വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടം: ലേക്‌ഷോറിന് കുരുക്ക്, നിര്‍ണായക തെളിവുകള്‍ റിപ്പോര്‍ട്ടറിന്

മുഖ്യപ്രതി നജീബിന്റെ നേതൃത്വത്തിലുള്ള കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയും ലേക്ക്‌ഷോര്‍ ആശുപത്രിയും തമ്മിലുള്ള കരാറാണ് പുറത്തുവന്നത്

വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടം: ലേക്‌ഷോറിന് കുരുക്ക്, നിര്‍ണായക തെളിവുകള്‍ റിപ്പോര്‍ട്ടറിന്
dot image

കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടത്തിന്റെ നിര്‍ണായക തെളിവുകള്‍ റിപ്പോര്‍ട്ടറിന്. മുഖ്യപ്രതി നജീബിന്റെ നേതൃത്വത്തിലുള്ള കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയും ലേക്ക്‌ഷോര്‍ ആശുപത്രിയും തമ്മിലുള്ള കരാറാണ് പുറത്തുവന്നത്. അവയവശസ്ത്രക്രിയയ്ക്ക് കമ്മീഷന്‍ നല്‍കുന്നതിലാണ് കരാര്‍. അവയവ ശസ്ത്രക്രിയക്ക് ഒരു രോഗിക്ക് അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ നല്‍കാമെന്നാണ് കരാറില്‍ പറയുന്നത്.

കേസില്‍ ലേക്‌ഷോര്‍ എംഡി എസ് കെ അബ്ദുള്ളയെയും ഡോക്ടര്‍മാരെയും അടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ആശുപത്രികളില്‍ നടന്ന റെയ്ഡുകള്‍ക്ക് പിന്നാലെയായിരുന്നു ഇ ഡി നടപടി. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ലേക്‌ഷോര്‍ ആശുപത്രി അധികൃതരുടെ മൊഴികളില്‍ വ്യക്തതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ആശുപത്രി എം ഡിയെയും ഡോക്ടര്‍മാരെയും വീണ്ടും ചോദ്യം ചെയ്യുമെന്നും ഇ ഡി അറിയിച്ചിട്ടുണ്ട്.

വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടക്കേസില്‍ രാജഗിരി ആശുപത്രിയിലെ കൂടുതല്‍ ഡോക്ടര്‍മാര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായിട്ടുണ്ട്. ഡോണ്‍ സെബാസ്റ്റിയന്‍, സോണിയ ജോയ് എന്നിവരാണ് ഹാജരായത്. ജിജി കുറുട്ടുകുളം, സുനിത തോമസ് എന്നിവര്‍ ഇന്നലെ ഹാജരായിരുന്നു. കേസില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരെയും ഇഡി ചോദ്യം ചെയ്തിരുന്നു.

കാസര്‍കോട് സ്വദേശിയായ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവ കച്ചവട റാക്കറ്റിന് സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി, ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് റാക്കറ്റിന്റെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച പരിശോധനകളിലേക്ക് കടന്നത്.

ആശുപത്രികളില്‍ നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നും അവയവ ദാതാവിനെയും സ്വീകര്‍ത്താവിനെയും ആശുപത്രിയില്‍ എത്തിച്ച് ഓരോ തവണ പരിശോധന നടത്തുമ്പോഴും റാക്കറ്റിന് ആശുപത്രികളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍. റാക്കറ്റുമായി ആശുപത്രികള്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അവയവ കച്ചവട റാക്കറ്റുമായുള്ള ഇടപാടുകളിലാണ് പരിശോധന നടക്കുന്നത്.

Content Highlights: Crucial evidence has reportedly surfaced in the alleged organ trafficking case involving forged documents, tightening scrutiny on Lakeshore Hospital.

dot image
To advertise here,contact us
dot image