

പത്തനംതിട്ട: പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന വിഷയം സംസാരിക്കുമ്പോഴാണ് സദസില്‍ നിന്നും ഒരാള്‍ ചോദ്യം ചോദിക്കാൻ ശ്രമിച്ചത്. 'ഒരു ചോദ്യം' എന്നായിരുന്നു ഇയാൾ പറഞ്ഞത്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഇയാൾക്ക് മറുപടിയായി 'വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്ന് പറയുകയായിരുന്നു.
'നാടിന്റെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാണ് നമ്മുടെ നാട്ടിലെ റോഡുകളാകെ നല്ല നിലയിലാക്കിയത്. നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ച കാര്യമാണ്, കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. ആ ആവശ്യം നിറവേറ്റുന്നതിന് നമ്മുടെ കയ്യില്‍ വേണ്ടത്ര കാശില്ലെന്നാണ് പ്രശ്‌നം. അത് ഖജനാവിനെ ആശ്രയിച്ചാണിരിക്കുന്നത്', എന്നിങ്ങനെ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം നടന്നത്. മറുപടിക്ക് ശേഷം ചെറുപുഞ്ചിരിയോടെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. കോന്നിയില്‍ സിറ്റിങ് എംഎല്‍എ കെ യു ജനീഷ് കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
Content Highlights: CM Pinarayi Vijayan s respond over a question at Konni went viral