

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് കണ്ണൂരിൽവെച്ച് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നും കെഎസ്‌യു പ്രവർത്തകരിൽനിന്ന് എന്തെങ്കിലും തെറ്റുണ്ടായെങ്കിൽ നടപടി എടുക്കുമെന്നും സതീശൻ പറഞ്ഞു
വിഷയത്തിൽ പ്രാഥമിക അന്വേഷണവും വാർത്താമാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളും പരിശോധിച്ചു. കെഎസ്‌യുക്കാർ പ്രതിഷേധം നടത്തി എന്നത് ശരിയാണ്. പക്ഷെ മന്ത്രിയുടെ അടുത്ത് പോലും അവർ എത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു. മൂന്നോ നാലോ കെഎസ്‌യുക്കാരാണ് പ്രതിഷേധിക്കാൻ ഉണ്ടായിരുന്നത്. മുപ്പത്തഞ്ചോളം പൊലീസുകാരുണ്ടായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ മന്ത്രി ആക്രോശിക്കുന്ന ദൃശ്യം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. വിഷയം തീർച്ചയായും പരിശോധിക്കും. കെഎസ്‌യുക്കാരിൽനിന്ന് എന്തെങ്കിലും തെറ്റുണ്ടായെങ്കിൽ നടപടി എടുക്കുമെന്നും സതീശൻ പറഞ്ഞു.
പ്രതിഷേധം സ്വാഭാവികമാണ്, ഇനിയും പ്രതിഷേധിക്കും എന്നാൽ ആക്രമിക്കുക എന്നത് നടക്കാൻ പാടില്ലാത്ത കാര്യമാണ്. അത് നടന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വാർത്താമാധ്യമങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നു. മന്ത്രിയുടെ അടുത്ത് ആരും എത്തുന്ന ദൃശ്യം ഇതുവരെ കിട്ടിയിട്ടില്ല. എന്നാൽ വിഷയം ആഘോഷിക്കണമെന്നുള്ളവർ ആഷോഘിക്കട്ടെ. ഏതായാലും സംഭവം ഇനിയും അന്വേഷിക്കും. അതിനായി കൂടുതൽ വിവരം ലഭിക്കുന്നവർക്ക് നൽകാവുന്നതാണ്. ആരെങ്കിലും മന്ത്രിയുടെ അടുത്തെത്തി അവരെ ആക്രമിച്ചിട്ടുണ്ടെങ്കിൽ അതിനെ ശക്തമായി അപലപിക്കും. എന്നാൽ നിലവിൽ അത്തരത്തിലൊന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. രണ്ടാമത് അന്വേഷണത്തിൽ കണ്ടെത്തിയാൽ തീർച്ചയായും നടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.
കേരളത്തിൽ എന്ത് സംഭവിച്ചാലും എല്ലാ മന്ത്രിമാരും അതിന് പിന്നിൽ താനാണെന്ന് പറയും. കാരണം തനിക്കായി സോഷ്യൽ മീഡിയയിൽ ജോലി ചെയ്യുന്നവരും പി ആർ ചെയ്യുന്നത് അവരാണെന്നും സതീശൻ പറഞ്ഞു. മന്ത്രിക്കെതിരായ കരിങ്കോടി പ്രകടനം തുടരുമെന്നും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇവിടെ കരിങ്കൊടി പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
Content Highlights: V D Satheesan responded to the injury of Health Minister Veena George during a KSU protest in Kannur