'എല്‍ഡിഎഫ് തീവ്രവലതുപക്ഷം; യഥാര്‍ത്ഥ ഇടതുപക്ഷം യുഡിഎഫ്, നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തും'

'നല്ല കമ്മ്യൂണിസ്റ്റുകാരെ കാണുമ്പോള്‍ ചിരിച്ചോളാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ പറഞ്ഞു. അവര്‍ നമുക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്'

'എല്‍ഡിഎഫ് തീവ്രവലതുപക്ഷം; യഥാര്‍ത്ഥ ഇടതുപക്ഷം യുഡിഎഫ്, നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തും'
dot image

കുമ്പള: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ടീം യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് വെറും പ്രതിപക്ഷമല്ല, ടീം യുഡിഎഫ് ആണ്. എവിടെയെല്ലാം ഈ സര്‍ക്കാര്‍ പരാജയപ്പെട്ടോ അവിടെയെല്ലാം ടീം യുഡിഎഫ് എന്ത് ചെയ്യുമെന്ന് ജനങ്ങളോട് പറയുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

വരാനിരിക്കുന്ന തലമുറയെ കേരളത്തില്‍ പിടിച്ചുനിര്‍ത്താനുള്ള സ്വപ്‌നപദ്ധതി കേരളത്തില്‍ വരും. പ്രതിപക്ഷം സെറ്റ് ചെയ്യുന്ന അജണ്ടയാണ് കേരളം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുക. വെന്റിലേറ്ററിലായ ആരോഗ്യമേഖലയെ യുഡിഎഫ് വരുമ്പോള്‍ കൈപിടിച്ചുയര്‍ത്തും. എല്ലാ മേഖലയും മാറും. ലോകം മാറുമ്പോള്‍ കേരളവും മാറുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കാസര്‍കോട് കുമ്പളയില്‍ 'പുതുയുഗ യാത്ര'യില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍

നല്ല കമ്മ്യൂണിസ്റ്റുകാരെ കാണുമ്പോള്‍ ചിരിച്ചോളാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ പറഞ്ഞു. അവര്‍ നമുക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്. നല്ല ഇടതുപക്ഷ സഹയാത്രികരെ കാണുമ്പോള്‍ ചേര്‍ത്തുപിടിച്ചോളൂ. ഈ സര്‍ക്കാരിനെ അധികാരത്തിന്റെ ഗോപുരത്തില്‍ നിന്നും ഇറക്കാന്‍ നമ്മളേക്കാള്‍ ആഗ്രഹിക്കുകയാണ് അവര്‍. യുഡിഎഫ് ആണ് യഥാര്‍ത്ഥ ഇടതുപക്ഷം. എല്‍ഡിഎഫ് തീവ്രവലതുപക്ഷമാണ്. മാറ്റങ്ങളുടെ കൂടെ നില്‍ക്കുന്ന നെഹ്‌റൂവിയന്‍ ലെഫ്റ്റ് ആണ് നമ്മള്‍. വര്‍ഗീയതയെ കേരളത്തിന്റെ മണ്ണില്‍ കുഴിച്ചുമൂടണം. തീപ്പൊരി വീണാല്‍ ആളി കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തീപ്പന്തം എറിഞ്ഞ് കൊടുക്കുകയാണ് സിപിഐഎം. തിരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയത പറഞ്ഞാലും അതിനെ യുഡിഎഫ് ചോദ്യം ചെയ്യും. സംഘപരിവാറിന്റെ അതേപണിയാണ് സിപിഐഎം ചെയ്യുന്നതെന്നും വി ഡി സതീശന്‍ കടന്നാക്രമിച്ചു.

രാഷ്ട്രീയ ജാഥകളില്‍ നിന്നും വ്യത്യസ്തമായി ഭാവി കേരളം എങ്ങനെയായിരിക്കണമെന്നത് പുതുയുഗ യാത്ര ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യുഡിഎഫിന് ബദല്‍ പദ്ധതികളുണ്ടെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. പൗരപ്രമുഖരുമായല്ല, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുമായാണ് തങ്ങള്‍ കൂടിക്കാഴ്ച നടത്തുന്നത്. കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയ യുഗപിറവിക്ക് പുതുയുഗ യാത്ര തുടക്കം കുറിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: LDF is the extreme right wing, UDF is the real left said V D Satheesan

dot image
To advertise here,contact us
dot image