

കൊച്ചി: കേരളത്തിലെ സിപിഐഎം ബംഗാളിലെക്കാൾ മോശം അവസ്ഥയിലാകുമെന്നും ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് നിലവിൽ പാർട്ടിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ നൽകുന്നത് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തമരായ കമ്മ്യൂണിസ്റ്റുകളുള്ള കേരളത്തിൽ, അവരെല്ലാം പാർട്ടിയിൽ നിന്നും അകലുകയാണെന്നും തീവ്രവലുതു പക്ഷത്തോട് വിട്ടുവീഴ്ച ചെയ്താണ് സിപിഐഎമ്മിന്റെ പ്രവർത്തനമെന്നും അദ്ദേഹം വിമർശിച്ചു.
വിസ്മയം എന്ന് പറഞ്ഞപ്പോൾ പലരും ചിരിച്ചല്ലോ ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുയുഗ യാത്രയിൽ ഇക്കാര്യം കണ്ടതാണ്. പല സ്ഥലത്തും അറിയപ്പെടുന്ന പ്രാദേശിക നേതാക്കൾ സിപിഐഎം വിട്ടു കോൺഗ്രസിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബില്ലുകൾ പാസാകുന്നില്ല. മാത്രമല്ല ധനകാര്യ വകുപ്പിൽ സാമ്പത്തിക നിയന്ത്രണവുമുണ്ട്. എന്നാൽ ജനങ്ങളുടെ നികുതി പണം കൊണ്ട് കോടി കണക്കിന് രൂപ പിആർ നടത്തുന്നു. ഈ നിയന്ത്രണങ്ങളൊന്നും പിആറിനെ ബാധിക്കുന്നില്ല.
ഉമ്മൻ ചാണ്ടി സർക്കാർ അഞ്ച് വർഷം കൊണ്ട് നാലു ലക്ഷത്തിലധികം വീടുകൾ നിർമിച്ചുനൽകിയപ്പോൾ പത്തു വർഷം കൊണ്ട് ലൈഫ് വഴി അഞ്ചു ലക്ഷം വീടുകൾ നിർമിച്ചു നൽകിയെന്നാണ് പ്രചരണം. മാത്രമല്ല പവർകട്ട് വിഎസിന്റെ കാലം മുതലേയുണ്ട്. അത് ഒഴിവായത് വൈദ്യുതി ഇടനാഴി കൊണ്ടാണ്. വൈദ്യുതി ബോർഡിന്റെ കടം സർക്കാർ ഏറ്റെടുക്കുകയാണ് ഉണ്ടായത്. അല്ലാതെ വൈദ്യുതി ബോർഡ് ലാഭത്തിൽ എന്നത് തെറ്റായ പ്രചരണമാണെന്നും സതീശൻ പറഞ്ഞു.
അതേസമയം അമ്പലപ്പുഴയിൽ ജി സുധാകരന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി വേണോയെന്നതിൽ ആലോചന നടക്കുമെന്നും പറഞ്ഞ അദ്ദേഹം ജി സുധാകരന് പിന്തുണ നൽകുമോ എന്നത് കൂട്ടായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പറഞ്ഞു.
Content Highlights: Leader of Opposition V. D. Satheesan says the situation of Communist Party of India (Marxist) in Kerala has become worse than what the party faced in West Bengal