'വർഗ വഞ്ചനയ്ക്ക് മാപ്പില്ല'; ജി സുധാകരനെതിരെ ജന്മനാട്ടില്‍ സിപിഐഎം പ്രകടനം

ചാരുമൂട്ടില്‍ നിന്നും കരിമുളയ്ക്കല്‍ ഭുവനേശ്വരന്‍ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്

'വർഗ വഞ്ചനയ്ക്ക് മാപ്പില്ല'; ജി സുധാകരനെതിരെ ജന്മനാട്ടില്‍ സിപിഐഎം പ്രകടനം
dot image

ആലപ്പുഴ: ജി സുധാകരനെതിരെ ജന്മനാട്ടില്‍ സിപിഐഎം പ്രകടനം. ചാരുമൂട്ടില്‍ നിന്നും കരിമുളയ്ക്കല്‍ ഭുവനേശ്വരന്‍ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവന്‍, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ഇന്ന് ഉച്ഛയോടെയാണ് താൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ താൻ ഒന്നും പറയില്ലെന്നും ആരെയും വ്യക്തിഹത്യ ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞുവെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ പറഞ്ഞു. ' പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ ചതിക്കുകയില്ല. പാര്‍ട്ടിയില്‍ നിന്ന് മാറികൊടുത്തു. ഞാന്‍ കാരണം പാര്‍ട്ടിക്ക് ഇനി തലവേദനയാകില്ല.  അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞതിന് എനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജില്‍ ഞാൻ കാര്യങ്ങള്‍ വിശദീകരിച്ചു. അത് വായിച്ചുനോക്കിയില്ല. കരീമിന്റെ റിപ്പോര്‍ട്ടില്‍ എന്റെ  വാദങ്ങള്‍ ചേര്‍ത്തില്ല. സംസ്ഥാന കമ്മിറ്റിയില്‍ ആലപ്പുഴ ജില്ലയിലെ അംഗങ്ങള്‍ ഒഴികെ ആരും എന്നെ പിന്തുണച്ചില്ല. മറ്റുള്ളവര്‍ നിശബ്ദരായിരുന്നു. അവര്‍ക്ക് കാര്യങ്ങള്‍ അറിയാം. വിമര്‍ശനങ്ങള്‍ക്ക് കീഴടങ്ങില്ല. പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും': ജി സുധാകരൻ പറഞ്ഞു.

എംഎല്‍എയും മന്ത്രിയുമായി, ഇനി എന്താ അയാള്‍ക്ക് വേണ്ടതെന്നാണ് ചിലര്‍ ചോദിക്കുന്നതെന്നും അത് മാര്‍ക്‌സിസ്റ്റ് രീതിയല്ലെന്നും ജി സുധാകരൻ പറഞ്ഞു. മരിക്കുന്നതുവരെ ലെനിന്‍ റഷ്യയിലെ ഭരണാധികാരിയായിരുന്നുവെന്നും മാവോയും കാസ്‌ട്രോയും അധികാരത്തിലിരുന്നു. അവരോട് താഴെയിറങ്ങാന്‍ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

Content Highlights: 'There is no forgiveness for betrayal'; CPM protests against G Sudhakaran in his hometown

dot image
To advertise here,contact us
dot image