

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്താനിലെ കറാച്ചിയില്‍ കുടുങ്ങിയ മലയാളി കുടുംബത്തെ നാട്ടിലെത്തിക്കാൻ ഇടപെട്ടത് ലോക കേരളസഭ അംഗമെന്ന് ജോൺ ബ്രിട്ടാസ് എംപി. ലോക കേരളസഭയെ അവഗണിക്കുകയും ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന പ്രതിപക്ഷം ഇത് കാണണണെന്നും ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഇടത് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി എന്നതുകൊണ്ട് മാത്രം ലോക കേരളസഭയെ പ്രതിപക്ഷം നിരന്തരം ബഹിഷ്‌കരിക്കുകയാണ്. എന്നാൽ, ഈ ബഹിഷ്കരണ നാടകങ്ങൾക്കിടയിലും ലോക കേരളസഭ പ്രവാസികൾക്ക് എന്നും താങ്ങും തണലുമാകുന്നു എന്നതാണ് യാഥാർത്ഥ്യമെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതിനാൽ പാകിസ്താനിലെ കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ചതാണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം. അസർബൈജാനിലെ ബാകുവിൽ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്ത കുടുംബമാണ് കറാച്ചിയിൽ കുടുങ്ങിയത്. ലോക കേരളസഭ അംഗമായ മണിക്കുട്ടൻ എടക്കാട്ടുവഴിയുടെ ഇടപെടലിലൂടെ ഇവർ നോർക്ക റൂട്സുമായി ബന്ധപ്പെടുകയും തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ആദ്യം കൊളംബോയിലേക്കും പിന്നീട് ഇന്ത്യയിലേക്കും എത്തിക്കുകയായിരുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ എല്ലാ ജനക്ഷേമ പദ്ധതികളെയും രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്ന പ്രതിപക്ഷം ഇനിയെങ്കിലും ഇത്തരം ക്രിയാത്മകമായ പ്രവർത്തനങ്ങളെ തിരിച്ചറിയണമെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
Content Highlight; John Brittas MP praises Loka Kerala Sabha's intervention in bringing back a Malayali family stranded in Karachi, Pakistan, following the Middle East conflict