

കോഴിക്കോട്: ഷാഫി പറമ്പിലിൽ എം പിയെ ഉന്നംവെച്ച് ടി പി രാമകൃഷ്ണൻ. പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് മുതലാണെന്ന് ചൂണ്ടിക്കാണിച്ച് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ. കെ മുരളീധരനും മുല്ലപ്പള്ളിയും മത്സരിച്ചപ്പോൾ ഇത്തരം ആരോപണം ഉയർന്നിരുന്നില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയ നിലപാടുകൾ ഉപയോഗിച്ചതിന്റെ ഉദാഹരണങ്ങൾ മണ്ഡലത്തിൽ ഉണ്ടെന്നും അതിൻ്റെ ഉത്തരവാദി ആരാണെന്ന് കോൺഗ്രസിന് അറിയാമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേരാമ്പ്ര ഉൾപ്പെടുന്ന വടകര ലോക്സഭാ മാണ്ഡലത്തിൽ ഷാഫി പറമ്പിൽ ആയിരുന്നു മത്സരിച്ചത്.
ഫാത്തിമ തഹിലിയയുമായി ബന്ധപ്പെട്ട അനൗൺസ്മെൻ്റ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഉണ്ടെങ്കിൽ ഫലം വന്ന ശേഷം കൂട്ടിച്ചേർക്കാമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. എൽഡിഎഫിന് 90 സീറ്റ് കിട്ടാവുന്ന അന്തരീക്ഷം കേരളത്തിൽ ഉണ്ടെന്ന് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. സീറ്റിന്റെ എണ്ണം പറഞ്ഞ് അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. ജനങ്ങളുടെ ജനാധിപത്യ ബോധത്തെ അളക്കുന്നത് ശരിയല്ല. യുഡിഎഫിന്റെ അവകാശവാദം എല്ലാതവണയും ഉള്ളത്. 2021ൽ മന്ത്രിമാരെയും പേഴ്സണൽ സ്റ്റാഫുകളെയും നിശ്ചയിച്ചുവെന്നും ടി പി രാമകൃഷ്ണൻ പരിഹസിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ടി പി രാമകൃഷ്ണൻ വിമർശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റേത് കുറ്റകരമായ നിലപാട് എന്നായിരുന്നു ടി പി രാമകൃഷ്ണൻ്റെ പ്രതികരണം. പോസ്റ്റൽ വോട്ടിൽ കൃത്യത ഉണ്ടായില്ല. പോസ്റ്റ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്നും ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു. പോളിങിലെ കണക്ക് പറയാൻ കഴിയാത്തത് വീഴ്ചയുടെ ഭാഗമാണെന്നും ഇത് പരിശോധിക്കണമെന്നും ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
Content Highlights: Perambra has seen rising communal discussions since the 2024 Lok Sabha election, where Congress leader Shafi Parambil secured a significant lead. LDF convenor TP Ramakrishnan is now accused of targeting Shafi amid the ongoing Kerala assembly election campaign in the constituency.