

തിരുവനന്തപുരം: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയതിന് പിന്നാലെ കോളേജിനെതിരെ ആരോപണം ആവര്‍ത്തിച്ച് കുടുംബം. ലോൺ ആപ്പിൻ്റെ പേരിൽ നിതിന്‍ ആത്മഹത്യ ചെയ്യില്ലയെന്നും എല്ലാവരും കൂടി നിതിനെ കൊന്നതാണെന്നും നിതിൻ്റെ സഹോദരി നിഖിത പറഞ്ഞു.
പഠിക്കുന്ന ഒരു കുട്ടിയ്ക്ക് ആപ്പ് ലോണിൽ നിന്ന് ലക്ഷങ്ങൾ കിട്ടില്ല. അങ്ങനെ കിട്ടണമെങ്കിൽ സാലറി സർട്ടിഫിക്കറ്റ് നൽകണമെന്നും അത് ഒന്നും അവന് കാണിക്കാൻ ഇല്ലെന്നും സഹോദരി പറഞ്ഞു. ഒരിക്കലും ആപ്പ് ലോണിന്റെ പേര് പറഞ്ഞു ഇത് ചുരുക്കാൻ സമ്മതിക്കില്ല. എവിടെ വരെ പോകാൻ പറ്റുമോ അവിടെ വരെ പോകുമെന്നും സഹോദരി വ്യക്തമാക്കി.
മരണകാരണം ലോൺ ആപ്പ് എന്ന് വരുത്തി തീർക്കുന്നു. നിതിന് നീതി ലഭിച്ചില്ലെങ്കിൽ ഞങ്ങളും ഈ ലോകത്ത് ഉണ്ടാകില്ലയെന്നും നിഖിത പറഞ്ഞു. ഡെന്റൽ അനാട്ടമി ഡിപ്പാർട്മെന്റിലെ അധ്യാപകർ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നവർ ആണെന്നും സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിയതിന് ശേഷം അവൻ ഒന്നും പറഞ്ഞില്ലയെന്നും സഹോദരി പറഞ്ഞു. എന്നും രാത്രി അവനോട് സംസാരിക്കുമായിരുന്നുവെന്നും അവനോട് സംസാരിക്കാതെ ഉറങ്ങാറില്ലയെന്നും സഹോദരി പറഞ്ഞു.
അതേസമയം നിതിന്‍ രാജ് ജീവനൊടുക്കിയതിന് പിന്നാലെ കുറ്റാരോപിതനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. സഹതാപം പിടിച്ചുപറ്റാനാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്ന് ഡോ. എം കെ റാം അധിക്ഷേപിച്ച് സംസാരിച്ചു എന്ന് സഹപാഠിയായ ആര്‍ച്ച റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ വെളിപ്പെടുത്തി. സ്ലം ഡോഗ് എന്നാണ് നിതിനെ ഇയാള്‍ വിളിച്ചിരുന്നത് എന്നും ആര്‍ച്ച പറഞ്ഞു.
'ഞങ്ങള്‍ ജോയിന്‍ ചെയ്ത സമയം മുതല്‍ ഡോ. എം കെ റാം എന്നയാളെ സൂക്ഷിക്കണമെന്ന് സീനിയേഴ്‌സ് പറയുമായിരുന്നു. ഇയാളുടെ ക്ലാസിനായി ഞങ്ങള്‍ അല്‍പം പേടിയോടെയാണ് കാത്തിരുന്നത്. ആദ്യമായി വന്ന ദിവസം ഗീത, ബൈബിള്‍, ഖുറാന്‍ എന്നതിനെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു. ഖുറാനെയും മുസ്‌ലിം കുട്ടികളെയും അധിക്ഷേപിച്ച് സംസാരിച്ചിട്ട് അയാള്‍ പോയി. അന്ന് എന്താണ് നടന്നത് എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ഇയാള്‍ ഇങ്ങനെയാണെന്ന് വ്യക്തമായി. ഞാനൊരാളെ കൊന്നിട്ടുണ്ട് എന്ന് ഒരിക്കല്‍ ഈ സാര്‍ പറഞ്ഞപ്പോള്‍ തള്ളാണെന്നാണ് കരുതിയത്. പക്ഷെ പിന്നീടുള്ള ദിവസങ്ങളിലെ പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചുകാണുമെന്ന് ഞങ്ങള്‍ക്ക് തോന്നാല്‍ തുടങ്ങി. കാരണം ആ രീതിയില്‍ ഒരു സൈക്കോ ആയിരുന്നു അയാളെന്നും സഹപാഠി റിപ്പോർട്ടറിനോട് പറഞ്ഞു.
നിതിനെ സ്ലം ഡോഗ് എന്നാണ് സാര്‍ വിളിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച അവനെ ഒരുപാട് ഹരാസ് ചെയ്ത് ഇയാള്‍ സംസാരിച്ചത്. അവന്റെ അമ്മയെ വരെ അധിക്ഷേപിച്ചു. തീരെ സഹികെട്ടപ്പോഴാണ് അവന്‍ എന്തോ പറഞ്ഞിട്ട് ഇറങ്ങിപ്പോയത്. ഞാനാണെങ്കില്‍ കരഞ്ഞ് പോയേനെ. പക്ഷെ അവന്‍ ബോള്‍ഡായിരുന്നു. നന്നായി പഠിക്കുന്നയാളായിരുന്നു.കോളേജിലേക്ക് തിരിച്ചുവരാന്‍ തോന്നുന്നില്ലെന്നും ഡ്രോപ് ഔട്ട് ചെയ്താലോ എന്ന് ആലോചിക്കുകയാണെന്നും നിതിന്‍ വീട്ടിലായിരുന്ന സമയത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നും കഷ്ടപ്പെട്ട് പഠിച്ചു നേടിയ സീറ്റ് വിട്ടുകളയരുത് എന്നും ഞാന്‍ പറയുമായിരുന്നുവെന്നും സഹപാഠി പറഞ്ഞു.
Content Highlight : Nithin's sister Nikita said that Nithin would not commit suicide over a loan application and that everyone killed him.