

തിരുവനന്തപുരം: കോൺഗ്രസിൽ അടി പ്രതീക്ഷിച്ചതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മൂന്നുപേർ മുഖ്യമന്ത്രി ആകാൻ വേണ്ടി ശ്രമിക്കുന്നു. അടി മുമ്പ് കണ്ടതാണ്. ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ വേഗം തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആരാണ് പ്രതിപക്ഷ നേതാവാകുക എന്നതില്‍ പി ബി യോഗത്തിലാണ് തീരുമാനമാവുക. പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
പ്രതിപക്ഷത്തിന് പുതിയ മുഖം വേണമെന്ന പി സന്തോഷ് കുമാര്‍ എംപിയുടെ അഭിപ്രായം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സിപിഐഎമ്മിനാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തില്‍ ഇടപെടാന്‍ സിപിഐക്ക് താല്‍പര്യമില്ല. ചില മാധ്യമങ്ങള്‍ ഈ വിഷത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ഐഎഎന്‍എസ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സന്തോഷ് കുമാര്‍ പ്രതിപക്ഷത്തിന് പുതിയ മുഖം വേണമെന്ന് പറഞ്ഞത്. തങ്ങള്‍ക്ക് പുതിയ പ്രതിപക്ഷ മുഖങ്ങളെയാണ് ആവശ്യമെന്നായിരുന്നു സന്തോഷ് കുമാര്‍ പറഞ്ഞത്. കാരണങ്ങള്‍ എന്തൊക്കെയായാലും തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചേ മതിയാകൂ. അപമാനകരവും ലജ്ജാകരവുമായ തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. തോല്‍വിക്ക് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. സര്‍ക്കാരിന്റെ പ്രകടനം ഒരു തരത്തില്‍ മികച്ചതായിരുന്നു. എന്നാല്‍ അതിന് അപ്പുറത്തേക്ക് പല പ്രശ്‌നങ്ങളും തങ്ങള്‍ക്ക് വേണ്ട രീതിയില്‍ മനസിലാക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് ഇക്കാര്യങ്ങളെല്ലാം ഇക്കാര്യങ്ങളെല്ലാം ഗൗരവത്തില്‍ തന്നെ ചര്‍ച്ച ചെയ്യുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞിരുന്നു.
Content Highlights: CPIM state secretary M V Govindan said the infighting in Congress was expected