മുള്ളന്‍ പന്നിയെ അടിച്ചുകൊന്നതിൽ വെള്ളനാട് ശശിക്കെതിരെ കേസ്, അറസ്റ്റിന് നീക്കം; ശശി ഒളിവിലെന്ന് സൂചന

വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലെത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല

മുള്ളന്‍ പന്നിയെ അടിച്ചുകൊന്നതിൽ വെള്ളനാട് ശശിക്കെതിരെ കേസ്, അറസ്റ്റിന് നീക്കം; ശശി ഒളിവിലെന്ന് സൂചന
dot image

തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തു. പരുത്തിപ്പള്ളി വനം വകുപ്പാണ് കേസെടുത്തത്. കേസിന്റെ അടിസ്ഥാനത്തിൽ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്തിൽ എത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ശശി ഒളിവിലാണെന്നാണ് വിവരം. ഇന്ന് അതിഥിയായി എത്തേണ്ടിയിരുന്ന പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടില്ല. ശശിയെ അറസ്റ്റ് ചെയ്യാൻ വനം വകുപ്പ് നീക്കം ശക്തമാക്കി.

വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഇതേസമയം പ്രദേശത്തെത്തിയ വെള്ളനാട് ശശി വനംവകുപ്പിനെ വെല്ലുവിളിച്ച് മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു. എന്നാൽ മുള്ളൻപന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിതാണെന്നുമായിരുന്നു വെള്ളനാട് ശശി റിപ്പോർട്ടറിനോട് പറഞ്ഞത്.

വണ്ടി കയറി ചത്തുകിടന്ന മുള്ളൻപന്നിയാണത്. അതിന് ജീവനുണ്ടോ എന്ന് നോക്കിയതാണ്. പ്രദേശത്ത് മുഴുവൻ മുള്ളൻപന്നികളുടെ വലിയ ശല്യമുണ്ടെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. ഒരു വീടിനകത്ത് കയറിയ പന്നി ആരെയെങ്കിലും ആക്രമിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളൻ പന്നി. ഏഴ് വർഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പരുത്തിപ്പള്ളി വനം വകുപ്പ് ആർ ആർ ടി റോഷ്‌നിയുടെ നേതൃത്വത്തിൽ ചത്ത മുള്ളൻ പന്നിയെ വനംവകുപ്പ് വാഹനത്തിലേക്ക് മാറ്റിയിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ ഉടൻ ആരംഭിക്കും.

Content Highlights:‌ case against Vellanad Panchayat president Vellanad Sasi for he killed porcupine

dot image
To advertise here,contact us
dot image