ആലപ്പുഴ എസ്ഡി കോളജില്‍ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

രാജ്യാന്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങള്‍ ഒരുക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പദ്ധതി

ആലപ്പുഴ എസ്ഡി കോളജില്‍ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ
dot image

ആലപ്പുഴ സനാതന ധര്‍മ്മ (എസ്.ഡി) കോളേജില്‍ 50 കോടി രൂപ മുതല്‍മുടക്കില്‍ രാജ്യാന്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങള്‍ ഒരുക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍. ഇതിന്റെ ഭാഗമായി കെ.സി.എയും സനാതന ധര്‍മ്മ വിദ്യാശാലയും തമ്മില്‍ 33 വര്‍ഷത്തേക്കുള്ള ലീവ് ആന്‍ഡ് ലൈസന്‍സ് കരാര്‍ ഒപ്പുവെച്ചു. ആലപ്പുഴ രംഗമണി ആന്‍ഡ് കമ്പനി ഓഫീസ് കോംപ്ലക്‌സില്‍ കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാറും എസ്.ഡി. വിദ്യാശാല പ്രസിഡന്റ് ആര്‍. കൃഷ്ണനും ധാരണാപത്രം കൈമാറി. 2009-ല്‍ ഇരു സ്ഥാപനങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മൈതാനം നിര്‍മ്മിച്ചത്. 15 വര്‍ഷത്തെ കാലാവധി 2024-ല്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് കായികരംഗത്തെ മികച്ച സഹകരണം തുടരുന്നതിനായി വിദ്യാശാല മാനേജ്മെന്റ് 33 വര്‍ഷത്തേക്കുകൂടി ഗ്രൗണ്ട് കെ.സി.എയ്ക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.

പഴയ കാന്റീന്‍ പ്രദേശം ഉള്‍പ്പെടെ 11 ഏക്കര്‍ സ്ഥലത്താണ് പുതിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 13 കോടി രൂപ ചെലവഴിച്ച് അത്യാധുനിക ഫ്‌ലഡ്ലൈറ്റ് സംവിധാനം ഇതിനോടകം സജ്ജമാക്കിയ മൈതാനത്ത്, കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും വേണ്ടിയുള്ള ആധുനിക പവലിയനുകള്‍, ബ്രോഡ്കാസ്റ്റിംഗ് സൗകര്യങ്ങള്‍, ഇന്‍ഡോര്‍ പ്രാക്ടീസ് സെന്റര്‍, ജിംനേഷ്യം, 15 ഔട്ട്ഡോര്‍ പ്രാക്ടീസ് നെറ്റുകള്‍, ഓഫീസ് കെട്ടിടം, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവ നിര്‍മ്മിക്കും. ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ എസ്.ഡി. കോളജിന് വേണ്ടി ട്രാക്ക്, മിനി ക്രിക്കറ്റ് ഗ്രൗണ്ട്, ഫുട്‌സല്‍ കോര്‍ട്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, ആധുനിക കാന്റീന്‍ കെട്ടിടം എന്നിവയും കെ.സി.എ നിര്‍മ്മിച്ചു നല്‍കും. കരാര്‍ പ്രകാരം ഈ സൗകര്യങ്ങള്‍ ക്രിക്കറ്റ് അസോസിയേഷനും ഉപയോഗിക്കാന്‍ സാധിക്കും. ഇവയുടെ പരിപാലനവും സെക്യൂരിറ്റി, സി.സി.ടി.വി ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും കെ.സി.എ തന്നെ വഹിക്കും.

ആദ്യ കരാറിന്റെ അടിസ്ഥാനത്തില്‍ മൈതാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയ കെ.സി.എ 13 കോടി രൂപ ചെലവഴിച്ച് അത്യാധുനിക ഫ്‌ലഡ്ലൈറ്റ് സംവിധാനവും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. 33 വര്‍ഷത്തെ ദീര്‍ഘകാല കരാര്‍ കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്നും പദ്ധതി പൂര്‍ത്തിയാകുന്നതോടെ എസ്.ഡി. കോളേജ് മൈതാനം സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക കേന്ദ്രമായി മാറുമെന്നും കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. പുതിയ ഇന്‍ഡോര്‍, പവലിയന്‍ സൗകര്യങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി സംസ്ഥാനത്തെ യുവതാരങ്ങള്‍ക്കായി മികച്ച പരിശീലന കളരി ഒരുക്കുകയാണ് ലക്ഷ്യമെന്ന് സെക്രട്ടറി വിനോദ് എസ്. കുമാര്‍ വ്യക്തമാക്കി. ചടങ്ങില്‍ എസ്.ഡി. കോളേജ് മാനേജര്‍ പി. കൃഷ്ണകുമാര്‍, എസ്.ഡി.വി. സെക്രട്ടറി എന്‍. നീലകണ്ഠന്‍, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് യു. മനോജ്, സെക്രട്ടറി പി.ജെ. നവാസ് എന്നിവര്‍ പങ്കെടുത്തു.

content highlights: KCA Announces ₹50 Crore Sports Development Project at Alappuzha SD College

dot image
To advertise here,contact us
dot image