

കണ്ണൂര്‍: കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എംസി അതുലിനെതിരെ യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന്. കോളേജില്‍ പഠിക്കുന്ന സമയത്ത് അതുല്‍ വിവാഹ വാഗ്ദാനം നല്‍കുകയും തുടര്‍ന്ന് നീണ്ട വര്‍ഷത്തോളമുള്ള പ്രണയത്തിനിടെ പലതവണയായി ഒന്നരലക്ഷത്തിലധികം തുക കൈപറ്റിയെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. അതുലിന് മറ്റുപല ബന്ധങ്ങളും ഉണ്ടെന്നറിഞ്ഞ് വഞ്ചിക്കപ്പെട്ടുവെന്ന ഘട്ടത്തില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'നിനക്ക് പറ്റുന്നപോലെ വാങ്ങിച്ചെടുത്തോ' എന്നു പറഞ്ഞ് ഭീഷണപ്പെടുത്തിയെന്നും പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമം ഉണ്ടായെന്നും പരാതിയില്‍ ആരോപിക്കുന്നു.
കെഎസ്‌യു നേതാവ് ഫര്‍ഹാന്‍ മുണ്ടേരിക്കെതിരെയും പരാതിയില്‍ ആരോപണം ഉണ്ട്. ഫര്‍ഹാന്‍ മുണ്ടേരി തന്നെ സമീപിക്കുകയും റേപ്പ് ഒന്നും ചെയ്തില്ലല്ലോ, ഇതൊക്കെ നാട്ടില്‍ സര്‍വ്വസാധാരണമല്ലേ എന്ന രീതിയിലാണ് മറുപടി ലഭിച്ചതെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. ഈ പീഡനങ്ങളുടെ ഫലമായി താന്‍ ഗുരുതരമായ മാനസിക വിഷമവും വിഷാദവും അനുഭവിച്ച് വരികയാണെന്നും ദീര്‍ഘകാലമായി സൈക്കോളജിസ്റ്റിന്റെ ചികിത്സയില്‍ കഴിയുകയാണെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതല്‍ പലവിധത്തില്‍ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണെന്നും ഇത് അല്‍പ്പം കടന്ന കയ്യായിപോയെന്നുമാണ് പരാതിയില്‍ അതുല്‍ സോഷ്യല്‍മീഡിയയിലൂടെ നല്‍കിയ വീശദീകരണം. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റുരീതിയില്‍ വ്യാഖ്യാനിച്ച് മുന്നോട്ടുപോകുന്നത് ശരിയാണോയെന്ന് കാലം തെളിയിക്കും എന്നും അതുല്‍ കുറിച്ചിരുന്നു.
അതുല്‍ എംസിയുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം-
വാര്‍ത്തകളും പരാതിയും കണ്ടു.
വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതല്‍ പലവിധത്തില്‍ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്.
`നിന്നെ ഫിനിഷ് ചെയ്യും' എന്നാണ് അടക്കം പറിച്ചില്‍.
എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്.
പക്ഷേ ഇത് അല്പം കടന്ന കയ്യായ്‌പ്പോയി.
ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല.
വിവിധ ക്യാമ്പസുകളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി പല വിദ്യാര്‍ഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയില്‍ അവര്‍ക്കൊക്കെ എന്റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നാണ് കരുതുന്നത്.
സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയില്‍ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും.
ഒരുപാട് ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ നിന്നും കടം മേടിച്ചും തിരിച്ചു കൊടുത്തും പല സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെ പൊതുപ്രവര്‍ത്തനം നടത്തി മുന്നോട്ട് പോകുന്ന സാധാരണക്കാരനാണ് ഞാനും.
ഇപ്പോഴും കടവും ലോണുകളുമല്ലാതെ വ്യക്തിപരമായി ഈ പൊതുപ്രവര്‍ത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല.
വേദനകളും
യാതനകളും
പ്രതിസന്ധികളും അനവധി ഉണ്ടായിട്ടുണ്ടെങ്കിലും
ഈ പൊളിറ്റിക്‌സില്‍ നിലനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് ഇതിനോടുള്ള പാഷനും കോണ്‍ഗ്രസിന്റെ ലെഗസിയുമാണ്.
കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനില്‍ തല്‍ക്കാലം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. (കേസിനെ ബാധിക്കുന്നത് കൊണ്ട്).
ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും.
കോടതി നീതി ഉറപ്പാക്കട്ടെ.
കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും തുടരുന്നവരുടെ ഉദ്ദേശം മറ്റൊന്നാണല്ലോ.
അവര്‍ക്ക് വിശദീകരണങ്ങളും പോരാതെ വരും.
Content Highlights: woman's complaint against MC Atul to state police chief