'മൂന്ന് നേതാക്കളും യോജിച്ച് പോകണം'; തിരുവനന്തപുരത്തെ സിപിഐഎം വിഭാഗീയതയില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം

മൂന്ന് നേതാക്കളും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന് പിന്നാലെയാണെന്നാണ് വിവരം

'മൂന്ന് നേതാക്കളും യോജിച്ച് പോകണം'; തിരുവനന്തപുരത്തെ സിപിഐഎം വിഭാഗീയതയില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം
dot image

തിരുവനന്തപുരം: സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, വി ജോയി എന്നിവരോട് യോജിച്ച് പോകാനാണ് നേതൃത്വം നിര്‍ദേശിച്ചിക്കുന്നത്. ജില്ലാ നേതൃത്വവുമായി സഹകരിക്കാന്‍ ശിവന്‍കുട്ടിയോട് നേതൃത്വം ആവശ്യപ്പെട്ടു. ശിവന്‍കുട്ടി, കടകംപള്ളി എന്നിവരെ പരിപാടികളില്‍ സഹകരിപ്പിക്കണമെന്ന് വി ജോയിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് നേതാക്കളും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന് പിന്നാലെയാണെന്നാണ് വിവരം. ജില്ലാ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം പാര്‍ട്ടിക്ക് മുഴുവന്‍ അവമതിപ്പുണ്ടാക്കിയെന്നും വിലയിരുത്തലുണ്ട്.

സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന വി ജോയ് വര്‍ക്കലയില്‍ മത്സരിക്കാന്‍ പോയതോടെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തില്‍ അനിശ്ചിതത്വം ഉണ്ടായത്. ആ ഘട്ടത്തില്‍ താത്കാലിക ചുമതല എ എ റഹീമിന് നല്‍കിയിരുന്നു. പിന്നാലെ എംഎല്‍എയായി തെരഞ്ഞടുക്കപ്പെട്ട വി ജോയ് ജില്ലാ സെക്രട്ടറിയായി തുടരുന്നതില്‍ അതൃപ്തി പുകയുകയായിരുന്നു. വി ശിവന്‍കുട്ടിയുടേയും കടകംപള്ളി സുരേന്ദ്രന്റേയും സംഘമാണ് ഈ നീക്കം നടത്തിയതെന്നാണ് വിവരം. പിന്നാലെ വി ശിവന്‍കുട്ടിയെ ജില്ലാ സെക്രട്ടറിയാക്കാനും നീക്കം നടന്നിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് വെട്ടി വി ജോയ് തന്നെ തുടരട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു.

തുടന്ന് നേതാക്കള്‍ തമ്മില്‍ പരസ്യമായി തന്നെ വിഭാഗീയത പുറത്തുവരുന്ന സാഹചര്യവുമുണ്ടായി. സെക്രട്ടറിയായി വി ജോയിയെ തീരുമാനിക്കുന്ന യോഗത്തില്‍ ശിവന്‍കുട്ടി പങ്കെടുത്തതുമില്ല. പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത കോവളം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വിഴിഞ്ഞം പ്രതിഷേധത്തില്‍ വി ശിവന്‍കുട്ടിയെ വിളിക്കാതിരുന്നതും ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് ശിവന്‍കുട്ടി സംസ്ഥാന നേതൃത്വത്തെ കണ്ട് പരാതി അറിയിക്കുന്നത്. ഇതിന് ശേഷമാണ് സിപിഐഎം സംസ്ഥാന നേതൃത്വം വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടത്. അവിടെ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് മൂന്ന് നേതാക്കളും ഇന്നലെ ഒരുമിച്ച് മാധ്യമങ്ങളെ കണ്ടതെന്നാണ് വിവരം.

Content Highlights: The CPI(M) state leadership has initiated efforts to end factional differences in the Thiruvananthapuram district unit. Senior leaders V Sivankutty, Kadakampally Surendran, and V Joy have been instructed to work in coordination with each other and the district leadership to ensure better organisational unity.

dot image
To advertise here,contact us
dot image