മുസ്‌ലിം ലീഗില്‍ അഞ്ചാം മന്ത്രിയുണ്ടായേക്കില്ലെന്ന് ആശങ്ക; അഞ്ച് പേരുടെ പേര് പരിഗണനയില്‍

എ കെ എം അഷ്‌റഫ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കപ്പെടും

മുസ്‌ലിം ലീഗില്‍ അഞ്ചാം മന്ത്രിയുണ്ടായേക്കില്ലെന്ന് ആശങ്ക; അഞ്ച് പേരുടെ പേര് പരിഗണനയില്‍
dot image

കോഴിക്കോട്: മുസ്‌ലിം ലീഗില്‍ അഞ്ചാം മന്ത്രി ഉണ്ടായേക്കില്ലെന്ന് ആശങ്ക. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചിരുന്നു. എന്നാല്‍ സാമുദായിക സന്തുലിതാവസ്ഥ വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ലീഗിന് അഞ്ചാം മന്ത്രിയുണ്ടാകുമോയെന്ന ആശങ്കയാണ് പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ ഉയരുന്നത്.

ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍ ഷംസുദീന്‍, പാറക്കല്‍ അബ്ദുള്ള എന്നിവരെയാണ് ലീഗ് മന്ത്രിസ്ഥാനങ്ങളിലേക്ക് നിലവില്‍ പരിഗണിച്ചിരിക്കുന്നത്. എ കെ എം അഷ്‌റഫിനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കപ്പെടും.

അതേസമയം അധികാരത്തില്‍ വന്നാല്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ മുസ്‌ലിം ലീഗ് മാര്‍ഗനിര്‍ദേശമിറക്കിയിരുന്നു. മന്ത്രിമാര്‍ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടേയും അഭിപ്രായം തേടണം, ഉപജാപക സംഘങ്ങളുടെ പിടിയിലാകാതെ ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെച്ചൊല്ലിയുള്ള വിവാദം യുഡിഎഫിനെക്കുറിച്ച് പുതിയ തലമുറയിലുള്‍പ്പെടെ അവമതിപ്പുണ്ടാക്കിയെന്നും ലീഗില്‍ വിലയിരുത്തല്‍ ഉണ്ട്. എന്നാല്‍ മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ലീഗ് പിന്തുണക്കുന്നത്. എക്‌സിറ്റ് പോളില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് വി ഡി സതീശനാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുവേണം മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം വരേണ്ടത് എന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പറഞ്ഞു.

Content Highlights: Concerns over whether there will be a fifth minister in the Muslim League

dot image
To advertise here,contact us
dot image