

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ചോദ്യമുനയില്‍. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഒരേ സമയം രണ്ടിടങ്ങളിലായി ഉണ്ണികൃഷ്ണന്‍ പോറ്റിയേയും അടൂര്‍ പ്രകാശിനെയും എസ്‌ഐടി ചോദ്യം ചെയ്യുകയാണ്. അടൂര്‍ പ്രകാശിന്റെ മൊഴിയില്‍ വ്യക്തത വരുത്താനാണ് പോറ്റിയെ ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം. ഇന്ന് രാവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ ഫെബ്രുവരി അഞ്ചിന് പോറ്റി ജയില്‍ മോചിതനായിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശുമായുള്ള ബന്ധത്തിൽ വ്യക്തത തേടി പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യുന്നത്.
ഇന്ന് രാവിലെ പത്തരയോടെയാണ് അടൂര്‍ പ്രകാശ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. നേരത്തേ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണന്‍ പോറ്റി സന്ദര്‍ശിച്ച വേളയില്‍ പകര്‍ത്തിയ സമയത്ത് അടൂര്‍ പ്രകാശും അവിടെയുണ്ടായിരുന്നു. ഈ ചിത്രമാണ് വലിയ വിവാദമായത്. ഇതിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ അടൂര്‍ പ്രകാശ് പങ്കെടുത്ത ചിത്രവും പുറത്തുവന്നു. റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു ഈ ചിത്രം പുറത്തുവിട്ടത്. ഇതിന് ശേഷവും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുന്നുകൊണ്ടിരുന്നു. അടൂര്‍ പ്രകാശിനെ കാണാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമായിരുന്നു അതില്‍ ഒന്ന്. ഈ കൂടിക്കാഴ്ചയില്‍ പോറ്റിയുടെ സുഹൃത്തും സ്‌പോണ്‍സറുമായ രമേശ് റാവുവും ഉണ്ടായിരുന്നു. അടൂര്‍ പ്രകാശിന് ഇവര്‍ ഒരു സമ്മാനം നല്‍കിയിരുന്നു. ഇതില്‍ ഈന്തപ്പഴമായിരുന്നുവെന്നായിരുന്നു അടൂര്‍ പ്രകാശ് പിന്നീട് പ്രതികരിച്ചത്.
Content Highlight; Unnikrishnan Potty, the prime accused in the Sabarimala gold theft case, is under questioning again. The SIT is questioning Unnikrishnan Potty and Adoor Prakash at two places at the same time.