ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മൊണാലിസയ്ക്ക് മാംഗല്യം

മഹാരാഷ്ട്ര സ്വദേശിയും നടനുമായ ഫര്‍മാന്‍ ഖാനാണ് വരന്‍

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മൊണാലിസയ്ക്ക് മാംഗല്യം
dot image

തിരുവനന്തപുരം: കുംഭ മേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാംഗല്യം. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശിയും നടനുമായ ഫര്‍മാന്‍ ഖാനാണ് വരന്‍. ഗുരുദേവ പ്രതിഷ്ഠക്ക് മുമ്പില്‍ നടന്ന ചടങ്ങിൽ കണ്ണൻ പോറ്റിയാണ് കാർമികത്വം വഹിച്ചത്.

വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തു. കേരളം മാനവസൗഹൃദത്തിന്റെ ഇടമാണെന്നും ഏത് മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ടെന്നും എ എ റഹിം മാധ്യമങ്ങളോട് പറഞ്ഞു. 'കേരളം മാനവസൗഹൃദത്തിന്റെ ഇടമാണ്. ഏത് മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ട്. ഭരണഘടന നല്‍കുന്ന അവകാശമാണത്. എന്നാലത് പലയിടത്തും സാധ്യമാകുന്നില്ല. അത് നിര്‍ഭയം സാധ്യമാകുന്ന ഏക ഇന്ത്യന്‍ സംസ്ഥാനത്തിന്റെ പേരാണ് കേരളം. വിവാഹം സ്വര്‍ഗത്തിലാണ്. അതെ, ആ സ്വര്‍ഗത്തിന്റെ പേരാണ് കേരളം', അദ്ദേഹം പറഞ്ഞു.

മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെത്തന്നെ നായകനായ യുവാവുമായി ഇവര്‍ പ്രണയത്തിലുമായിരുന്നു. വീട്ടുകാര്‍ ഇത് എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്‌ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.

എന്നാല്‍ പതിനെട്ട് വയസ് പൂര്‍ത്തിയായതിനാല്‍ യുവതിക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. മഹാകുംഭമേളയ്ക്കിടെ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയയായ മൊണാലിസ ഭോസ്‌ലെ അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ക്കും മറ്റുമായി മൊണാലിസ ഭോസ്ലെ നേരത്തെയും കേരളത്തില്‍ എത്തിയിരുന്നു.

Content Highlights: social media viral girl monalisa bhosle married in kerala

dot image
To advertise here,contact us
dot image