൊടുപുഴ - മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരും. മേഖലയിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയില്‍ മലപ്പുറം കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിൽ നിർമാണത്തിലിരിക്കുന്ന വീട് തകർന്നു. മൂർഖൻ ഹംസ ഹാജിയുടെ മകന്റെ വീടാണ് പുലർച്ചെ തകർന്ന് വീണത്. ആളപായമില്ല.
ഇടുക്കിയിൽ വീണ്ടും മഴ ശക്തമായി. നേര്യമംഗലം വനമേഖല, കഞ്ഞിക്കുഴി, കീരിത്തോട് തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.
ലോവർ കുട്ടനാട്ടിലും വെള്ളം കയറി തുടങ്ങി. മങ്കൊമ്പ്, പുളിങ്കുന്ന്, മുട്ടാർ, മാമ്പുഴക്കരി പ്രദേശങ്ങൾ വെള്ളത്തിലായി. പമ്പാ നദിയിലും പുന്നമട കായലിലും ജലനിരപ്പ് ഉയരുകയാണ്. കൂടുതൽ ക്യാമ്പുകൾ തുറക്കും. അമ്പലപ്പുഴ തിരുവല്ല പാതയിൽ ഗതാഗതം നിലച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ മഴ സാഹചര്യം വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി. രാവിലെ 10 മണിക്ക് ആണ് യോഗം. യോഗ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടേക്കും.
മൂഴിയാർ ഡാം തുറന്നാൽ റാന്നി ടൗൺ വീണ്ടും വെള്ളത്തിലാകുമെന്ന് റാന്നി എംഎൽഎ പഴകുളം മധു റിപ്പോർട്ടറിനോട്. കഴിഞ്ഞ ദിവസത്തെ പോലെ അടിയന്തര സാഹചര്യം ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തെറ്റായ വിവരങ്ങൾ ജനങ്ങൾ വിശ്വാസത്തിൽ എടുക്കരുത്. പലയിടത്തും ഉരുൾപൊട്ടൽ എന്ന തെറ്റായ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിൻ്റെ അറിയിപ്പ് വിശ്വസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് വീട് ഭാഗികമായി തകർന്നു. വെള്ളിപ്പറമ്പ് സ്വദേശി നൗഷാദിൻ്റെ വീടാണ് തകർന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ വീടിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. അടുക്കള ഭാഗമാണ് തകർന്നത്. വീട്ടുകാർ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
എട്ട് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലേർട്ട് നൽകി. 40-60 km വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരാനും നിർദേശമുണ്ട്.
പത്തനംതിട്ടയിൽ ശുചീകരണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ശുചീകരണം പൂർത്തിയാക്കിയ പലയിടങ്ങളിലും രണ്ടാമതും വെള്ളം കയറിയിരിക്കുകയാണ്.
കോട്ടയം അറവുപുഴയിൽ റോഡ് മുങ്ങി. കോട്ടയം- കുമരകം റോഡിൽ ഗതാഗതം തടസപ്പെട്ടു. മേഖലയിൽ ജലനിരപ്പ് ഉയരുകയാണ്. 2018ലെ പ്രളയത്തിനു സമാനമെന്ന് നാട്ടുകാർ.
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 2343 അടിയായി. കഴിഞ്ഞ വർഷം ഇതേസമയം 2376 അടിയായിരുന്നു. ഇന്നലെ ഒറ്റ രാത്രികൊണ്ട് മൂന്നടി വെള്ളം ഉയർന്നു. ഡാമിലേക്ക് ശക്തമായ നീരൊഴുക്കാണുള്ളത്.
പത്തനംതിട്ടയില്‍ അതീവ ജാഗ്രത
പത്തനംതിട്ടയില്‍ അതീവ ജാഗ്രത
പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു. മൂഴിയാര്‍ ഡാം തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്. മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വീടുകളിലെ ഒന്നാം നിലയില്‍ താമസിക്കുന്നവര്‍ ഉടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിന് കൊല്ലത്തു നിന്നും ആലപ്പുഴയില്‍ നിന്നും മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയില്‍ എത്തിക്കും.
മീനച്ചിലാറിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു. ഈരാറ്റുപേട്ട പറയ്ക്കപ്പാലം ഭാഗത്ത് വെള്ളം കരയിലേക്ക് കയറി. ഈരാറ്റുപേട്ടയിൽ പലയിടങ്ങളിലും വെള്ളം കയറിത്തുടങ്ങിയിരിക്കുകയാണ്.
റാന്നിയിൽ വീണ്ടും ആശങ്കയായി പമ്പാനദിയിൽ ജലനിരപ്പ് ഉയരുകയാണ്. മാമുക്ക് ചെറിയ പാലത്തിൻ്റെ ഭാഗത്തേക്ക് വെള്ളം കയറുന്നു.
കോഴിക്കോട് മഴയുടെ ശക്തി കുറഞ്ഞു. പുഴയോരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകളും കാൽ അടി വീതം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. കുറ്റ്യാടി പുഴയിൽ നിലവിലുള്ള ജലനിരപ്പിൽ നിന്ന് ഏകദേശം 30 സെ.മീ. മുതൽ 150 സെ.മീ. വരെ വെള്ളം ഉയർന്നേക്കാം. 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 862 പേരെ മാറ്റിപ്പാർപ്പിച്ചു.
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം. മീനച്ചിലാർ കരകവിഞ്ഞൊഴുകി. നിരവധി വീടുകളിൽ വെള്ളം കയറി. കോട്ടയം കുമരകം റോഡ് മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. ഗതാഗതം തടസ്സപ്പെട്ടു. വലിയ വാഹനങ്ങൾക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ആലപ്പുഴയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. ശക്തമായ മഴയും മൂഴിയാർ ഡാം തുറക്കാനുള്ള സാധ്യതയും മുന്നിൽ കണ്ടാണ് അവധി. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. രണ്ട് താലൂക്കുകൾക്ക് മാത്രമായിരുന്നു ഇന്നലെ രാത്രിയിൽ അവധി പ്രഖ്യാപിച്ചത്.
ഗതാഗത തടസ്സം
അടിമാലി-കുമളി ദേശീയപാതയില്‍ കീരിത്തോടിന് സമീപം ഗതാഗത തടസ്സം. റോഡിലേക്ക് മണ്ണും മരവും വീണതിനെ തുടര്‍ന്നാണ് ഗതാഗത തടസ്സം അനുഭവപ്പെട്ടത്. പീരുമേട്, ഏലപ്പാറ, ഉപ്പുതറ തുടങ്ങിയ മേഖലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴ തുടങ്ങിയിട്ട് രണ്ട് മണിക്കൂര്‍ പിന്നിട്ടു. ദേശീയപാതയില്‍ ഇടുക്കിക്ക് സമീപം കാല്‍വരിമൗണ്ടില്‍ മണ്ണ് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്തമഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.
മിന്നല്‍ പ്രളയ മുന്നറിയിപ്പ്; അനൗണ്‍സ്‌മെന്റ് തുടങ്ങി
മിന്നല്‍ പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ ജാഗ്രതാ അനൗണ്‍സ്‌മെന്റ് തുടങ്ങി. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവര്‍ക്കാണ് മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രാത്രി ഗതാഗതം നിരോധിച്ചു
നേര്യമംഗലം-അടിമാലി (NH-85) വഴിയുള്ള രാത്രി ഗതാഗതം നിരോധിച്ചു. അതിശക്തമായ മഴയെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ വിനോദസഞ്ചാരത്തിനുള്ള നിരോധനവും തുടരും.
'അതീവ ജാഗ്രത പാലിക്കണം'
കോന്നിയില്‍ ഇന്ന് രാത്രിയിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ഉരുള്‍ പൊട്ടല്‍, വെള്ളക്കെട്ട്, മണ്ണിടിച്ചില്‍, മരങ്ങള്‍ കടപുഴകി വീഴല്‍ തുടങ്ങിയ അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശം ലഭിച്ചവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ട സാഹചര്യമുള്ളവരും കാലതാമസം കൂടാതെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല.
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകൾക്കും, റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ചെങ്ങന്നൂരും കുട്ടനാടും അവധി
ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കനവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി നല്‍കി ജില്ലാ കളക്ടര്‍ ഷാജി വി നായര്‍ ഉത്തരവിറക്കി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ
വെള്ളപ്പൊക്കത്തില്‍ ക്ഷീരകര്‍ഷകന് പശുക്കളെ നഷ്ടപ്പെട്ട സംഭവത്തില്‍ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ. പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകന് രണ്ട് പശുക്കളെ നല്‍കും. തീക്കോയി സ്വദേശി അനില്‍കുമാറിനാണ് അടിയന്തര സഹായം. വെള്ളപ്പൊക്കത്തില്‍ 11 പശുക്കളെ അനില്‍കുമാറിന് നഷ്ടപ്പെട്ടിരുന്നു.
നാളെ മന്ത്രി നേരിട്ടെത്തി പശുക്കളെ കൈമാറും. നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, പ്രൊഫഷണല്‍ വിദ്യാലയങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.
പേരിയ ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍
കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള പേരിയ ചുരത്തില്‍ മണ്ണിടിച്ചില്‍. വയനാട്ടിലേക്കുള്ള പാല്‍ച്ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. അതിനാല്‍ പേരിയ ചുരം വഴിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. മണ്ണ് നീക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. നിലവില്‍ ഗതാഗതം തടസ്സപ്പെട്ട സ്ഥിതിയിലാണ്.
വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
ദുരന്തനിവാരണത്തില്‍ അനാസ്ഥയും ഏകോപനക്കുറവും ഉണ്ടാകുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇതുമൂലം ജനങ്ങളുടെ ദുരിതം വര്‍ധിക്കുന്നത് അംഗീകരിക്കാനാവില്ല. റാന്നിയില്‍ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണം ഉയരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണ്. ദുരന്തബാധിതര്‍ക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ ഉറപ്പാക്കണം. കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കണംഉണ്ടായ വീഴ്ചകള്‍ പരിശോധിച്ച് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
വെള്ളക്കെട്ട്; ഗതാഗതക്കുരുക്ക് രൂക്ഷം
എം സി റോഡില്‍ തിരുവല്ല തിരുമൂലപുരത്ത് ഗതാഗതക്കുരുക്ക് രൂക്ഷം. റോഡില്‍ വെള്ളം കയറിയതോടെ വാഹനങ്ങള്‍ പതുക്കെ മാത്രമാണ് കടന്നുപോകുന്നത്. രണ്ട് കിലോമീറ്ററില്‍ അധികം ദൂരം ഗതാഗത കുരുക്കുണ്ട്. റോഡില്‍ ജല നിരപ്പ് ഉയരുകയാണ്.
മത്സ്യ ബന്ധനത്തിന് വിലക്ക് തുടരും
മത്സ്യ ബന്ധനത്തിന് ഇന്നും നാളെയും വിലക്ക് തുടരും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ആണ് വിലക്ക് തുടരുന്നത്. മണിക്കൂറില്‍ 40-60 കി.മീ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. തീരദേശ വാസികളും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മത്സ്യ ബന്ധനത്തിന് വിലക്ക് തുടരും
മത്സ്യ ബന്ധനത്തിന് ഇന്നും നാളെയും വിലക്ക് തുടരും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ആണ് വിലക്ക് തുടരുന്നത്. മണിക്കൂറില്‍ 40-60 കി.മീ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. തീരദേശ വാസികളും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ കെട്ടിടം വെള്ളക്കെട്ടിലായി
കോഴിക്കോട് പൂനൂര്‍ പുഴ കരകവിഞ്ഞ് സ്‌കൂള്‍ കെട്ടിടം വെളളക്കെട്ടിലായി. ചെലവൂര്‍ ഗവ. എല്‍ പി സ്‌കൂളിലാണ് വെളളം കയറിയത്. ശുചീകരിക്കാതെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാനാവില്ല.
പാലക്കുഴി വെള്ളച്ചാട്ടത്തിൽ അകപ്പെട്ട സ്ത്രീക്കായി തിരച്ചിൽ
പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ അകപ്പെട്ട സ്ത്രീക്കായി തിരച്ചിൽ. കോയമ്പത്തൂർ സ്വദേശിനി ഭാനുപ്രിയ(40)യെയാണ് കാണാതായത്. ഇവർക്കൊപ്പം വെള്ളച്ചാട്ടത്തിൽപെട്ട ഭരത് (35) എന്നയാളെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് സംഘം തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. 12 മണിയോടെയായിരുന്നു സംഭവം.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് നിലവിലുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ് യെല്ലോ അലേർട്ട്.
പാൽച്ചുരം വഴിയുള്ള ഗതാഗതം വീണ്ടും നിരോധിച്ചു. റോഡ് താത്കാലികമായി അടച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, പാറകല്ലുകൾ റോഡിലേക്ക് പതിക്കൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് നടപടി.
കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട റാന്നി ടൗണില്‍ മതിയായ ശുചീകരണ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളുടെ പ്രതിഷേധം. ശ്വാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെയും ആവശ്യം. റാന്നി ഇട്ടിയപ്പാറയിലാണ് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. സ്ഥലം എംഎല്‍എ പഴകുളം മധു പ്രദേശത്ത് എത്തി വ്യാപാരികളുമായി സംവദിച്ചു.
ഡാം തുറന്നപ്പോൾ അനൗൺസ്മെൻറ് നടത്തിയില്ലെന്ന ആരോപണവുമായി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. അനൗൺസ്മെൻറ് നടത്തിയിരുന്നെങ്കിൽ റാന്നിയിലെയും ആറന്മുളയിലെയും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നുവെന്നും റവന്യൂ വകുപ്പ് ഉണ്ടോ എന്ന് തന്നെ സംശയമാണെന്നും രാജു എബ്രഹാം പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പിസി വിഷ്ണുനാഥ് കോൺഗ്രസ് പ്രവർത്തകരെ മാത്രം വിളിച്ചുകൂട്ടി ഒരു യോഗം നടത്തി.
റാന്നിയിൽ ആളുകളുടെ ജീവൻ നിലനിർത്താൻ കഴിഞ്ഞത് ഡിവൈഎഫ്ഐ ഇടപെട്ടത് മൂലമാണ്.
റാന്നിയിൽ ഇപ്രാവശ്യം രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത് നാട്ടുകാർ ആണെന്നും രാജു എബ്രഹാം പറഞ്ഞു.
വയനാട്ടിൽ നേരിയ മഴയ്ക്ക് ശമനം. വെള്ളം കയറിയ ഇടങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ലക്കിടിയിൽ 279 മില്ലിമീറ്റർ മഴ പെയ്തതു. സമീപസ്ഥലങ്ങളിലും കാര്യമായ മഴ ലഭിച്ചു. വയനാട് ചുരത്തിലെ നിയന്ത്രണം ഒഴിവാക്കി. പാൽ ചുരത്തിലും വാഹനങ്ങൾ ഓടുന്നു. മൂന്നു താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 169 കുടുംബങ്ങളിലെ 461 പേരെ മാറ്റി.
പ്രളയദുരന്തം ആവർത്തിച്ച റാന്നിക്കായി സംസ്ഥാന സർക്കാർ പ്രത്യേക ധനസഹായ പദ്ധതി പ്രഖ്യാപിക്കണമെന്ന് മുൻ എംഎൽഎ അഡ്വ.പ്രമോദ് നാരായണൻ. ആവർത്തിക്കുന്ന പ്രളയത്തിന് ശാശ്വത പരിഹാരത്തിനായി കേന്ദ്രത്തിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ളവരുടെ വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കണം. വ്യാപാരികൾക്കും മറ്റുള്ളവർക്കും ഉണ്ടായ നാശനഷ്ടം കണക്കാക്കി സമയബന്ധിതമായി നഷ്ടപരിഹാരം നൽകണം. വെള്ളം ഇറങ്ങിയ സാഹചര്യത്തിൽ പകർച്ചവ്യാധി തടയുന്നതിന് ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിക്കണം എന്നും പ്രമോദ് നാരായണൻ പറഞ്ഞു.
വെളിയംകോട് തണ്ണിത്തുറ - പത്തുമുറി ഫിഷറീസ് റോഡ് കടലെടുത്തു. തണ്ണിത്തുറ - പത്തുമുറി മേഖലയിലെ തീരദേശ ഗതാഗതം തടസ്സപ്പെട്ടു. പൊന്നാനി, വെളിയംകോട് മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. 30 വീടുകൾ ഭീഷണിയിലാണ്. 7 വീടുകൾ തകർന്നു. കടൽ ആക്രമണം തടയാൻ നിർമ്മിച്ച ജിയോ ബാഗുകൾ കടലാക്രമണത്തിൽ തകർന്നു.
ശക്തമായ മഴയിൽ കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ വീട് തകർന്നു. രാമൻകുളത്ത് ശോഭനയുടെ വീടാണ് തകർന്നത്. ഓട് മേഞ്ഞ വീടിൻ്റെ അടുക്കളയും ഒരു മുറിയും പൂർണ്ണമായും തകർന്നു.
വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മൂലമറ്റത്ത് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്ന കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ഫയർഫോഴ്സ്. കനത്ത മഴയിൽ മലയിടിഞ്ഞ് റോഡ് പൂർണമായി ഒലിച്ചു പോയി.
ഇതോടെ ദുർഘടമായ കാട്ടുവഴികളിലൂടെ സ്ട്രക്ചറിൽ കിലോമീറ്ററുകളോളം ചുമന്നാണ്
വയോധികയെ ക്യാമ്പിലെത്തിച്ചത്. മൂലമറ്റം ഈട്ടിക്കാനത്ത് ഇന്നലെ രാവിലെയായിരുന്നു
സംഭവം.
ഗവി പാതയിൽ മണ്ണിടിച്ചിൽ. റോഡിലേക്ക് മണ്ണും മരങ്ങളും ഒടിഞ്ഞു വീണു. പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ കല്ലും മണ്ണും നീക്കം ചെയ്തു. ഇന്നലെ മുതൽ ഗവിയിലേക്ക് യാത്ര നിരോധനമാണ്. ഒരു അറിയിപ്പ് ഇനി ഉണ്ടാകുന്നതുവരെ യാത്ര നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് റാന്നി നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കനത്ത മഴയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. മലപ്പുറം ഒതുക്കുങ്ങലിലാണ് സംഭവം.
ബൈക്ക് യാത്രികന് അപകടത്തിൽ പരിക്കേറ്റു. വാഹനവും തകർന്നു. ഒതുക്കുങ്ങൽ അങ്ങാടിയിൽ ഇന്നലെ രാത്രിയാണ് സംഭവം.
അഞ്ച് അണക്കെട്ടുകളിൽ റെഡ് അലർട്ട് തുടരുന്നു. മൂഴിയാർ, കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിലാണ് മുന്നറിയിപ്പ്. കുറ്റ്യാടിയിൽ ഓറഞ്ച് അലേർട്ട് ആണ്.
വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി.
പുഴയിലെ ശക്തമായ ഒഴുക്കിൽ കാസർകോട് അച്ചാംതുരുത്തിൽ നടപ്പാലം തകർന്നു. ഇന്ന് രാവിലെയാണ് പാലം തകർന്നത്. അച്ചാംതുരുത്തി, കിഴക്കേമുറി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകർന്നത്.
സംസ്ഥാന സഹകരണ യൂണിയൻ തിങ്കളാഴ്ച നടത്താനിരുന്ന എച്ച് ഡി സി & ബി എം പരീക്ഷ മാറ്റി.
പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
പാൽചുരം റോഡ് വഴിയുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു. വാഹനങ്ങൾ ഓടിത്തുടങ്ങി.
പയ്യന്നൂർ താലൂക്കിലും മഴ കുറഞ്ഞു. ചെറുപുഴ, പുളിങ്ങോം ഭാഗങ്ങളിലെ വെള്ളമിറങ്ങി. അവിടെയും റോഡ് ഗതാഗതം പുനഃസ്ഥാപിച്ചുവരുന്നു.
വയനാട് വീണ്ടും മഴ; ജാഗ്രതാ നിർദ്ദേശം തുടരുന്നു
വയനാട് വീണ്ടും മഴ. ലക്കിടി, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിൽ മഴ തുടങ്ങി. ഇടവിട്ട മഴയാണ് പെയ്യുന്നത്. 169 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം നീക്കി. ഭാരവാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി.
അട്ടപ്പാടിയിൽ വനം വകുപ്പ് റെയിഞ്ച് ഓഫീസിലെ ജീപ്പ് ഷെഡിലേക്ക് കൂറ്റൻ മരം കടപുഴകി വീണു
പാലക്കാട് അട്ടപ്പാടിയിൽ വനം വകുപ്പ് റെയിഞ്ച് ഓഫീസിലെ ജീപ്പ് ഷെഡിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. ജീപ്പ് ഷെഡും ജീപ്പും തകർന്നു.
റെയിഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്‌സിന് സമീപമായിരുന്നു സംഭവം. ആർക്കും പരിക്കില്ല.
ഒറ്റപ്പാലം, ഷൊർണ്ണൂർ മേഖലകളിൽ ശക്തമായ മഴ. ഭാരതപുഴയിൽ ജലനിരപ്പ് ഉയർന്നു. ഇന്ന് രാവിലെ മുതൽ ഈ മേഖലകളിൽ മണിക്കൂറുകൾ ഇടവിട്ട് ശക്തമായ മഴയാണ്. ഒറ്റപ്പാലം മീറ്റ്ന തടയണ, മാനന്നൂർ ഉരുക്കു തടയണ, ഷെർണൂർ തടയണ എന്നിവയിൽ ജലനിരപ്പ് ഉയർന്നു. കണ്ണിയംപുറം തോട്, ഈസ്റ്റ് ഒറ്റപ്പാലം തോട് ഉൾപ്പെടെ നിറഞ്ഞിട്ടുണ്ട്.കോതയൂർ പനന്തോട് നിറഞ്ഞു കവിഞ്ഞു.
ഒറ്റപ്പാലം ആദിത്യ നഗറിൽ വെള്ളംകയറി.
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിരവധി വീടുകളിൽ വെള്ളം കയറി. മുണ്ടുപാലം റോഡിൽ 40 ഓളം വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശവാസികളെ പൂർണമായും ഒഴിപ്പിച്ചു. പ്രദേശവാസികൾ ബന്ധുവീടുകളിൽ അഭയം തേടി.കുറ്റിക്കാട്ടൂർ ടൗണിലും വെള്ളം കയറി.
വെള്ളപ്പൊക്കം മൂലം ആറമ്മുള ക്ഷേത്രത്തിൽ ഇന്ന് നടത്തുവാനിരുന്ന വള്ളസദ്യകൾ മാറ്റിവെച്ചു.
പെയ്ഡ് സദ്യ ഇന്ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. ഇന്ന് നടത്തുവാൻ ഇരുന്ന വഞ്ചിപ്പാട്ട് സോപാനം പരിപാടിയും വെള്ളപ്പൊക്കം മൂലം മാറ്റി വെച്ചു.
വടകര മുക്കാളി ദേശീയ പാതയില്‍ മണ്ണിടിഞ്ഞു. ദേശീയപാതയില്‍ നിര്‍മ്മാണ പ്രവൃത്തി നടന്ന് കൊണ്ടിരിക്കുന്ന ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന ഭാഗത്താണ് മണ്ണും കല്ലുകളും ഉള്‍പ്പെടെ വീണത്. തൊഴിലാളികള്‍ ആരും ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. അപകട സാധ്യത കണക്കിലെടുത്ത് ദേശീയപാതയില്‍ ഒരു ഭാഗത്ത് കൂടെയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.
രണ്ടുദിവസം കൊണ്ട് ഇടുക്കി ഡാമിൽ 10 അടി വെള്ളം ഉയർന്നു. ജലനിരപ്പ് 2,339 അടിയായി. 37.16% ആണ് നിലവിലെ ജലനിരപ്പ്. ശക്തമായ മഴയിൽ ജില്ലയിലെ മറ്റു ഡാമുകളിലും ജലനിരപ്പ് ഉയർന്നു.
കല്ലാർകുട്ടി, കല്ലാർ, പാംബ്ല , മലങ്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മലങ്കര ഡാമിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. 5 ഷട്ടറുകൾ 50 സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്.
തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി. പുലർച്ചെ അഞ്ചുമണിവരെ ശക്തമായ മഴയാണ് ഇടുക്കിയിൽ രേഖപ്പെടുത്തിയത്.
കനത്ത മഴയിൽ മലപ്പുറം വേങ്ങര പെരണ്ടക്കലിൽ വീട് തകർന്നു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. വേങ്ങര പെരണ്ടക്കൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ സമീറിന്റെ വീടാണ് പൂർണമായും തകർന്നത്. പുലർച്ചെ നാലു മണിയോടെയാണ് സംഭവം. സംഭവ സമയത്ത് വീട്ടിൽ സമീറും ഭാര്യയും നാലു മക്കളും ഉണ്ടായിരുന്നു. ഉഗ്രശബ്ദം കേട്ട് വീട്ടിൽ നിന്നും ഇറങ്ങിയതിനാൽ അപകടത്തിൽ നിന്നും രക്ഷപെട്ടു.
പത്തനംതിട്ട റാന്നിയില്‍ പമ്പാനദിയില്‍ ജലനിരപ്പ് താഴുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
ഏഴ് ജില്ലകളില്‍ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്തമഴയെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, കോട്ടയം, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മദ്രസകള്‍ ഉള്‍പ്പെടെ മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍ സ്ഥാപനങ്ങള്‍, ഏതെങ്കിലും രീതിയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. നേരത്തേ വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
കണ്ണൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മദ്രസകള്‍ ഉള്‍പ്പെടെ മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍ സ്ഥാപനങ്ങള്‍, ഏതെങ്കിലും രീതിയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കാസര്‍കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നാളെ മദ്രസകള്‍ ഉള്‍പ്പെടെ മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍ സ്ഥാപനങ്ങള്‍, ഏതെങ്കിലും രീതിയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
കക്കയം തലയാട് റോഡില്‍ ഗതാഗതം നിരോധിച്ചു
മണ്ണിടിച്ചിൽ ഉണ്ടായ കക്കയം തലയാട് റോഡില്‍ ഗതാഗതം നിരോധിച്ചു. മണ്ണ് ഇടിഞ്ഞു വീഴുന്ന സാഹചര്യത്തിലാണ് നിരോധനം. നാളെ രാവിലെ വരെയാണ് ഈ റൂട്ടില്‍ പൊതുമരാമത്ത് വകുപ്പ് ഗതാഗതം നിരോധിച്ചത്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴയെ തുടര്‍ന്ന് വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് സെന്ററുകള്‍, മത പഠന ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ അടക്കമുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമെന്ന് മുഖ്യമന്ത്രി
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കും. വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ മതിയായ ധനസഹായം ഉറപ്പാക്കും. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പരീക്ഷ എഴുതാന്‍ വീണ്ടും അവസരം
മഴ കാരണം ഇന്ന് പിഎസ്‌സി പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുമെന്ന് പിഎസ്‌സി അറിയിച്ചു. കനത്ത മഴ കാരണം ഇന്ന് പലര്‍ക്കും പിഎസ്സി പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. പങ്കെടുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കും. ഓഗസ്റ്റ് 22ന് നടത്തുന്ന അവസാനഘട്ട പരീക്ഷയില്‍ പങ്കെടുക്കാം.
SET പരീക്ഷ മാറ്റിവച്ചു
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ നടക്കാനിരുന്നു SET പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് പൂര്‍ണ്ണ നിരോധനം
ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ആശങ്ക നിലനില്‍ക്കുന്നതിനാലും വിനോദ സഞ്ചാരത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ വിനോദ സഞ്ചാരികള്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തരുത്. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. പൊതു പരീക്ഷകള്‍ക്കെത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമല്ല.
തൊടുപുഴയില്‍ ക്യാമ്പുകള്‍ തുടങ്ങി
ഇടുക്കി തൊടുപുഴ താലൂക്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു. ആകെ നാല് ക്യാമ്പുകളാണ് തൊടുപുഴയില്‍ തുറന്നത്. ആലക്കോട് ചവര്‍ണ അങ്കണവാടിയില്‍ പത്ത് കുടുംബങ്ങളിലെ 31 പേരാണുള്ളത്. കുടയത്തൂര്‍ സിഎംഎസ്എല്‍ പി സ്‌കൂളില്‍ അഞ്ച് കുടുംബങ്ങളിലെ 13 പേരും
ഉടുമ്പന്നൂര്‍ അമയപ്ര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നാല് കുടുംബങ്ങളിലെ 16 പേരുമുണ്ട്. വണ്ണപ്പുറം കാളിയാര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നാല് കുടുംബങ്ങളിലെ 14 പേരുമുണ്ട്. ആകെ 23 കുടുംബങ്ങളിലെ 74 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.
യാത്ര നിരോധിച്ചു
ആങ്ങമൂഴി ഗവി റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. ഇന്ന് മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം നിരോധിച്ചു. അതിതീവ്ര മഴയും മണ്ണിടിച്ചിലുമുള്ള സാധ്യതയും കണക്കാക്കിയാണ് നിരോധനം.
തിരുവനന്തപുരം ജില്ലയില്‍ താലൂക്കുതല കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം
തിരുവനന്തപുരം ജില്ലയില്‍ താലൂക്കുതല കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായി.
കണ്‍ട്രോണ്‍ റൂം നമ്പറുകള്‍
തിരുവനന്തപുരം- 9447700112
താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്‍- 9497711282
നെയ്യാറ്റിന്‍കര- 9447700113
താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്‍- 9497711283
നെടുമങ്ങാട്- 9447700114
താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്‍- 9497711285
ചിറയിന്‍കീഴ് -9447700115
താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്‍- 9497711287
വര്‍ക്കല - 8547618415
താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്‍- 9497711286
കാട്ടാക്കട- 8547618420
താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്‍- 9497711284
ഇടുക്കി ജില്ലയിലേക്കുള്ള അനാവശ്യ യാത്രകള്‍ രണ്ട് ദിവസത്തേക്ക് ഒഴിവാക്കണം: മന്ത്രി
ഇടുക്കി ജില്ലയിലേക്കുള്ള അനാവശ്യ യാത്രകള്‍ രണ്ട് ദിവസത്തേക്ക് ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്. അത്യാവശ്യമുണ്ടെങ്കില്‍ മാത്രം യാത്ര ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 29 വില്ലേജുകളെ ദുരിതം ബാധിച്ചു. രണ്ട് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒന്‍പത് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെ സ്ഥിതി ഗുരുതരമാണ്. മണ്ണിടിയാന്‍ സാധ്യതയുണ്ട്. ദേശീയപാത അതോറിറ്റിയുമായി വിഷയം ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും
പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. 3.5 മീറ്റര്‍ വീതമാണ് 15 ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇത് നാല് മീറ്ററായി ക്രമാനുഗതമായി ഉയര്‍ത്താനാണ് തീരുമാനം. ഇതേത്തുടര്‍ന്ന് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളായ പടിയൂര്‍, പായം, വിളമന, കീഴൂര്‍, വയത്തൂര്‍, ചാവശ്ശേരി എന്നിവിടങ്ങളില്‍ തീരപ്രേദശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ബാവലിപ്പുഴയുടെ ഇരുകരകളിലും ജലം ഒഴുകിപ്പോകുന്ന വളപട്ടണം പുഴയുടെ പടിയൂര്‍, ചാവശ്ശേരി, പൊറോറ, എളയന്നൂര്‍, കൊട്ടാരം, മണ്ണൂര്‍ എന്നിവിടങ്ങളിലുള്ളവരും ജാഗ്രത പാലിക്കണം.
മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കും
മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി 1.50 മീറ്റര്‍ വരെ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കിവിടും. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ നദികളിലെ ജലനിരപ്പ് ഉയരും. നിലവില്‍ കല്ലാര്‍ക്കുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. കല്ലാര്‍ ഡാമും ഉടന്‍ തുറക്കും.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
നിറപുത്തരി ദര്‍ശനവുമായി ബന്ധപ്പെട്ട് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഓഗസ്റ്റ് 2, 3 തീയതികളിലെ നിറപുത്തരി ദര്‍ശനത്തിന് കഴിയുമെങ്കില്‍ യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.
താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണു
താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണു. ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായി. ചുരത്തിലെ ഒന്‍പതാം വളവിന് മുകളിലാണ് സംഭവം. ചുരം ഗ്രീന്‍ ബ്രിഗേഡ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.
മുന്നറിയിപ്പുകളെ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ്
മഴയുമായി ബന്ധപ്പെട്ട നിലവിലെ മുന്നറിയിപ്പുകളെ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരവും ഫലപ്രദവുമായ ഇടപെടല്‍ നടത്തണം.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും നാശനഷ്ടങ്ങള്‍ക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കുകയും വേണം. അതോടൊപ്പം, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, കാലാവസ്ഥാ വകുപ്പും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുതെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്.
കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
ശക്തമായ മഴ തുടര്‍ന്ന് പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ജലനിരപ്പ് 95.37 മീറ്റര്‍ ആയതോടെയാണ് ഡാമിന്റെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തിയത്. ഡാമിലെ പരമാവധി സംഭരണശേഷി 97.50 മീറ്റര്‍ ആണ്.
ഹെല്‍പ്പ്‌ലൈന്‍ തുറന്നു
കനത്തമഴയെ തുടര്‍ന്ന് ആറന്മുളയില്‍ ഹെല്‍പ്പ്‌ലൈന്‍ തുറന്നു. അബിന്‍ വര്‍ക്കി എംഎല്‍എയുടെ നേതൃത്വത്തിലാണ് പ്രത്യേക ഹെല്‍പ്പ്ലൈന്‍ തുറന്നത്. ബന്ധപ്പെടേണ്ട നമ്പര്‍-7012136657, 9745292674
ഇടുക്കി കല്ലാര്‍ ഡാം തുറക്കും
മഴ കനക്കുന്ന സാഹചര്യത്തില്‍ ഇടുക്കി കല്ലാര്‍ ഡാം തുറക്കും. ഷട്ടറുകള്‍ തുറന്ന് 35 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ അനുമതി ലഭിച്ചു. ചിന്നാര്‍, കല്ലാര്‍ പുഴകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
അതിശക്തമായ കുത്തൊഴുക്ക്
കണ്ണൂര്‍ കാര്‍ത്തികപുരത്ത് അതിശക്തമായ കുത്തൊഴുക്ക്. മണക്കടവ് പാലത്തിന്റെ മുകളില്‍ വരെ വെള്ളം എത്തി.
ഒറ്റപ്പാലം ലക്കിടിയില്‍ ശക്തമായ മഴയില്‍ വീട് തകര്‍ന്നു
പാലക്കാട് ഒറ്റപ്പാലം ലക്കിടിയില്‍ ശക്തമായ മഴയില്‍ വീട് തകര്‍ന്നു. ലക്കിടി പുതുക്കുടി സരസ്വതിയുടെ വീടാണ് തകര്‍ന്നത്. സരസ്വതിയും ഭര്‍ത്താവും മാത്രമാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നത്. ആളപായമില്ല. പഞ്ചായത്ത് ഇടപെട്ട് ഇവരെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി.
ആദിവാസി കോളനിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു
വയനാട് പിണങ്ങോട് പന്നിയോറയില്‍ റോഡില്‍ വെള്ളം കയറി. പ്രദേശത്തെ ആദിവാസി കോളനിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി. ബോട്ട് എത്തിച്ച് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചു.
കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം ദുഷ്‌കരം.
പാൽച്ചുരം വഴി ഗതാഗതം നിരോധിച്ചതായി അറിയിപ്പ്. ഇതുവഴി യാത്ര ചെയ്യാൻ ആരും എത്തരുതെന്നും ആളുകൾ നടന്ന് പോകുന്നതും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.
അതിതീവ്ര മഴയും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കാക്കി യാത്രക്കാരുടെ സുരക്ഷയ്ക്കായി ആങ്ങമൂഴി വഴി ഗവി റോഡിലൂടെയുള്ള യാത്ര ഇന്ന് (01/08/26) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് റാന്നി നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ബാലുശ്ശേരി തലയാട് മണ്ണിടിഞ്ഞു. റോഡിലേക്കാണ് മലയിടിഞ്ഞത്. റോഡ് ഗതാഗതം തടസ്സപ്പെട്ടു.
എറണാകുളം പാണിയേലിയിൽ കനത്ത മഴയിൽ അങ്കണവാടിയിലേക്ക് മരം വീണു. രണ്ട് മരമാണ് കനത്ത മഴയിൽ ഒടിഞ്ഞു വീണത്.
അപകടസമയം അങ്കണവാടിയിൽ ഏഴ് കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. ആർക്കും പരിക്കില്ല
അങ്കണവാടിക്ക് കനത്ത നാശനഷ്ടം ഉണ്ടായി.
ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. നിലവില്‍ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനവും ഒഴിവാക്കണം. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാ ജലവിനോദങ്ങളും നിരോധിച്ചു. ദുരന്ത സാധ്യതാ മേഖലകളിലെ എല്ലാവിധ വിനോദ സഞ്ചാരങ്ങളും നിരോധിച്ചു. റെഡ് അലര്‍ട്ട് പിന്‍വലിക്കുന്നതു വരെ മലയോര മേഖലയില്‍ വൈകിട്ട് 7 മണി മുതല്‍ രാവിലെ 6 മണി വരെ യാത്ര നിരോധിച്ചു. എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു
വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാവുമന്ദം വില്ലേജിലെ തയ്യിൽ ഉന്നതിയിൽ വെള്ളം കയറി. എട്ട് കുടുംബങ്ങളിലെ 24 പേരെ കാപ്പുവയൽ ജി എൽ പി സ്കൂളിലേക്ക് മാറ്റി. ജില്ലയില്‍ നാല് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്
ജില്ലാതല കൺട്രോൾ റൂം- 04936 204151, 9526804151, 8078409770
വൈത്തിരി താലൂക്ക്- 04936 256100, 04936 255229, 8590842965, 9447097705
ബത്തേരി താലൂക്ക്-04936 220296, 04936 223355, 6238461385, 9447097707
മാനന്തവാടി താലൂക്ക്- 04935 240231, 04935 241111, 9446637748, 9447097704
പൊതുജനങ്ങൾക്ക് 1077 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം.
വയനാട് തലപ്പുഴ കമ്പിപ്പാലം , കാപ്പിക്കളം ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകളിലും വെള്ളം കയറുകയാണ്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നു.
കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ ഷിജു (11) ആണ് മരിച്ചത്. വീടിന് സമീപം ജൽ ജിവൻ മിഷന്റെ വാട്ടർ ടാങ്കിന് വേണ്ടി എടുത്ത കുഴിയില്‍ നിറഞ്ഞ വെള്ളത്തിൽ വീണാണ് അപകടം ഉണ്ടായത്. സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് താഴ്ന്ന് പോവുകയായിരുന്നു എന്നാണ് വിവരം.
തൊടുപുഴ മുതിരപ്പാറയില്‍ ഉരുൾപൊട്ടൽ. രണ്ട് ഇരുചക്ര വാഹനങ്ങൾ ഒഴുകിപ്പോയി. റോഡും കൃഷിയിടങ്ങളും തകർന്നു.
താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം. വലിയ വാഹനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരം അല്ലെങ്കില്‍ നാടുകാണി ചുരം വഴി പോകണം.
വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റില്‍ പൊലീസ് സേനയെ വിന്യസിക്കുമെന്നും. ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി ഇറക്കിയ ഉത്തരവിറല്‍ പറയുന്നു.
ശക്തമായ മഴയെ തുടര്‍ന്ന് പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞു. ഗതാഗതം പൂർണമായും തടസപ്പെട്ടു.
കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ രാത്രി യാത്ര നിരോധിച്ചു. കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയാണ് നിരോധനം. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് നിയന്ത്രണം.
വർക്കലയിൽ ശക്തമായ തിരമാല. പാപനാശത്തും കാപ്പിൽ ബീച്ചിലും ഇറങ്ങരുതെന്ന് ടൂറിസം പൊലീസിന്റെ കർശന മുന്നറിയിപ്പുണ്ട്. വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് തടയാൻ ലൈഫ് ഗാർഡുകൾ നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം പാപനാശത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ലൈഫ് ഗാർഡുകൾ സുരക്ഷ ഒരുക്കുന്നുണ്ട്.
വയനാട് തരിയോട് കമ്പനിക്കുന്ന് പൊയിൽ, തയ്യിൽ ഉന്നതികളിൽ വെള്ളം കയറി. ആളുകളെ മാറ്റിപാർപ്പിക്കുകയാണ്. കാവുമന്ദം പുഴയിൽ ചെകുത്താൻ തോട്ടിൽ ജലനിരപ്പ് ഉയരുന്നു. തരിയോട് GLP സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
കർണാടക വനത്തിൽ ഉരുൾപൊട്ടലെന്ന് സംശയം. കണ്ണൂരിലെ മലയോരമേഖലകളിലെ പുഴയിൽ ശക്തമായ ഒഴുക്കാണ്. ഉളിക്കൽ, മണിക്കടവ്, വയത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി. കോളിത്തട്ട് മേഖലയിലും ശക്തമായ കുത്തൊഴുക്കാണ്.
തൊടുപുഴ ആലക്കോട് മണ്ണിടിച്ചിൽ. മേഖലയിലെ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ക്യാമ്പിലേക്കും ബന്ധു വീടുകളിലേക്കുമായാണ് കുടുംബങ്ങളെ മാറ്റിയത്. മണ്ണിടിച്ചിലില്‍ മൂന്നു വീടുകളാണ് തകർന്നത്. 2 പേർക്ക് പരിക്കേറ്റിരുന്നു.
ശക്തമായ മഴ, ഉരുൾ പൊട്ടൽ ഭീഷണിയുടെയും സാഹചര്യത്തില്‍ വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നു. വിലങ്ങാട് പാരിഷ് ഹാളിലാണ് ക്യാമ്പ് പ്രവർത്തനം തുടങ്ങുന്നത്. മാടാഞ്ചേരി, പന്നിയേരി , കുറ്റല്ലൂർ എന്നീ മൂന്ന് ഉന്നതികളിൽ നിന്നും മുൻ വർഷം ഉരുൾ തകർത്ത മഞ്ഞച്ചിളിയിൽ നിന്നുമായി നൂറോളം കുടുംബങ്ങളെയാണ് അപകട സാധ്യത കണക്കിലെടുത്ത് മാറ്റി പാർപ്പിക്കുന്നത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തൃശൂര്‍ ജില്ലയില്‍ കൂടി മഴ തീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട് ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.
കനത്ത മഴയില്‍ മലപ്പുറം ചങ്ങരംകുളത്ത് മതില്‍ ഇടിഞ്ഞ് വീണ് അപകടം. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. അപകടത്തിൽ കടയും കാറും തകര്‍ന്നു. കെവിഎം അടക്കാ കമ്പനിയുടെ കൂറ്റന്‍ മതിലാണ് തകര്‍ന്ന് വീണത്. ചങ്ങരംകുളം തൃശ്ശൂര്‍ റോഡില്‍ ബസ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. അപകട സമയത്ത് സമീപത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
മലപ്പുറം കൊണ്ടോട്ടിയിൽ നാലു വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. നീറാട് തോട്ടിൽ ആണ് അപകടമുണ്ടായത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒഴുക്കിൽപ്പെട്ട് വരുന്നത് കണ്ട നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച കുട്ടിയുടെ മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നദികളിലെ ജലനിരപ്പ് ഉയരുന്നു. ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നദികളിൽ മുന്നറിയിപ്പുണ്ട്.
എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ), കൊല്ലം: കല്ലട (പുനലൂർ സ്റ്റേഷൻ), കോട്ടയം : മീനച്ചിൽ (പാല സ്റ്റേഷൻ), മണിമല (മണിമലസ്റ്റേഷൻ), പത്തനംതിട്ട: പമ്പ (കുരുടമണ്ണിൽ സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ) എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം: മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ) യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.
അടിമാലി കുമളി ദേശീയപാതയിൽ കീരിതോടിന് സമീപം മണ്ണിടിച്ചിൽ. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്.
കൽപ്പറ്റയില്‍ മണ്ണിടിച്ചിൽ. വീടിൻ്റെ മതിൽ ഇടിഞ്ഞു വീണു. പുൽപ്പാറ അമ്പാളി റസാക്കിൻ്റെ വീടിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ടൗൺഷിപ്പിലെ സോൺ അഞ്ചിന് അടുത്താണ് സംഭവം. സുരക്ഷാ ഭീഷണിയെ തുടർന്ന് പ്രദേശത്തെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.
പൂഞ്ഞാര്‍ പയ്യാനത്തോട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായ റെജീനയുടെ മൃതദേഹം കണ്ടെത്തി. മണ്ണിനടിയില്‍പ്പെട്ട മകന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
ഒറ്റ രാത്രിയിലെ മഴയിൽ ഇടുക്കിയിലെ ചെറു ഡാമുകൾ നിറഞ്ഞു. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളാണ് നിറഞ്ഞത്. ഇരട്ടയാർ ഡാമിൽ റെഡ് അലർട്ടിലേക്ക് ജലനിരപ്പ് ഉയർന്നു. കല്ലാർ ഡാമിലെ ജലനിരപ്പും റെഡ് അലേർട്ടിലേക്ക് ഉയരുകയാണ്. ഇരട്ടയാറിൽ 748.89 m ആണ് ജലനിരപ്പ്. കല്ലാറിൽ 822.8 m ആണ് ജലനിരപ്പ്.
ഗുരുവായൂർ തൊഴിയൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. തൊഴിയൂർ ആയിരംകണ്ണി ഉന്നതിയിൽ ചട്ടിക്കൽ ഷിബുവിന്റെ ഓടിട്ട വീടാണ് തകർന്നത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അയൽവാസി തൂമാട്ട് അമ്മിണിയുടെ വീട്ടുപറമ്പിലെ തെങ്ങാണ് കാറ്റിൽ മറിഞ്ഞ് ഷിബുവിന്റെ വീടിന് മുകളിലേക്ക് വീണത്. അപകടത്തിൽ അമ്മിണിയുടെ സ്ലാബ് മതിലും തകർന്നു. തെങ്ങ് വീണ് തകർന്ന ഓടുകളും തേങ്ങകളും വീടിനുള്ളിലേക്ക് പതിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഉറക്കമുണർന്ന് പുറത്തേക്ക് ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്. തെങ്ങ് വൈദ്യുതി ലൈനിലേക്ക് പതിച്ചതിനെ തുടർന്ന് രണ്ട് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
പമ്പാനദിയിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ശബരിമല തീർത്ഥാടകർ നദിയിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
വിലങ്ങാട് മേഖലയിൽ ശക്തമായ മഴ തുടരുന്നു. പുഴകളിൽ ക്രമാതീതമായി ജല നിരപ്പ് ഉയരുകയാണ്. പാനോം വന മേഖലയിൽ ഉരുൾ പൊട്ടിയതായി നാട്ടുകാർ പറയുന്നു. രണ്ട് വർഷം മുമ്പ് ഉരുൾ പൊട്ടിയ മേഖലയിൽ നിന്ന് ആവശ്യമെങ്കിൽ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുമെന്നും വാണിമേൽ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം വിലക്കിയതായും അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് പാലക്കാട് വീട് തകർന്ന് വീണു. പുതുപ്പള്ളിത്തെരുവ് പത്തുകുടി സ്വദേശി ഷാഹുൽ ഹമീദിൻ്റെ വീടാണ് തകർന്ന് വീണത്. അപകടസമയം വീടിന് അകത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഞ്ച് പേരാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവർ ഓടി പുറത്തിറങ്ങുകയായിരുന്നു.
ഇടുക്കി കോലാഹലമേട്ടില്‍ മണ്ണിടിച്ചിലില്‍ കാണാതായ പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി.
വയനാട്ടില്‍ ലഭിക്കുന്നത് കനത്ത മഴ. വൈത്തിരിയിലും ലക്കിടിയിലും 24 മണിക്കൂറിനിടെ ലഭിച്ചത് അതിതീവ്ര മഴയാണ്. താമരശ്ശേരി ചുരം വഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറുടെ നിർദേശമുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്ന് വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനാണ് അഭ്യർഥന. താമരശ്ശേരി ചുരം വഴി ഭാരവാഹനങ്ങൾക്കുള്ള യാത്രയിലും നിയന്ത്രണമുണ്ട്. വിനോദസഞ്ചാരികളുടെ യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറത്ത് മണ്ണിടിച്ചിലിൽ വീട്ടമ്മയുടെ കാല് മണ്ണിൽ കുടുങ്ങി. സംഭവം മലപ്പുറം കൈനോട്. വീട്ടമ്മയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ഇടുക്കി പശുപ്പാറയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. ബാലന്‍ എന്നയാളുടെ വീടാണ് തകർന്നത്. വീട്ടിൽ ഉള്ളവർ അത്‌ഭുതകരമായി രക്ഷപ്പെട്ടു.
കോഴിക്കോട് കോട്ടൂളിയിൽ റോഡിൽ വെള്ളം കയറി. മാനഞ്ചിറ, മെഡിക്കൽ കോളേജ് , മാവൂർ റോഡ് ജംഗ്ഷനിലേക്ക് പോകുന്ന റോഡാണ് കോട്ടൂളി.
ഇടുക്കി പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞു. സ്റ്റേഷനുള്ളിൽ ചെളിയും മണ്ണും. സ്റ്റേഷന് പിൻഭാഗത്തുള്ള മൺതിട്ട അപകടാവസ്ഥയിലാണ്.
മലപ്പുറം കാവനൂർ പതിനേഴാം വാർഡിലെ അങ്കണവാടിയുടെ മതിൽ ഇടിഞ്ഞ് തൊട്ടടുത്തുള്ള വീടിനുമേൽ പതിച്ചു. അങ്കണവാടിയും അപകടാവസ്ഥയിൽ.
സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം
കനത്ത മഴയെ തുടർന്ന് പാലക്കാട് മലയോര മേഖലയിൽ സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പെടെ മലയോര മേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുണ്ടറചോലക്ക് സമീപമാണ് മരം കടപുഴകി വീണത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. 20 cm വീതമാണ് തുറന്നത്. നെയ്യാർ ഡാമിലെ പരമാവധി ജലനിരപ്പ് 84.750 മീറ്റർ ആണ്. നിലവിൽ ജലനിരപ്പ് 84.750 മീറ്റർ ആയതോടെയാണ് തീരുമാനം. വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ശക്തമാണ്. വനപ്രദേശങ്ങളിലും മഴ ശക്തി ആർജിച്ചിട്ടുണ്ട്. നെയ്യാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

മലപ്പുറം വടക്കേമണ്ണയില്‍ വീടുകള്‍ക്ക് സമീപം മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിൽ വടക്കേമണ്ണ സ്വദേശി ഹമീദിന്റെ വീടിന്റെ സണ്‍ഷേഡ് തകർന്നു. മേഖലയിൽ അപകടഭീഷണി.

പാലത്തില്‍ വെള്ളം കയറി
പാലക്കാട് അലനെല്ലൂര്‍ കണ്ണംകുണ്ട് പാലത്തില്‍ വെള്ളം കയറി. ഗതാഗതം നിയന്ത്രിച്ചേക്കും.

പത്തനംതിട്ടയില്‍ മണിയാർ ഡാമിന് സമീപം ഒരു വീട് പൂർണമായും തകർന്നു. രമേശൻ കൊച്ചുവെളിയിലിന്റെ വീടാണ് തകർന്നത്. മറ്റൊരു വീട് ഭാഗികമായും തകർന്നിട്ടുണ്ട്. വാലുപറമ്പിൽ ശാന്തയുടെ വീടാണ് ഭാഗികമായി തകർന്നത്.
കോഴിക്കോട് ചാലിയത്ത് കരയ്ക്ക് അടുപ്പിക്കാനാവാതെ ബോട്ട്. എഞ്ചിൻ കേടായത് ആണ് കാരണം. 12 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് അടിയന്തിരമായി റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്(01/08/26, ശനിയാഴ്ച) അവധി പ്രഖ്യാപിക്കുന്നതായാണ് അറിയിപ്പ്. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
മുക്കം കാരശ്ശേരി മലാംകുന്നിൽ വീടിൻ്റെ മതിലിടിഞ്ഞ് വീണു. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ജലീൽ പാലാക്കാംപൊയിലിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്.
ഇടുക്കിയില്‍ അടിമാലി ഇരുമ്പുപാലത്ത് മണ്ണിടിച്ചില്‍. ടൗണിന് സമീപമാണ് മണ്ണിടിഞ്ഞത്. ദേശീയപാതയില്‍ അടിമാലി മച്ചിപ്ലാവിന് സമീപം റോഡിലേക്ക് പതിച്ച മണ്ണ് നീക്കം ചെയ്തു. ഗതാഗതം ഭാഗിഗമായി പുനഃസ്ഥാപിച്ചു.
കൊല്ലത്ത് കിഴക്കൻ മേഖലയിൽ ശക്തമായ മഴ. തിരുവനന്തപുരം ചെങ്കോട്ട പാതയിൽ കുളത്തൂപ്പുഴ മുപ്പതടി പാലത്തിൽ വെള്ളം കയറി. മലയോര ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. കുളത്തൂപ്പുഴ ചോഴിയക്കോട് മിൽപ്പാലം പ്രദേശത്ത് വീടുകളിലേക്ക് വെള്ളം കയറുകയാണ്. വീടുകളിലുള്ളവരെ താത്കാലികമായി മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ വീടുകളിൽ വെള്ളം കയറി. ഇലാഹി നഗറിലെ വീടുകളിലാണ് വെള്ളം കയറിയത്.

തൊടുപുഴ ആലക്കോട് രണ്ട് വീടുകൾ പൂർണമായും തകർന്നു. കൊടക്കച്ചിറയിൽ മാർട്ടിൻ, പാറക്കൽ മനോജ് എന്നിവരുടെ വീടുകളാണ് തകർന്നത്. ബിനു, മാർട്ടിൻ എന്നിങ്ങനെ രണ്ട് പേർക്ക് പരിക്കേറ്റു. ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തീവ്ര മഴയ്ക്ക് സാധ്യത
എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മഴ കനക്കുന്നു. മൂന്നു മണിക്കൂർ ഈ ജില്ലകളിൽ തീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
മലപ്പുറം വടക്കേമണ്ണയിൽ മണ്ണിടിച്ചിൽ
മലപ്പുറം വടക്കേമണ്ണയിൽ മണ്ണിടിച്ചിൽ. മലപ്പുറം കോട്ടക്കൽ പാതയിൽ ഗതാഗതം തടസപ്പെട്ടു. പുലർച്ചെ റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ ഉള്ള ശ്രമം തുടരുകയാണ്.
വീണ്ടും വള്ളം മറിഞ്ഞു
കൊല്ലം തങ്കശ്ശേരിയില്‍ വീണ്ടും വള്ളം മറിഞ്ഞു. ആറ് പേര്‍ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തെരച്ചില്‍.
പാലക്കാട് ജില്ലയിൽ അവധി
പാലക്കാട് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചത്.
പൊൻമുടി അടച്ചു
മണ്ണിടിച്ചിലിനെ തുടർന്ന് പൊന്മുടി അടച്ചു. കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും
ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയ കോവിലിലുമാണ് മണ്ണിടിച്ചിൽ. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഇന്ന് പുലർച്ച ആവാം മണ്ണിടിച്ചിൽ ഉണ്ടായത്.
മലപ്പുറം ജില്ലയിൽ അവധി
ജില്ലയിൽ അതി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (01.08.2026, ശനി) അവധിയായിരിക്കും. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.എസി. പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല.
അതിതീവ്ര മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,
കോതമംഗലത്ത് പൂയംകുട്ടി പുഴ കരകവിഞ്ഞു
മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ആദിവാസി മേഖലകൾ ഒറ്റപ്പെട്ടതായി വിവരം.
ഉരുളൻതണ്ണിയിലെ വീടുകളിൽ വെള്ളം കയറി.
ആലപ്പുഴയിൽ അവധി
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ആഗസ്‌റ്റ് ഒന്ന്) അവധി പ്രഖ്യാപിച്ചു.
ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ശനിയാഴ്ച ജില്ലാ കളക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.
കോട്ടയം പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടല്‍
കോട്ടയം പയ്യാനിത്തോട്ടത്തും ഉരുൾപൊട്ടൽ. വീട് പൂര്‍ണ്ണമായും തകര്‍ന്നു. അമ്മയും മകനും കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടങ്ങി.
അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഇന്ന് (ഓഗസ്റ്റ് 01) രാവിലെ 6.30ന് 40 സെന്റിമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 200 സെന്റിമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
കോട്ടയത്ത് അവധി
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്(ഓഗസ്റ്റ് 1 ശനി) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
പത്തനംതിട്ടയിൽ അവധി
കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.
ഇടുക്കിയിലെ ഇന്ന് അവധി
ഇടുക്കിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. ഉപ്പുതറ മത്തായിപ്പാറയിൽ പൊലിസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞു വീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരിക്ക് ഇല്ല.
കോട്ടയത്തും ഉരുൾപൊട്ടൽ
കോട്ടയം തീകൊയ് മംഗളഗിരി, കൈപ്പള്ളി, പെരിങ്ങളം, എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്.
ആളപായമൊന്നുമില്ല. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഈരാറ്റുപേട്ട നഗരത്തിൽ വെളളം കയറി. നടക്കൽ , കാടുവാമുഴി മേഖലയിലാണ് വീട്ടിൽ വെള്ളം കയറിയത്. മുപ്പത്ഏക്കറിൽ വീടിന് മുകളിൽ മണ്ണ് ഇടിച്ചു. ആളപായമില്ല, വീട്ടിൽ ഉണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി.
നേര്യമംഗലം വനമേഖലയിൽ അതിശക്തമായ മഴ
ദേശീയപാതയിൽ ചാക്കോച്ചി വളവിന് സമീപം റോഡിലേക്ക് വൻ പാറ പതിച്ചു. റോഡിൽ വെള്ളക്കെട്ട്.
വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഒരാൾ കുടുങ്ങി കിടക്കുന്നു
ഈരാറ്റുപേട്ട വാഗമൺ റോഡിൽ മണ്ണിടിഞ്ഞു ഗതാഗത തടസ്സം. അടിമാലി ദേവിയാർ ഉന്നതിയിൽ വീടുകളിൽ വെള്ളം കയറി. ദേവിയാർ പുഴ കരകവിഞ്ഞൊഴുകുന്നു.
പത്തനംതിട്ട റാന്നിയിൽ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു
പേട്ട ജംഗ്ഷന് സമീപം വെള്ളം കയറി. മാമുക്ക് ചെറിയ പാലത്തിന് സമീപം വെള്ളമെത്തി.
ഇട്ടിയപ്പാറയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി.
പത്തനംതിട്ടയിൽ മലയോര മേഖലയിൽ ശക്തമായ മഴ
പമ്പ, കക്കാട് , കല്ലാർ നദികളിൽ ജലനിരപ്പ് ഉയർന്നു. കല്ലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ഇന്ന് പ്രവർത്തിക്കില്ല. തേക്ക് തോട്ടിൽ വീടുകളുടെ സമീപത്തേക്ക് വെള്ളം ഒഴുകിയെത്തി. തണ്ണിത്തോട് ചെറു തോടുകളിൽ ജലനിരപ്പ് ഉയർന്നു.
മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി
കോട്ടയം മുണ്ടക്കയം മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. കൂട്ടിക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലും, പാറത്തോട്ടിലും നിരവധിയിടങ്ങളിൽ വെള്ളം കയറി. പുല്ലകയറ് കരകവിഞ്ഞതോടെയാണ് കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കയറിയത്. മണിമലയാറ് കരകവിഞ്ഞതോടെ കൂട്ടിക്കൽ കോസ് വേയും വെള്ളത്തിനടിയിലായി. ചെറുതോടുകളെല്ലാം നിറഞ്ഞൊഴുകുകയാണ്.
വീടുകളിൽ വെള്ളം കയറി
ഇടുക്കി കൊക്കയാറില്‍ ആറ് വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റി പാര്‍പ്പിച്ചു. പുല്ലകയാര്‍ കരകവിഞ്ഞു.
ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ട സുമതിയുടെ മൃതദേഹം കണ്ടെത്തി. സുമതിയും കുടുംബവും താമസിച്ചിരുന്ന വീട് ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലാവുകയായിരുന്നു. ഭര്‍ത്താവ് രവിയും മകനും രക്ഷപ്പെട്ടു.