

തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്‍ എസ് നുസൂര്‍. ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റായി കെ സി വേണുഗോപാല്‍ മാറിയെന്ന് നുസൂര്‍ ആരോപിച്ചു. ബിജെപി- കോണ്‍ഗ്രസ് ഡീലിനെപ്പറ്റി താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ നിരവധി കോണ്‍ഗ്രസുകാര്‍ വിളിച്ചെന്നും തിരുവനന്തപുരത്ത് ബിജെപി കോണ്‍ഗ്രസ് ഡീല്‍ ഉണ്ടെന്ന് അവര്‍ക്ക് അറിയാമെന്നും നുസൂര്‍ പറഞ്ഞു.
'കൊഴിഞ്ഞു പോകുന്നവരെ ചേര്‍ത്ത് നിര്‍ത്താന്‍ യുഡിഎഫ് ഇന്ന് ടീം ഉണ്ടാക്കി. നേതാക്കളുടെ വീട്ടില്‍ സീറ്റിനുവേണ്ടി കാവലിരുന്ന അരുണ്‍രാജ് ഇന്ന് ചടയമംഗലത്ത് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നു. തിരുവനന്തപുരത്തെ പല വാര്‍ഡുകളിലും യുഡിഎഫ് വോട്ട് ഷെയര്‍ കുറയുന്നു. വോട്ടിങ് പാറ്റേണ്‍ ആകെ മാറി. ആ വോട്ടുകള്‍ ബിജെപിയിലേക്ക് ഷിഫ്റ്റ് ചെയ്തു', നുസൂര്‍ പറഞ്ഞു.
അരുവിക്കരയില്‍ ശിവകുമാറിന് വഴിയൊരുക്കാന്‍ ബിജെപി നേരിട്ട് ഇറങ്ങിയെന്നും നേമത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുകയാണ് പുതിയ ഡീലെന്നും അദ്ദേഹം ആരോപിച്ചു. വാമനപുരത്ത് ഉള്‍പ്പെടെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കോണ്‍ഗ്രസിന് മറുപടി ഇല്ലെന്നും റിയാസ് മുക്കോളി വിജയിക്കുന്ന സ്ഥാനാര്‍ത്ഥി ആയിരുന്നുവെന്നും പകരം അവിടെ പേയ്മെന്റ് സീറ്റ് കൊടുത്തെന്നും നുസൂര്‍ പറയുന്നു.
'മലബാര്‍ മേഖലയില്‍ വിജയിക്കാന്‍ കഴിയുന്ന ന്യൂനപക്ഷ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് ഇല്ല. മലബാര്‍ മേഖലയില്‍ മുസ്‌ലിം വിജയിക്കില്ലെന്ന് ആഗ്രഹിക്കുന്ന ആരോ കോണ്‍ഗ്രസില്‍ ഉണ്ട്. മുത്തങ്ങയിലെ സമര നായികയെ സീറ്റ് നല്‍കാം എന്ന് പറഞ്ഞ് അവഹേളിച്ചു. പാലക്കാട് ശക്തയായ സ്ഥാനാര്‍ത്ഥിയാണ് ബിജെപിയുടെ ശോഭാ സുരേന്ദ്രന്‍. അവിടെയാണ് യുഡിഎഫ് രമേഷ് പിഷാരടിയെ നിര്‍ത്തിയത്. പാലക്കാട് ബിജെപിക്ക് ജയ സാധ്യത ഉയര്‍ന്നു. പാലക്കാട് ബിജെപിക്ക് വിജയിക്കാന്‍ ഡീലുണ്ട്. പാലക്കാട് ഇപ്പോള്‍ ബിജെപി വിജയിച്ചാല്‍ മാത്രമേ ഒരു എംപിക്ക് തിരിച്ച് വരാന്‍ സാധിക്കൂ', എന്നിങ്ങനെ ഷാഫി പറമ്പിലിനെ ഉന്നം വെച്ചും നുസൂര്‍ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടത്. ഇത്രയേറെ ജീര്‍ണ്ണിച്ച രീതിയില്‍ കോണ്‍ഗ്രസില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ലെന്ന് പറഞ്ഞായിരുന്നു നുസൂര്‍ പാര്‍ട്ടി വിട്ടത്. ഗതികെട്ട കാലഘട്ടം ഇതുപോലെ കോണ്‍ഗ്രസിന് ഉണ്ടായിട്ടില്ലെന്നും വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും എന്‍ എസ് നുസൂര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനം വിളിച്ചാണ് താന്‍ പാര്‍ട്ടി വിടുകയാണെന്ന് നുസൂര്‍ പ്രഖ്യാപിച്ചത്.
Content Highlights: NS Nusoor against K C Venugopal and Shafi Parambil on BJP deal