വിവാദ പരാമര്‍ശം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസ്

വോട്ട് തേടുന്നതിന് വേണ്ടി മത സാമുദായിക വികാരങ്ങള്‍ ഉപയോഗിക്കാന്‍ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രത്തന്‍ യു ഖേല്‍ക്കര്‍

വിവാദ പരാമര്‍ശം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസ്
dot image

തൃശൂര്‍: വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവും ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ബി ഗോപാലകൃഷ്ണന് എതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. വോട്ട് തേടുന്നതിന് വേണ്ടി മത സാമുദായിക വികാരങ്ങള്‍ ഉപയോഗിക്കാന്‍ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്.

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഗോപാലകൃഷ്ണന്റെ പരാമര്‍ശം വിവാദമായതോടെ രത്തന്‍ യു ഖേല്‍ക്കര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശത്തിനെതിരെ എല്‍ഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി സി സുമേഷും കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗുരുവായൂരിന് വേണ്ടി ഒന്നും ചെയ്യാത്ത പാര്‍ട്ടിയുടെ പ്രതിനിധിയായ ഗോപാലകൃഷ്ണന്‍ വിദ്വേഷ പ്രസ്താവനയിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുമേഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയാണ് ചെയ്തത്. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുകയാണ് ഗോകുല്‍ ചെയ്തത്.

ഇതിന് ശേഷവും ബി ഗോപാലകൃഷ്ണന്‍ വിവാദ പരാമർശം ആവര്‍ത്തിച്ചു. ഇടതുപക്ഷവും വലതുപക്ഷവും എന്തുകൊണ്ട് ഗുരുവായൂരില്‍ ബിജെപി എംഎല്‍എയെ വെയ്ക്കുന്നില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം. റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കവെയായിരുന്നു ബി ഗോപാലകൃഷ്ണന്‍ വിവാദ പരാമര്‍ശം ആവര്‍ത്തിച്ചത്.

'വിളക്ക് കത്തിക്കുന്നത് ഹറാം ആണെന്ന് പ്രഖ്യാപിക്കുന്ന ഒരു എംഎല്‍എ. ഗുരുവായൂര്‍ അമ്പലം എന്നത് മിത്താണെന്ന് പറയുന്ന മറ്റൊരു എംഎല്‍എ. ഗുരുവായൂര്‍ ക്ഷേത്രവും അതിന്റെ ചൈതന്യവും അതിന്റെ പരിപാവനത്വവും നിറഞ്ഞുനില്‍ക്കുന്ന ഇടത്ത് അതിനോട് വിരുദ്ധ സമീപനമുള്ളവരല്ലേ എംഎല്‍എമാരായി വരുന്നത്? ഇടതുപക്ഷവും വലതുപക്ഷവും എന്തുകൊണ്ടാണ് ഗുരുവായൂരില്‍ ഒരു ഹിന്ദു എംഎല്‍എയെ വെയ്ക്കാത്തത്? ഇത് ഞാന്‍ ആവര്‍ത്തിച്ച് പറയുകയാണ്', ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി ഗോപാലകൃഷ്ണന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. 'അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഉണ്ടായില്ല. കൊടുങ്ങല്ലൂര്‍ അമ്മയുടെ നടയില്‍ നിന്ന് ഗുരുവായൂരപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാന്‍ ഗുരുവായൂരപ്പന്‍ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ല. തൊട്ടു ചേര്‍ന്ന് കിടക്കുന്ന മലപ്പുറം ജില്ലയില്‍ ആവട്ടെ സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതന് ഹിന്ദു വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഇല്ല. എന്താല്ലേ മതേതര കേരളം. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയില്‍ നിന്ന് അമ്പലം കൊള്ളക്കാരെയും വര്‍ഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്. ഈ മണ്ണില്‍ നമ്മള്‍ ജയിക്കും. നമ്മളെ ജയിക്കൂ', എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

Content Highlights: Police take against BJP leader B Gopalakrishnan

dot image
To advertise here,contact us
dot image