രാജ്യം നേരിടുന്ന ഏറ്റവും വലിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാതെ ആരെ പിന്തുണയ്ക്കും: പി വി അന്‍വര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിച്ച ഒരു ഘട്ടത്തിലും അഖിലേന്ത്യാ പാര്‍ട്ടിയുടെ സ്വാഭാവിക പിന്തുണ കിട്ടിയിട്ടില്ലെന്നും അൻവർ

രാജ്യം നേരിടുന്ന ഏറ്റവും വലിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാതെ ആരെ പിന്തുണയ്ക്കും: പി വി അന്‍വര്‍
dot image

കോഴിക്കോട്: കോണ്‍ഗ്രസുമായി ഐക്യപ്പെടുന്ന ഏത് രാഷ്ട്രീയ നീക്കത്തേയും പിന്തുണക്കാന്‍ പ്രയാസമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ബോധ്യപ്പെടുത്തിയതായി പി വി അന്‍വര്‍. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയക്കാതെ ആരെ പിന്തുണയ്ക്കും എന്ന ചോദ്യം നില്‍ക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്ററായിരുന്ന പി വി അന്‍വര്‍ വിശദീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിച്ച ഒരു ഘട്ടത്തിലും അഖിലേന്ത്യാ പാര്‍ട്ടിയുടെ സ്വാഭാവിക പിന്തുണ കിട്ടിയിട്ടില്ല. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് പോകുന്നതില്‍ പ്രയാസം ഇല്ലെന്നായിരുന്നു നേരത്തെ അവരുടെ നിലപാട്. എന്നാല്‍ അതില്‍ നിന്നും പിന്മാറുന്നതായും കോണ്‍ഗ്രസുമായി ഐക്യപ്പെട്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയനീക്കത്തെയും പിന്തുണക്കാന്‍ അവര്‍ക്ക് പ്രയാസം ഉണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ബേപ്പൂരില്‍ മത്സരിക്കുമ്പോള്‍ ദേശീയ തലത്തില്‍ നിന്നും ഒരു നേതാവിനെയെങ്കിലും അയച്ചുതരണമെന്ന് പറഞ്ഞതിന് ഒരു തരത്തിലും കോണ്‍ഗ്രസ് നേതാക്കളുമായി വേദി പങ്കുവെയ്ക്കാന്‍ കഴിയില്ല, തൃണമൂലിന്റെയും കോണ്‍ഗ്രസിന്റെയും കൊടികള്‍ ഒരേവേദിയില്‍ വന്നാല്‍ ബംഗാളില്‍ അവര്‍ ഉയര്‍ത്തുന്ന ആന്റി കോണ്‍ഗ്രസ്, ആന്റി ബിജെപി, ആന്റി കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് പറഞ്ഞത്. ആ രീതിയിലുള്ള രാഷ്ട്രീയവുമായി കേരളത്തില്‍ മുന്നോട്ടുപോകാന്‍ പറ്റില്ല എന്നും പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം എന്നും പി വി അന്‍വര്‍ പറഞ്ഞു.

ഇന്ന് എറണാകുളത്ത് ചേര്‍ന്ന ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി അറിയിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്, തൃണമൂല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചതായി പി വി അന്‍വര്‍ അറിയിച്ചു.

dot image
To advertise here,contact us
dot image