'വോട്ട് ചോദിച്ച് ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ല'; വിവാദ പരാമർശവുമായി മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി

'വോട്ട് ചോദിച്ച് പോകുമ്പോൾ ചിലർക്ക് അത് ഇഷ്ടമാകില്ല. ചിലർ മുഖം കറുപ്പിക്കും. ആ മുഖങ്ങൾ കാണണ്ട എന്നതുകൊണ്ടാണ് ഈ തീരുമാനം'- ഐസക് വര്‍ഗീസ് പറഞ്ഞു

'വോട്ട് ചോദിച്ച് ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ല'; വിവാദ പരാമർശവുമായി മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി
dot image

പാലക്കാട്: വിവാദ പരാമര്‍ശവുമായി മണ്ണാര്‍ക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഐസക് വര്‍ഗീസ്. വോട്ടര്‍ഭ്യര്‍ത്ഥിച്ച് താന്‍ ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ല എന്നാണ് ഐസക് വര്‍ഗീസ് പറയുന്നത്. ഇത് മുന്നണിയുടെ തീരുമാനമല്ല, തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തന്നെ ഉള്‍ക്കൊളളാന്‍ കഴിയാത്ത ഒരു വിഭാഗത്തോട് വോട്ട് ചോദിക്കേണ്ട എന്നതാണ് നിലപാടെന്നുമാണ് ഐസക് വര്‍ഗീസ് പറഞ്ഞത്. എന്‍ഡിഎയെ ഉള്‍ക്കൊളളാന്‍ പ്രയാസമുളളവരോട് വോട്ട് ചോദിക്കേണ്ട എന്നത് തന്റെ അനുഭവത്തില്‍ നിന്ന് എടുത്ത നിലപാടാണെന്നും ഐസക് പറഞ്ഞു.

'ഞാന്‍ ഒറ്റ മുസ്‌ലിം വീടുകളില്‍ കയറി വോട്ട് ചോദിച്ചിട്ടില്ല എന്നതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് എന്റെ ഏറ്റവും വലിയ പ്രത്യേകത. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയതുകൊണ്ടല്ല ചോദിക്കാതിരുന്നത്. എന്നെ തെറ്റിദ്ധരിക്കുന്ന ഒരു വിഭാഗം, എന്തുപറഞ്ഞാലും നമ്മളെ മനസിലാക്കാന്‍ പറ്റാത്ത ഒരു വിഭാഗം, അവരുടെ വോട്ട് വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ഒരു മുസ്‌ലിം വീടുകളില്‍ പോയിട്ടും മതപരമായല്ല, വ്യക്തിപരമായിട്ടും വോട്ട് ചോദിച്ചിട്ടില്ല. എന്റെ ബിസിനസ് പാര്‍ട്ട്ണര്‍മാരായ മുസ്‌ലിങ്ങളുടെയും എന്റെ ഭാര്യയുടെ കൂടെ ജോലിചെയ്ത മുസ്‌ലിങ്ങളുടെയും കുടുംബങ്ങളിലെ വോട്ടുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അവരോടും ഞാന്‍ നേരിട്ട് വോട്ട് ചോദിച്ചിട്ടില്ല. ഞാനുമായി ബന്ധപ്പെട്ട ആള്‍ക്കാരാണ് ചോദിച്ചിട്ടുളളത്' എന്നാണ് ഐസക് വര്‍ഗീസ് പറഞ്ഞത്.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണ് എന്ന് പറഞ്ഞാല്‍ അത് മുസ്‌ലിങ്ങളെ ബാധിക്കും എന്നത് പോലെ തന്നെ ക്രിസ്ത്യാനികളെയും ബാധിക്കുമെന്നും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഒന്നാണ് എന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഐസക് വര്‍ഗീസ് പറഞ്ഞു. വോട്ട് ചോദിച്ച് പോകുമ്പോള്‍ ചിലര്‍ക്ക് അത് ഇഷ്ടമാകില്ല. ചിലര്‍ വാതില്‍ അടച്ച് പോകും. ചിലര്‍ മുഖം കറുപ്പിക്കും. ആ മുഖങ്ങള്‍ കാണണ്ട എന്നതുകൊണ്ടാണ് ദൃഢമായ തീരുമാനം എടുത്തതെന്നും ഐസക് വര്‍ഗീസ് കൂട്ടിച്ചേർത്തു.

Content Highlights: 'I have never visited a single Muslim house asking for votes'; mannarkkad NDA candidate issac varghese

dot image
To advertise here,contact us
dot image