

പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെൻ്ററിലെ ബലാത്സംഗക്കേസിൽ പ്രതികരണവുമായി അതിജീവിത. പ്രധാനപ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ക്രൂരമായി ബലാത്സംഗം ചെയ്തതായി അതിജീവിത റിപ്പോർട്ടറിനോട്.10 പേരടങ്ങുന്ന സംഘമാണ് സ്പായിൽ എത്തിയത്. നാലുപേർ പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും വടിവാൾ എടുക്കാൻ പോകുന്നു എന്ന് പറഞ്ഞുവെന്നും അതിജീവിത വ്യക്തമാക്കി. ക്വട്ടേഷൻ ആണെന്ന് ഗുണ്ടാ സംഘം പറഞ്ഞിരുന്നുവെന്നും സുബിൻ എന്തോ ലഹരി ഉപയോഗിച്ചിരുന്നുവെന്നും അതിജീവിത പറഞ്ഞു. റിപ്പോർട്ടറോടായിരുന്നു അതിജീവിതയുടെ പ്രതികരണം.
മുറി അകത്ത് നിന്നും സുബിൻ പൂട്ടി. 35 മിനിറ്റ് അടച്ചിട്ട മുറിയിൽ തന്നെ ക്രൂര പീഡനത്തിരയാക്കിയെന്നും അതിജീവിത പറഞ്ഞു. തൻ്റെ വീഡിയോ മരണ സുബിൻ ചിത്രീകരിച്ചു. കത്തി കൊണ്ട് കഴുത്തിൽ വരഞ്ഞു. പെങ്ങളായി കാണണമെന്ന് പറഞ്ഞപ്പോൾ മുഖത്തടിച്ചു. ദേഹത്ത് മുഴുവൻ സുബിൻ മർദിച്ചുവെന്നും അതിജീവിത പറഞ്ഞു. ഉടമയോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടാൻ പറഞ്ഞുവെന്നും അതിജീവിത കൂട്ടിച്ചേർത്തു.
സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചുവെന്നും അതിജീവിത പറഞ്ഞു. ഈ വീഡിയോ ഉടമക്ക് അയച്ച് പണം തട്ടാനാണ് ഗുണ്ടാ സംഘം ശ്രമിച്ചത്.
ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചുവെന്നും
ഉടമ തനിക്ക് ധൈര്യം നൽകുകയായിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി. മുഴുവൻ പ്രതികളെയും പിടികൂടണമെന്നും അതിജീവിത പറഞ്ഞു.
അതിനിടെ സംഭവത്തിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ രംഗത്തെത്തി. ബലാത്സംഗം ക്വട്ടേഷന്‍ ആണെന്നും ക്വട്ടേഷന്‍ നല്‍കിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും ഉടമ റിപ്പോർട്ടറിനോട് പറഞ്ഞു. തന്റെ ബിസിനസ് തകര്‍ക്കാന്‍ ശ്രമം നടത്തിയതാണെന്നും ഉടമ പറഞ്ഞു. ഇവരെ ആദ്യമായിട്ടാണ് കാണുന്നതെന്നും നടന്നത് ഗുണ്ടാ പിരിവ് അല്ലെന്നും ഗുണ്ടാ പിരിവ് ആണെങ്കിൽ ഇവർ നേരിട്ട് സംസാരിക്കുമായിരുന്നുവെന്നും ഉടമ വ്യക്തമാക്കി. കേസിലെ മുഴുവൻ പ്രതികളെ പിടികൂടിയിട്ടില്ലയെന്നും ഉടമ പറഞ്ഞു. സംഭവത്തിൽ തൻ്റെ മൊഴി എടുത്തില്ലെന്നും ഉടമ വ്യക്തമാക്കി. പൊലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ കുട്ടുകെട്ടാണെന്നും ഉടമ പറഞ്ഞു. സംഭവത്തിൽ ഇതുവരെ രണ്ട് പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളുവെന്നും ബാക്കി പ്രതികളെ വേഗം അറസ്റ്റ് ചെയ്യണമെന്നും ഉടമ പറഞ്ഞു.
ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. സ്പായിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കൾ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദമായി പെരുമാറുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിനെതിരെയാണ് യുവതി പരാതി നൽകിയത്. ആറംഗ സംഘമാണ് സ്പായിൽ അതിക്രമിച്ച് കയറിയത്. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിവാണ് ഇവർ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ പരാതി നൽകാൻ യുവതികൾ തയ്യാറായിരുന്നില്ല. പിന്നീട് പൊലീസ് ധൈര്യം നൽകിയതിന് പിന്നാലെ ഒരു യുവതി കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയത്. തുടർന്ന് സുബിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlight : Thiruvalla Spa Case; Survivor Reveals More Details.Survivor's revelation against main accused Subin