

പാലക്കാട്: ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ വിട്ടുനില്‍ക്കും. രാവിലെ 10.30ന് മേഴ്‌സി കോളേജ് പരിസരത്ത് ചുവരെഴുതിയാണ് ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടികള്‍ ഇന്ന് ആരംഭിക്കുന്നത്. പരിപാടിക്കെത്താനാവില്ലെന്ന് പ്രശാന്ത് ശിവന്‍ അറിയിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്‍ പ്രചാരണത്തിന്റെ ഭാഗമായി പാലക്കാടേക്ക് എത്തിയപ്പോള്‍ അറിയിക്കാത്തതിലെ നീരസമാണ് പ്രശാന്ത് ശിവന്‍ പങ്കെടുക്കാത്തതിന് പിന്നിലെന്നാണ് വിവരം. പാലക്കാട്ടെ സാധ്യാതാ പട്ടികയില്‍ അവസാനഘട്ടത്തില്‍ ശോഭാ സുരേന്ദ്രനും പ്രശാന്ത് ശിവനും ഉണ്ടായിരുന്നു. എന്നാല്‍ ശോഭാസുരേന്ദ്രനെ പരിഗണിച്ചതോടെ പ്രശാന്തിനെ നെന്മാറയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ബിഡിജെഎസ് നെന്മാറ സീറ്റ് വിട്ടു നല്‍കാത്തതിനാല്‍ പ്രശാന്ത് മത്സര രംഗത്തുണ്ടായേക്കില്ല.
2016ല്‍ ശോഭാ സുരേന്ദ്രന്‍ പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് എതിരാളിയായിരുന്ന ഷാഫി പറമ്പില്‍ 17,483 വോട്ടിനാണ് വിജയിച്ചത്. ഷാഫി പറമ്പിലിന് 57,559 വോട്ടും ശോഭാ സുരേന്ദ്രന് 40076 വോട്ടും ലഭിച്ചു. 2021ല്‍ ഇ ശ്രീധരനിലൂടെ ബിജെപി രണ്ടാം സ്ഥാനം നിലനിര്‍ത്തി. അന്ന് ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 3,859 ആയി കുറഞ്ഞിരുന്നു. ഷാഫി പറമ്പിലിന് 54079 വോട്ടും ഇ ശ്രീധരന് 50220 വോട്ടും ലഭിച്ചിരുന്നു.
Content Highlights: Prasanth Sivan will not participate in Shobha Surendran's campaign events today