

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോള്‍ റിയാസ് എന്തായാലും വീട്ടിലുണ്ടാകുമെന്ന ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ പരിഹാസത്തിന് മറുപടിയുമായി ടൂറിസം വകുപ്പ് മന്ത്രിയും ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയം എന്നത് വ്യക്തികള്‍ തമ്മിലുളള ഗുസ്തി മത്സരമല്ലെന്നും ആശയങ്ങള്‍ തമ്മിലുളള പോരാട്ടമാണെന്നും പി വി അന്‍വര്‍ പറഞ്ഞു. അന്‍വറിന്റെ വാക്കുകള്‍ ജനം വിലയിരുത്തുമെന്നും കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വോട്ട് ഇത്തവണ തനിക്ക് ലഭിക്കുമെന്നും റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആക്ഷേപം കേള്‍ക്കുമ്പോള്‍ മനുഷ്യന്‍ എന്ന നിലയില്‍ വേദന തോന്നുക സ്വാഭാവികമാണെന്നും വൈകാരികതയ്ക്ക് അപ്പുറം ഉര്‍ത്തിപ്പിടിക്കേണ്ടത് ഉയര്‍ന്ന രാഷ്ട്രീയ ബോധമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം വ്യക്തിയോടുളള ശത്രുത പുലര്‍ത്തേണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ബേപ്പൂരില്‍ ആരായിരിക്കും വിജയിക്കുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് റിയാസ് എന്തായാലും വീട്ടിലുണ്ടാകും എന്ന് പി വി അന്‍വര്‍ മറുപടി നല്‍കിയത്. വീട്ടിലെ സ്പീക്കറൊക്കെ ആകാമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയിലും അദ്ദേഹം പ്രതികരിച്ചു. ആരായിരിക്കും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാവുക എന്ന ചോദ്യത്തിന്, ഇടതുപക്ഷത്തില്‍ ആരായിരിക്കും പ്രതിപക്ഷ നേതാവ് എന്നായിരുന്നു മാധ്യമങ്ങളോടുളള മറുചോദ്യം. ഇടതുപക്ഷത്ത് പിണറായി അല്ലാതെ ഒരുത്തന്റെ പേര് പറഞ്ഞാല്‍ തല കാണില്ലെന്നും അന്‍വര്‍ പരിഹസിച്ചു.
'രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പം? എഐസിസി തീരുമാനിച്ചാല്‍ അദ്ദേഹത്തിന് കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലേ? കോണ്‍ഗ്രസ് ആരെ തീരുമാനിക്കുന്നോ അവര്‍ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. ഏതൊരാള്‍ക്കും ഇവിടെ അഭിപ്രായം പറയാം. അതുകൊണ്ടല്ലേ മൂന്നാലുപേര്‍ മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യരാണെന്ന് പറയുന്നത്. മറുഭാഗത്ത് ജനാധിപത്യ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്നവരാണ്. പക്ഷെ പിണറായി അല്ലാതെ മറ്റൊരാളുടെ പേര് പറഞ്ഞാല്‍ തല കാണില്ല ശരീരത്തില്‍. അത്രയും ഏകാധിപത്യം അപ്പുറത്ത് നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയൊക്കെ ഞാന്‍ പോസിറ്റീവ് ആയാണ് കാണുന്നത്'- പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Politics is not a wrestling match between individuals- Muhammad Riyas against pv anwar