

കൊച്ചി: കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സർവേയാണ് റിപ്പോർട്ടർ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവർണ്ണാവസരമാണ് റിപ്പോർട്ടർ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സർവേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സർവ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സർവേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.
സർവേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.